UPDATES

ട്രെന്‍ഡിങ്ങ്

അപകടം ഉണ്ടാക്കുമ്പോള്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ? ശ്രീറാം വെങ്കിട്ടരാമനെ ഡോപമൈന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യം

കേസില്‍ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരണപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപ്‌മൈന്‍ ടെസറ്റിന് വിധേയമാക്കണമെന്ന് ആവശ്യം. ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ സിറാജ് ദിനപത്രത്തിന്റെ മാനേജ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ചത്. അപകട സമയത്ത് ശ്രീറാം ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നു കണ്ടെത്താനാണ് ഡോപമൈന്‍ ടെസ്റ്റ് ആവശ്യപ്പെടുന്നത്. കേസില്‍ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസിനെതിരേയും സിറാജ് മാനേജ്‌മെന്റ് അഭിഭാഷകനായ അഡ്വ. എസ് ചന്ദ്രശേഖരന്‍ നായര്‍ കടുത്ത വിമര്‍ശനങ്ങളാണ് കോടതിയില്‍ ഉയര്‍ത്തിയത്. അപകടം നടന്ന സമയം മുതല്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ യുടെ നേതൃത്വത്തില്‍ നടന്നതെന്നാണ് ആക്ഷേപം. കേസില്‍ നിര്‍ണായകമായ തെളിവായി മാറേണ്ടതായിരുന്നു പ്രതിയുടെ രക്തപരിശോധന റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിയുടെ ആവശ്യപ്രകാരം ഒത്താശ ചെയ്തുകൊടുത്ത പൊലീസ് ഒമ്പതു മണിക്കൂറിനു ശേഷമാണ് രക്തപരിശോധന നടത്തിയതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും ചെയ്യേണ്ട രക്തപരിശോധനയാണ് പ്രതി സ്വാധീന ശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. കേസില്‍ പ്രതിയെ രക്ഷിക്കാനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്നും വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു വാദിഭാഗം അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. അപകട സമയത്ത് പ്രതി മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് ശ്രീറാമിന് ജാമ്യം കിട്ടാനുള്ള സാഹചര്യമൊരുങ്ങിയത്.

മദ്യപിച്ചെങ്കിൽ അതിനുള്ള തെളിവ് എവിടെ? പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം, ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍