UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് മോദി അടിക്കടി കേരളത്തിലേക്ക് വരുന്നു? ബിജെപിയുടെ പ്ലാന്‍ ഇതാണ്

ശബരിമല ആചാര സംരക്ഷണത്തിന്റെ പേരില്‍ ഇളക്കിവിട്ട ‘ഹിന്ദു ഐക്യ വികാരം’ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കുമെന്നാണ് ബിജെപി കരുതുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിലെത്തുകയാണ് ഇന്ന്. ജനുവരി മാസത്തില്‍ മാത്രമാണ് ഈ രണ്ട് സന്ദര്‍ശനങ്ങളുമെന്നതില്‍ നിന്ന് ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നത് വ്യക്തമാണ്. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനാണ് ഈ മാസം പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു അന്ന് മോദിയുടെ സന്ദര്‍ശനങ്ങള്‍.

എന്നാല്‍ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലും സന്ദര്‍ശനം നടത്തും. ബിപിസിഎല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് കൊച്ചിയില്‍ നിര്‍വഹിക്കുന്നതെങ്കില്‍ തൃശൂരിലേത് തികച്ചും പാര്‍ട്ടി പരിപാടിയാണ്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ജനുവപി 15ന് കൊല്ലത്ത് വന്നപ്പോഴും പ്രധാനമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. എന്നാല്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം തന്നെ വലിയൊരു രാഷ്ട്രീയ പരിപാടിയാക്കാനുള്ള ബിജെപിയുടെ നീക്കം വിജയിച്ചതിലൂടെയാണ് അന്ന് മോദി തന്നെ അത് നിര്‍വഹിച്ചത്.

നാല് പതിറ്റാണ്ടോളം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിനൊടുവിലാണ് കൊല്ലം ബൈപ്പാസ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പകുതി വീതം ഫണ്ട് മുടക്കി നിര്‍വഹിച്ച ബൈപ്പാസ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ബൈപ്പാസിന്റെ തൊണ്ണൂറ് ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായതെന്നും എന്നിട്ടും അദ്ദേഹത്തെയോ മറ്റ് പ്രതിപക്ഷ നേതാക്കളെ ആരും തന്നെയോ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പിണറായിയുടെ കാലത്ത് പൂര്‍ത്തിയായ ബൈപ്പാസിന്റെ ഉദ്ഘാടനം അദ്ദേഹമാണ് നിര്‍വഹിക്കേണ്ടതെന്ന് സിപിഎമ്മും അവകാശപ്പെട്ടു. അതേസമയം കേന്ദ്രസഹായത്തോടെ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കണമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്തായാലും ഏറ്റവുമൊടുവില്‍ ആ വാദം തന്നെയാണ് വിജയിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാകാത്തതിന്റെ ചൊരുക്ക് മാത്രമല്ല ബിജെപി കൊല്ലത്ത് തീര്‍ത്തത്. പകരം ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങളെണ്ണി നില്‍ക്കുമ്പോള്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തം അക്കൗണ്ടില്‍ എഴുതി ചേര്‍ക്കുകയാണ് അവര്‍ ചെയ്തത്. കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങളാണ് കൊല്ലം ബൈപ്പാസ് സൃഷ്ടിച്ചത്.

ബിജെപിയെ സംബന്ധിച്ച് നരേന്ദ്ര മോദിയുടെയോ മറ്റേതെങ്കിലും കേന്ദ്ര നേതാക്കളുടെയോ സന്ദര്‍ശനം ഇപ്പോള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ചും കേരളത്തിലെ മൂന്ന് പാര്‍ലമെന്റ് സീറ്റുകളെങ്കിലും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാഹചര്യത്തില്‍. അതേസമയം കേന്ദ്രനേതൃത്വം കേരളത്തില്‍ ലക്ഷ്യമിടുന്നത് അഞ്ച് സീറ്റുകളാണെന്നാണ് അറിയുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളാണ് അവരുടെ ലക്ഷ്യം. ഇതില്‍ തൃശൂരും പാലക്കാടും നേരത്തെ ലിസ്റ്റിലുണ്ടായിരുന്നില്ല. എന്നാല്‍ സിപിഐയുടെ സിറ്റിംഗ് സീറ്റായ തൃശൂരില്‍ നേട്ടം കൊയ്യാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. അതിനാണ് രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് പറയപ്പെടുന്ന മോദിയെ തന്നെ ഇവിടെ എത്തിക്കുന്നത്.

എല്‍ഡിഎഫിനെ സംബന്ധിച്ച് തൃശൂര്‍ സിഎന്‍ ജയദേവന്‍ എന്ന പാര്‍ലമെന്റേറിയന്റെ കൈവശമിരിക്കുന്ന മണ്ഡലമാണ്. മണ്ഡലത്തിലും പാര്‍ലമെന്റിലും തന്റെ സാന്നിധ്യം അറിയിക്കുന്നതില്‍ കാര്യമായി വിജയം കാണാത്ത എംപിയെ ഇക്കുറിയും തൃശൂരിലെ ജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതാനാകില്ല. രാജ്യത്ത് തന്നെ സിപിഐയ്ക്ക് ആകെയുള്ള സീറ്റാണ് തൃശൂരിലേത്. ജയദേവന് പകരം മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ സാധിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയെന്നതും സിപിഐക്ക് വെല്ലുവിളിയാണ്.

തിരുവനന്തപുരത്തും അവര്‍ നേരിടുന്നത് ഇതേ വെല്ലുവിളിയാണ്. കഴിഞ്ഞ തവണ ബെനറ്റ് എബ്രഹാമിന് പേയ്‌മെന്റ് സീറ്റ് നല്‍കിയെന്ന വിവാദം ഉയര്‍ന്ന മണ്ഡലമാണ് ഇത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയെന്ന നാണക്കേടും അന്നുണ്ടായി. അവസാനനിമിഷം വരെ മുന്നില്‍ നിന്ന ബിജെപിയുടെ ഒ രാജഗോപാല്‍ കേവലം പതിനയ്യായിരം വോട്ടുകളുടെ വ്യത്യാസത്തിലാണ് അന്ന് ശശി തരൂരിനോട് തോറ്റത്. ശശി തരൂരിനെ പോലൊരു ഹൈപ്രൊഫൈല്‍ വ്യക്തിയെ നേരിടാന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയോ മിസോറാം ഗവര്‍ണറായ മുന്‍ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരനെയോ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം. അങ്ങനെ വന്നാല്‍ ശശി തരൂരിന്റെ വിജയം അത്ര എളുപ്പമാകില്ല.

തൃശൂരിലും തിരുവനന്തപുരത്തും സിപിഐയ്ക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലാത്തതാണെങ്കില്‍ പാലക്കാട് സിപിഎമ്മില്‍ നിലനില്‍ക്കുന്ന ചേരിപ്പോരിലാണ് ബിജെപിയുടെ കണ്ണ്. കെ പി ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയാണ് പാലക്കാട് സിപിഎമ്മില്‍ ചേരിപ്പോരിന് കാരണം. നിലവിലെ എംപിയായ എംബി രാജേഷ് പരാതിക്കാരിക്കൊപ്പം നിന്നതിനാല്‍ സിപിഎമ്മിലെ ഒരുവിഭാഗം മാറ്റിക്കുത്തുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഒപ്പം, മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായയുള്ള, രണ്ടു തവണ എംപിയായ രാജേഷിന് ഇത്തവണ സീറ്റ് നല്‍കാന്‍ സിപിഎം തയാറാകുമോ എന്നതും ചോദ്യചിഹ്നമാണ്.

കാസര്‍ഗോഡ് നിലനില്‍ക്കുന്ന പ്രതീക്ഷ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലെ വര്‍ധനവാണ്. സിപിഎമ്മിന്റെ പി കരുണാകരന്‍ ഇവിടെ വിജയിച്ചെങ്കിലും 5.99 ശതമാനം വോട്ടുകളുടെ കുറവാണ് അദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ടി സിദ്ദിഖ് 0.89 ശതമാനം വോട്ട് കൂടുതല്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപിയുടെ കെ സുരേന്ദ്രന്‍ 2.93 ശതമാനം വോട്ടുകളാണ് അധികമായി നേടിയത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ അത് ഇനിയും വര്‍ദ്ധിപ്പിക്കാമെന്നാണ് അവരുടെ പ്രതീക്ഷ.

പത്തനംതിട്ടയിലെ പ്രതീക്ഷകളും ശബരിമലയെ ചുറ്റിപ്പറ്റിയാണ്. അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം നിന്നതും ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടി ശ്രമിച്ചതും തങ്ങള്‍ മാത്രമാണെന്ന് സ്ഥാപിക്കാന്‍ അവര്‍ തത്രപ്പെടുന്നതും മറ്റൊന്നുകൊണ്ടുമല്ല. ശബരിമല പത്തനംതിട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ അയ്യപ്പ വികാരം ഇവിടെ ശക്തവുമാണ്.

മുന്‍ ഡിജിപി സെന്‍കുമാര്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തു വരുന്നുണ്ട്. ബിജെപി നേതാക്കളേക്കാള്‍ ശക്തമായാണ് കുറച്ച് കാലമായി സെന്‍കുമാര്‍ ഇടതുപക്ഷത്തിനും മറ്റും എതിരെ പ്രസ്താവനകള്‍ ഇറക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്.

ഇന്ന് നരേന്ദ്ര മോദിയും അടുത്തമാസം അമിത് ഷായും കേരളത്തിലെത്തുന്നതോടെ ശബരിമല വികാരം കുറെക്കൂടി ആളിക്കത്തിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. സെക്രട്ടേറിയറ്റിന് മുന്നിലും കേരളത്തില്‍ അങ്ങോളമിങ്ങോളവും നടത്തിയ ശബരിമല സമരത്തിന്റെ പരാജയം അതിലൂടെ മറികടക്കാനാകുമെന്നും അവര്‍ കരുതുന്നുണ്ട്. തുടര്‍ച്ചയായി നടത്തിയ ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക് അപ്രീതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന അയ്യപ്പഭക്ത സംഗമത്തിലെ വന്‍ ജനപങ്കാളിത്തം വോട്ടായി മാറുമോ എന്നതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ശബരിമല ആചാര സംരക്ഷണത്തിന്റെ പേരില്‍ ഇളക്കിവിട്ട ‘ഹൈന്ദവ ഐക്യ വികാരം’ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കുമെന്നാണ് അവര്‍ കരുതുന്നത്. അതിന് നരേന്ദ്ര മോദിയും അമിത് ഷായും നടത്തുന്ന പ്രസംഗങ്ങള്‍ വലിയ തോതില്‍ തന്നെ സ്വാധീനം ചെലുത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍