UPDATES

സിനിമാ വാര്‍ത്തകള്‍

ശുചിത്വ പദ്ധതിയുമായി സഹകരിക്കണം: മോഹന്‍ലാലിന് മോദിയുടെ കത്ത്

ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലയ്ക്ക് മോഹന്‍ലാലിന് ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന് കത്തില്‍ പറയുന്നു

ഒക്ടോബര്‍ രണ്ട് വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളില്‍ പിന്തുണ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. സെപ്തംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ(ശുചിത്വം സേവനമാണ്) പ്രചരണ പരിപാടിയ്ക്ക് പിന്തുണ തേടിയാണ് മോദി കത്തയച്ചത്.

മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേര്‍ന്നു നിന്നിരുന്ന സ്വച്ഛ്താ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇതെഴുതുന്നതെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്ത് വൃത്തി സാധിക്കുകയുള്ളൂവെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. ഓരോരുത്തരും അതില്‍ പങ്കാളികളാകണം. ഇക്കാര്യം മനസില്‍ വച്ചുകൊണ്ട് ശുചിത്വവിഷയത്തില്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കേണ്ടതുണ്ട്. ശുചിത്വം സേവനമാണ് എന്ന് ഓര്‍ത്തുകൊണ്ടായിരിക്കണം വരും നാളുകളിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചരണ പരിപാടികള്‍ നടത്തുന്നത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്.

വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുര്‍ബല വിഭാഗത്തെയാണ് ഏറ്റവുമധികം ബാധിക്കുകയെന്നും അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും മഹനീയമായ സേവനം ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയാണെന്നും കത്തില്‍ പറയുന്നു. സമൂഹത്തില്‍ വന്‍തോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും. ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലയ്ക്ക് മോഹന്‍ലാലിന് ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹം സ്വച്ഛ്ഭാരത് പദ്ധതിയില്‍ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിന് പേരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനാകും. ഈ സാഹചര്യത്തിലാണ് ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിന് വേണ്ടി അല്‍പ്പസമയം ചെലവഴിക്കാന്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി ആപ്പിലൂടെ ലാലിന്റെ പ്രതികരണം അറിയിക്കാമെന്നാണ് കത്തില്‍ പറയുന്നത്.

ശുചിത്വ സന്ദേശം രാജ്യമൊട്ടുക്ക് എത്തിക്കുക എന്ന ആഹ്വാനവുമായിട്ടാണ് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടി നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളും കാമ്പെയ്‌നിംഗുകളും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ കേരളത്തിലെ പ്രചാരണത്തിനാണ് മോഹന്‍ലാലിന്റെ പിന്തുണ തേടിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍