UPDATES

‘ചാരവനിത അറസ്റ്റില്‍’, ‘കിടപ്പറയിലെ ട്യൂണ’; തന്നെ കുരുക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ കുറിച്ച് നമ്പി നാരായണന്‍

മംഗളത്തിലെ ആര്‍ അജിത് കുമാറും കേസിന്റെ തുടക്ക വാര്‍ത്ത കൊടുത്ത തനിനിറം ജയചന്ദ്രനുമാണ് ഈ അടുത്തകാലത്ത് മംഗളം ടിവിയുടെ തുടക്കത്തില്‍ മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയതിന് അറസ്റ്റിലായത്

അടുത്തിടെ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഹണീ ട്രാപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് 1994 നവംബര്‍ 30ന് തന്റെ അറസ്റ്റില്‍ കലാശിച്ച പത്രവാര്‍ത്തകളും തയ്യാറാക്കിയതെന്ന് ചാരക്കേസിന്റെ പേരില്‍ അറസ്റ്റിലായ നമ്പി നാരായണന്‍ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഓര്‍മ്മകളുടെ ഭ്രമണപഥമെന്ന പുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ ‘ചാരവനിത അറസ്റ്റില്‍’ എന്ന ഭാഗത്താണ് തന്നെ കുടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച അമിതാവേശത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത്.

ഡിഐജി സിബി മാത്യൂസിന് കാണണം എന്ന് പറഞ്ഞാണ് എന്നെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ കാത്തുള്ള എന്റെ ഇരിപ്പ് മൂന്നാം ദിവസത്തിലെത്തി. ആരും വ്യക്തമായ ഉത്തരം തരുന്നില്ല. വരുന്നു. ഇരുട്ടുമുറിയില്‍ ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുന്നു. അസഭ്യം പറയുന്നു. പോകുന്നു. ആരും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഒന്നൊന്നര മാസം മുമ്പ് ഞങ്ങള്‍ വായിച്ച് ചിരിച്ച് കളഞ്ഞ ഒരു വാര്‍ത്ത എന്റെ ജീവിതത്തിന്റെ നേര്‍രേഖ വലിച്ചുപൊട്ടിക്കുന്നത് ഞാനവിടെ കണ്ടു. ശരിക്കും ട്രാപ്പിലായതുപോലെ എനിക്ക് തോന്നിത്തുടങ്ങി.

ഞാനാലോചിച്ചു, ഒക്ടോബര്‍ 20ന് തനിനിറത്തില്‍ വന്ന ഒരു വാര്‍ത്ത എന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഞാനറിഞ്ഞത്. ‘ചാരവനിത അറസ്റ്റില്‍’ എന്നായിരുന്നു വാര്‍ത്തയെന്ന് എന്റെ സുഹൃത്ത് മോഹനപ്രസാദ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍ പാകിസ്ഥാന് വേണ്ടി ചോര്‍ത്തിയ മാലിക്കാരി മറിയം റഷീദ എന്ന മുസ്ലിം യുവതി അറസ്റ്റിലായി എന്ന തരത്തിലായിരുന്നു അടുത്തദിവസം ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നത്.

കാര്യം ചൂടുപിടിച്ചു. അടുത്ത ദിവസങ്ങളില്‍ കേരള കൗമുദിയും മലയാള മനോരമയും അച്ചുനിരത്തി. ശാസ്ത്രജ്ഞര്‍ക്കൊപ്പം കിടക്കപങ്കിട്ട് രഹസ്യങ്ങള്‍ ചോര്‍ത്തിയ മാതാഹരിയെന്ന ചാരവനിതയെപ്പോലെ ഇന്ത്യന്‍ റോക്കറ്റ് വിദ്യ മറിയം റഷീദയും ഫൗസിയ ഹസനും ചേര്‍ന്ന് പാകിസ്ഥാനിലേക്ക് കടത്തിയെന്ന് പത്രങ്ങള്‍ കഥമെനഞ്ഞു. ക്രയോജനിക് സാങ്കേതിക വിദ്യ മീന്‍കുട്ടയില്‍ വെച്ച് പാകിസ്ഥാന് വിറ്റു. അതും 400 കോടിക്ക്! ‘മറിയം കിടപ്പറയിലെ ട്യൂണ’ എന്ന് മംഗളം പത്രത്തില്‍ അജിത് കുമാറെന്ന പത്രപ്രവര്‍ത്തകന്‍ എഴുതി. മനോരമയില്‍ ജോണ്‍ മുണ്ടക്കയമെന്ന റിപ്പോര്‍ട്ടറുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചൂടപ്പം പോലെ വന്നു. കേരളം ചാരക്കഥ ആഘോഷിച്ചു തുടങ്ങി. വാര്‍ത്ത തുടങ്ങിവച്ച തനിനിറത്തിലെ ജയചന്ദ്രനും ദേശാഭിമാനിയിലെ ശ്രീകണ്ഠനും തുടര്‍വാര്‍ത്തകളില്‍ കുറവു കാണിച്ചില്ല.

സിബി മാത്യൂസ് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍; ചോദ്യം ചെയ്തത് വെറും രണ്ടര മിനിട്ട്

മംഗളത്തിലെ ആര്‍ അജിത് കുമാറും കേസിന്റെ തുടക്ക വാര്‍ത്ത കൊടുത്ത തനിനിറം ജയചന്ദ്രനുമാണ് ഈ അടുത്തകാലത്ത് മംഗളം ടിവിയുടെ തുടക്കത്തില്‍ മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയതിന് അറസ്റ്റിലായത്. ഇവരെ കൂടാതെ കേരള കൗമുദിയിലെ സുബൈര്‍, ശേഖരന്‍ നായര്‍, നരേന്ദ്രന്‍ എന്നീ ബൈലൈനുകളിലും ചാരക്കേസിന്റെ നിറംപിടിച്ച കഥകള്‍ അച്ചടിച്ചു വന്നുകൊണ്ടിരുന്നു.

അപ്പോഴും എനിക്കീ കഥ വിശ്വസിക്കാനായില്ല. കാരണം, ഇന്ത്യയില്‍ ഇല്ലാത്ത ടെക്‌നോളജിയാണ് ക്രയോജനിക്. നമ്മളതിന് വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്നു. അത് ഈ സ്ത്രീകള്‍ ഇംഗ്ലീഷ് പോലും നന്നായി സംസാരിക്കാന്‍ അറിയാത്തവര്‍ കടത്തിയെന്നത് അത്ഭുതമായി തോന്നി. എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശശികുമാരനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും ആ കേസ് എന്നില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഞാനും സുഹൃത്ത് മോഹനപ്രസാദും എംകെ ഗോപിനാഥനും മിക്കദിവസങ്ങളിലും ഫോണില്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ തമാശയില്‍ പറയും:

ശശികുമാരന് വല്ല ഇടപാടും ആ സ്ത്രീകളുമായി ഉണ്ടായിട്ടുണ്ടോ?

ഉണ്ടെങ്കിലും രഹസ്യമൊന്നും ചോരില്ല. നമുക്കില്ലാത്ത ഒരു രഹസ്യം എങ്ങനെ ചോരാനാണ്!

അതായിരുന്നു എന്റെ കോണ്‍ഫിഡന്‍സ്.

ഞങ്ങള്‍ പതിവായി ഫോണില്‍ ഇക്കാര്യങ്ങള്‍ സംസാരിക്കവേ ഒരുദിവസം ഞാന്‍ ഗോപിയോട് പറഞ്ഞു:

നമ്മുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്നൊരു സംശയം.

എങ്ങനെ മനസിലായി എന്ന് ഗോപി ചോദിച്ചു. ഞാന്‍ പറഞ്ഞു:

സംഭാഷണത്തിന്റെ ഇടയില്‍ ഒരു അസ്വാഭാവിക ശബ്ദം കേള്‍ക്കുന്നുണ്ട്. പെട്ടെന്ന് വോളിയും കുറയും. ശ്രദ്ധിച്ചാല്‍ മനസിലാകും.

ഗോപി ശ്രദ്ധിച്ചു. മോഹനപ്രസാദും ആ വിവരം മനസിലാക്കി.

നമ്മളെ ആരോ പിന്തുടരുന്നു. സംഭാഷണങ്ങള്‍ ടാപ്പ് ചെയ്യുന്നു. എന്ന് പ്രസാദും പറഞ്ഞു.

നമ്മള്‍ പറയുന്നതില്‍ പ്രത്യേകിച്ച് രഹസ്യമൊന്നും ഇല്ലല്ലോ. അതുകൊണ്ട് നമ്മള്‍ ഭയക്കേണ്ടതില്ല.

ഞാന്‍ പറഞ്ഞു.

അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. വാര്‍ത്തകള്‍ പലതും നിറംപിടിപ്പിച്ച് വന്നുകൊണ്ടിരുന്നു.

നവംബര്‍ 28ന് പഴവങ്ങാടി ക്ഷേത്രത്തില്‍ പോയപ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ ഒരു തോന്നല്‍.

നമ്പി നാരായണനെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം എഴുതി വാങ്ങാതിരുന്നത് വലിയ തെറ്റായി പോയി: സിബി മാത്യൂസ്‌

ഒടുവില്‍ നവംബര്‍ 29ന് മോഹനപ്രസാദ്, ഐസക് മാത്യു, ഗോപി എന്നിവര്‍ എന്റെ വീട്ടിലേക്കു വന്നു. എന്നെ അന്ന് അറസ്റ്റ് ചെയ്യുമെന്ന വിവരം വിഷമത്തോടെ അറിയിക്കാനാണ് അവര്‍ വന്നത്. എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഞാന്‍ ഭയപ്പെട്ടില്ല. എനിക്ക് എന്നില്‍ നല്ല വിശ്വാസമായിരുന്നു.

എന്നെ പോലീസ് കൊണ്ടുപോയാല്‍ എന്താകും എന്റെ കുട്ടികളുടെ അവസ്ഥ എന്ന് ഞാന്‍ ഒരുവേള ആലോചിച്ചു. വീടിന്റെ ലോണ്‍ ചെലവുകള്‍ കഴിഞ്ഞ് ബാങ്കില്‍ ചില്ലറ നോട്ടുകള്‍ മാത്രമായിരുന്നു ബാലന്‍സ്. ആ പണം കൊണ്ട് എന്റെ കുട്ടികളും ഭാര്യയും എങ്ങനെ കഴിയും? 400 കോടിയുടെ കോഴ വാങ്ങി രഹസ്യം വിറ്റു എന്ന ആരോപണം ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങാന്‍ ഞാനെന്നെ സജ്ജമാക്കുന്നതോടൊപ്പം എന്റെ കുടുംബം പട്ടിണി ആകാതിരിക്കാനുള്ള കടമ നിറവേറ്റാന്‍ ശ്രമം തുടങ്ങി.

ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍