UPDATES

ട്രെന്‍ഡിങ്ങ്

സിനിമ തിയേറ്ററുകളിലെ ദേശീയഗാനം; അക്രമത്തിനുള്ള സാധ്യതകള്‍ ഇനിയും അവസാനിക്കുന്നില്ല

കമല്‍ എന്ന് നാമെല്ലാം അറിയുന്ന സംവിധായകനെ ഒറ്റ രാത്രികൊണ്ടാണ് ദേശീയഗാന വിവാദത്തിന്റെ പേരില്‍ കമാലുദ്ദീന്‍ എന്ന് ഒരു വിഭാഗം വിളിക്കാന്‍ തുടങ്ങി

ഇപ്പോള്‍ സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസ് ആയ ദീപക് മിശ്ര കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് പുറപ്പെടുവിച്ച ഒരു വിവാദമായ ഉത്തരവ് ഇന്നലെ സുപ്രിംകോടതിയില്‍ അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സിനിമ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സ്വന്തം ഉത്തരവിനെ സുപ്രിംകോടതി സ്വയം നിശിതമായി വിമര്‍ശിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബഞ്ച് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വലതു വശത്തിരുന്ന ചീഫ് ജസ്റ്റിസിന്റെ വിധിയെ തന്നെയാണ് ചോദ്യം ചെയ്തതെന്നതും ഇവിടെ ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് സുപ്രിംകോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് ദിവസത്തിനകം തന്നെ വിധി നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഡിസംബര്‍ ഒമ്പതിന് കേരളത്തിലെ ചലച്ചിത്രമേള നടക്കാനിരിക്കെ ഈ വിധിയിലെ അപ്രായോഗികത കണക്കിലെടുത്താണ് തങ്ങള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നുവെന്ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സെക്രട്ടറി റിജോയ് അഴിമുഖത്തോട് പറഞ്ഞു. തിയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധിതമാക്കുകയും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള വിധിക്കെതിരെ ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചതോടെ ദേശീയതയ്‌ക്കെതിരാണെന്ന വിധത്തിലുള്ള പ്രചരണമാണ് ഇവര്‍ക്കെതിരെയുണ്ടായത്. ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ സംവിധായകന്‍ കമലിന്റെ വീടിന് നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമവും ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. കമല്‍ എന്ന് നാമെല്ലാം അറിയപ്പെടുന്ന സംവിധായകനെ ഒറ്റ രാത്രികൊണ്ടാണ് ഇതിന്റെ പേരില്‍ കമാലുദ്ദീന്‍ എന്ന് ഒരു വിഭാഗം വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. അദ്ദേഹം ചെയ്ത തെറ്റ് ദേശീയഗാനത്തിന് എഴുന്നേറ്റില്ല എന്ന പേരില്‍ ചലച്ചിത്ര മേള നടക്കുമ്പോള്‍ തിയറ്ററിനുള്ളില്‍ നിന്നും ആരെയും അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ പുറത്ത് സിസി ക്യാമറയിലൂടെ രംഗങ്ങള്‍ വീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുന്നവരില്‍ നിന്നും ഇത്തരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ദേശീയതയെ്‌ക്കെതിരായതിനാലല്ല ഞങ്ങള്‍ അന്ന് അത്തരത്തില്‍ കോടതിയെ സമീപിച്ചതെന്നും റിജോയ് വ്യക്തമാക്കി. ദേശീയഗാനമെന്നത് എല്ലായിടത്തും ആലപിക്കാനുള്ളതല്ലെന്നും അങ്ങനെ ചെയ്താല്‍ അതിന്റെ മഹത്വം നഷ്ടപ്പെടുമെന്നുമുള്ളതുകൊണ്ടാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറയുന്നു. ഐഎഫ്എഫ്‌കെയില്‍ ഒരു തിയറ്ററില്‍ തന്നെ ദിവസവും അഞ്ച് സിനിമ വീതം പ്രദര്‍ശിപ്പിക്കുന്നു. പതിനഞ്ചോളം തിയറ്ററുകളിലാണ് ഇത്. വിദേശ ഡെലിഗേറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചലച്ചിത്ര മേളയില്‍ ഒരോ ദിവസവും ഇത്രമാത്രം തവണ ദേശീയഗാനം ആലപിക്കപ്പെടുന്നതിന്റെ അപ്രായോഗികതയും ഇത്രയേറെ തവണ ദേശീയ ഗാനം അപമാനിക്കപ്പെടാനുള്ള സാധ്യതയുമാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും റിജോയ് വ്യക്തമാക്കി. എഴുന്നേറ്റ് നില്‍ക്കുന്നവരും എഴുന്നേറ്റ് നില്‍ക്കാത്തവരും തമ്മിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും ഞങ്ങള്‍ അന്ന് സൂചിപ്പിച്ചു. പിന്നീട് മേളയ്ക്കിടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് മുമ്പും ഇതുപോലൊരു വിധിയുണ്ടായിരുന്നതിനെക്കുറിച്ച് സുഹൃത്തുക്കളായ അഭിഭാഷകര്‍ സൂചിപ്പിച്ചത്. 1997ല്‍ ഉപ്ഹാര്‍ തിയറ്ററിലെ തീപിടിത്തത്തില്‍ 59 പേര്‍ മരിച്ച സംഭവമാണ് അത്. തിയറ്റര്‍ പുറത്തു നിന്നും പൂട്ടിയിരുന്നതാണ് അത്രയേറെ പേരുടെ മരണത്തിന്റെ ഒരു കാരണം. കഴിഞ്ഞ വര്‍ഷത്തെ കോടതി വിധിയില്‍ തിയറ്റര്‍ പൂട്ടിയ ശേഷം ദേശീയഗാനം ആലപിക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമായിരുന്നു വിധി. എന്നാല്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ അപ്പീലിന്റെ ഫലമായി തിയറ്റര്‍ പൂട്ടിയിടേണ്ടതില്ലെന്ന വിധി ആദ്യം വന്നു. പിന്നീട് വികലാംഗരായ വ്യക്തികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.

ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് ഒരു മൗലിക ചുമതലയുടെ ഭാഗമാണ്. എന്നാല്‍ ഒരു ഹര്‍ജിയിന്മേലായിരുന്നു ദീപക് മിശ്ര ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും ഈ വിധിയ്ക്കുണ്ടെന്ന് മനസിലാക്കിയാണ് തങ്ങള്‍ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചതെന്നും റിജോയ് വ്യക്തമാക്കി. ഹര്‍ജി കൊടുത്ത ആദ്യഘട്ടത്തില്‍ തന്നെ ചില പ്രധാന കാര്യങ്ങളില്‍ തീരുമാനമായിരുന്നു. അന്തിമ വിധി വരും വരെ തിയറ്റര്‍ ബോള്‍ട്ട് ചെയ്യേണ്ടെന്നതും വികലാംഗര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നതുമാണ് അവ. അതേസമയം വികലാംഗരായവരായവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന വിധി വന്നതിന് ശേഷവും ദേശീയഗാനത്തില്‍ എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ച് വികലാംഗര്‍ക്ക് നേരെ അക്രമങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ ആക്രമണം നടത്തുന്നവര്‍ക്ക് അവര്‍ വികലാംഗരാണോ അല്ലയോ എന്നതല്ല പ്രശ്‌നമെന്നും നമ്മുടെ ദേശീയഗാനത്തെ ആദരിച്ചില്ലെന്ന ദേശീയതയുടെ രാഷ്ട്രീയം മാത്രമാണ് പ്രശ്‌നമെന്നും റിജോയ് പറയുന്നു. അവരുടെ ലക്ഷ്യം അക്രമം തന്നെയാണ് അത് അവിടെ സംഭവിച്ചിരിക്കും. നിയമം നടപ്പാക്കാന്‍ നിയമപാലകരെക്കാള്‍ താല്‍പര്യം മറ്റുചിലര്‍ക്കാണെന്നതാണെന്നതാണ് ഇവിടെ പ്രശ്‌നം. അടിച്ചേല്‍പ്പിച്ച് നമ്മെ ദേശസ്‌നേഹികളാക്കി തീര്‍ക്കാനാകില്ലെന്ന് അവര്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഒരുവര്‍ഷത്തിനിപ്പുറം പോസിറ്റീവായി ഒരു പരാമര്‍ശം നേടിയതില്‍ സന്തോഷമുണ്ടെങ്കിലും ഇത്തരം സദാചാര പോലീസുകാര്‍ ഉള്ളതിനാല്‍ തന്നെ ഇതില്‍ പൂര്‍ണമായും പ്രതീക്ഷയില്ലെന്നും റിജോയ് വ്യക്തമാക്കുന്നു.

ദേശഭക്തി തെളിയിക്കാന്‍ സിനിമ തിയറ്ററില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും ദേശീയതയെന്നത് നെറ്റിയില്‍ ഒട്ടിച്ചുവയ്‌ക്കേണ്ട ഒന്നല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ വര്‍ഷം ഈ വിവാദം ആരംഭിച്ചപ്പോള്‍ ഇവിടെ ഉയര്‍ന്ന പ്രധാന വാദവും അതുതന്നെയായിരുന്നു. ഇപ്പോഴത്തെ വിധി തന്നെ തിയറ്ററില്‍ ദേശീയഗാനം വേണ്ടെന്നല്ല, എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിക്കേണ്ടെന്നാണ്. അതേസമയം തിയറ്റര്‍ വിനോദത്തിനുള്ള ഇടമാണെന്ന് ഇന്നലെ ജസ്റ്റിസ് ചന്ദ്രചൂഡന്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. വിനോദം തേടിയെത്തുന്നവരുടെ ആള്‍ക്കൂട്ടത്തിനിടയില്‍ ദേശീയഗാനം അപമാനിക്കപ്പെടാന്‍ സാധ്യതയുമുണ്ട്. താല്‍പര്യമില്ലാത്തവര്‍ എഴുന്നേറ്റ് നില്‍ക്കാതെയും അല്ലാത്തവര്‍ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യും. അതിനാല്‍ തന്നെ അക്രമത്തിനുള്ള സാധ്യതകള്‍ ഈ കോടതി വിധിയോടെയും അവസാനിക്കുന്നില്ല.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍