UPDATES

ട്രെന്‍ഡിങ്ങ്

നിപ മരണ സംഖ്യ പെരുപ്പിച്ച് ദേശീയ മാധ്യമങ്ങള്‍; ഏറ്റുപിടിച്ചു നവമാധ്യമങ്ങളില്‍ കേരള വിരുദ്ധ പ്രചരണം

ഇന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആണ്. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ 10 എന്നാണ് പറയുന്നത്

നിപയുടെ മറവില്‍ കേരളത്തിനെതിരെ പ്രചരണവുമായി ദേശീയ മാധ്യമങ്ങളും അത് ഏറ്റുപിടിച്ച് നവമാധ്യമങ്ങളും. ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നാണ് നവമാധ്യമങ്ങളില്‍ കേരള വിരുദ്ധ പ്രചരണം ആരംഭിച്ചിരിക്കുന്നത്. നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ കേരളത്തിനെതിരായ പ്രചരണമായാണ് ഇത് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന പെരുപ്പിച്ച കണക്കുകളില്‍ നിന്നും വ്യക്തമാണ്.

ഇന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആണ്. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ 10 എന്നാണ് പറയുന്നത്. മാതൃഭൂമിയുടെ ഇന്നത്തെ വാര്‍ത്തയില്‍ മരണ സംഖ്യ ആറ് മാത്രമാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെയും നിപ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് പേരുടെ മരണകാരണം എന്താണെന്ന് തിരിച്ചറിയാനുള്ള പരിശോധനകള്‍ നടക്കുകയാണ്. ഇതിന്റെ ഫലം ഇന്ന് മാത്രമാണ് പുറത്തു വരിക. അതേസമയം 25 ഓളം പേരെ സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ച് ടൂറിസം സീസണ്‍ ആണിത്. കേരളത്തിലെ ടൂറിസം മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വം നടക്കുന്ന ശ്രമമാണ് ഇതെന്നാണ് കരുതേണ്ടിയിരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതോടെ കേരളത്തിലെ ജനങ്ങളില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെയാണ് പരിഭ്രാന്തി പടരുന്നത്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മുമ്പ് കേരളത്തിലെ പട്ടിണി മരണങ്ങളെക്കുറിച്ചും ദേശീയ തലത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. തെരുവു നായ ശല്യമുണ്ടായപ്പോഴും വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നത് അപകടമാണെന്ന് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു.

മരണ സാധ്യത വളരെയധികമുള്ള ഒരു രോഗം പടര്‍ന്നു പിടിക്കുമ്പോള്‍ ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഒരു വിധത്തിലും സമൂഹത്തിന് ഗുണം ചെയ്യില്ല. എല്ലാ പരിശോധനകള്‍ക്കും ശേഷം രോഗാണുവിന്റെ സാന്നിധ്യം ഉറപ്പാക്കിയ ശേഷമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരണം നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ കണക്കിലെടുക്കാതെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന ഇത്തരം റിപ്പോര്‍ട്ടുകളെ ആശങ്കയോടെ മാത്രമേ കാണാനാകൂ. നിപ വൈറസ് ബാധ ഒരു ദുരന്തം തന്നെയാണെന്ന് അംഗീകരിക്കുമ്പോഴും തെറ്റായതും സ്ഥിരീകരിക്കാത്തതുമായ കണക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതിനെ ഗൂഢാലോചനയായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂ.

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍