UPDATES

സിനിമ

പികെ നായര്‍ ക്ഷമിക്കുക; ഫിലിം ആര്‍ക്കൈവ്‌സില്‍ അനാഥമാക്കപ്പെട്ട് 14,900 ഫിലിം റീലുകള്‍

ഇതില്‍ ഇന്ത്യന്‍ സിനിമകളുടെയും അന്താരാഷ്ട്ര സിനിമകളുടെയും അപൂര്‍വ ശേഖരങ്ങളുണ്ട്

പൂനെയിലെ ദേശീയ ഫിലിം ആര്‍ക്കൈവ്‌സ് കെട്ടിടത്തില്‍ ആരും ഒരിക്കലും കാണാത്ത 1,100 സിനിമകളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. 14,950 ഫിലിം റീലുകളിലായാണ് ഈ സിനിമകള്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ സിനിമകളുടെയും അന്താരാഷ്ട്ര സിനിമകളുടെയും അപൂര്‍വ ശേഖരങ്ങളുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലായി സാധരണ ചാക്കുകളില്‍ ഒട്ടും സംരക്ഷിക്കപ്പെടാതെയാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ്‌ സിനിമയുടെ ചരിത്രം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 597 കോടി രൂപയുടെ നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്‍ എന്ന പദ്ധതി ആരംഭിച്ചതിന് ശേഷമാണ് ഇതെന്നത് ശ്രദ്ധേയമാണ്.

അതിനാല്‍ തന്നെ ഈ റീലുകളൊന്നും ഇനി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ 17,595 റീലുകളാണ് ആര്‍ക്കൈവിന്റെ രണ്ടും മൂന്നും നിലകളിലായി കെട്ടിവച്ചത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇതില്‍ 2,645 എണ്ണം മാത്രമാണ് പ്രദര്‍ശന യോഗ്യമെന്ന് കണ്ടെത്തി. അതേസമയം ഏതാനും മാസങ്ങള്‍ കൂടി ഇങ്ങനെ തന്നെ സൂക്ഷിച്ചാല്‍ ഇവയും ഉപയോഗശൂന്യമായി തീരും.

2016 ഫെബ്രുവരി 26ന് ഇന്ത്യയിലെയും വിദേശത്തെയും ചലച്ചിത്ര പ്രതിഭകളും ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഒരു വര്‍ക്ക്‌ഷോപ്പ് നടന്നപ്പോള്‍ 21, 22 ദിവസങ്ങളിലായി ഈ റീലുകള്‍ ഇവിടെ നിന്നും മാറ്റിയതായി രേഖകള്‍ പറയുന്നു. പൂനെയിലെ കോത്രുഡിലുള്ള ഫിലിം ആര്‍ക്കൈവ്‌സില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ചകനില്‍ ഉള്ള ഒരു ഒറ്റനില സ്‌റ്റോര്‍ റൂമിലേക്കാണ് ഇത് മാറ്റിയത്. താപനില നിയന്ത്രിക്കാന്‍ ശേഷിയില്ലാത്ത ഏതാനും ജനലുകളുള്ളതും മേല്‍ക്കൂര ചോരുന്നതുമായ മുറിയായിരുന്നു ഇത്. ഒരു ലക്ഷം രൂപ കണ്‍സൈന്‍മെന്റില്‍ ഫിലിം ആര്‍ക്കൈവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡി കെ ശര്‍മ്മയാണ് ഒക്ട്രോയി സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടിരിക്കുന്നത്. മാര്‍ച്ച് 6ന് വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞതോടെ ഈ ഫിലിം റീലുകള്‍ തിരികെയെത്തിക്കുകയും ചെയ്തു.

ദേശീയ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപക ഡയറക്ടറായ പികെ നായര്‍

 

ഏതാനും വര്‍ഷങ്ങളായി ഈ റീലുകള്‍ അവഗണിക്കപ്പെട്ടു കിടക്കുകയാണ്. അതേസമയം ഈ റീലുകള്‍ ഏതൊക്കെ സിനിമകളുടേതാണെന്ന് കണ്ടെത്താന്‍ കൃത്യമായ രേഖകള്‍ ഒന്നുമില്ല. എന്നാല്‍ ഇന്ത്യന്‍ സിനിമകളുടെയും ലോക സിനിമകളുടെയും അപൂര്‍വമായ കോപ്പികളും ഇതിനുള്ളിലുണ്ടായേക്കാമെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു എന്‍എഫ്എഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഫിലിം ഡിവിഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററികള്‍, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി ലഭിച്ച സിനിമകളുടെ കോപ്പി ആര്‍ക്കൈവിന് കൈമാറിയവ, റെയില്‍വേ പാഴ്‌സല്‍ ഓഫീസുകളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത ഇന്ത്യന്‍ സിനിമകളുടെയും വിദേശ സിനിമകളുടെയും കോപ്പികള്‍, കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്ത സിനിമകള്‍ എന്നിവയുടെ റീലുകളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് ആര്‍ക്കൈവ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

2015ലെ ആദ്യ മൂന്ന് മാസം മുമ്പ് വരെയും ശരിയായ രീതിയില്‍ സംരക്ഷിച്ചിരുന്നവയാണ് ഈ റീലുകളുമെന്ന് ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ പ്രകാശ് മഗ്ദം ഇന്ത്യന്‍ എക്‌സ്പ്രസിനെ അറിയിച്ചു. ചില ചിത്രങ്ങളുടെ 10 മുതല്‍ 12 കോപ്പികള്‍ വരെയുണ്ടായിരുന്നു. ഇവയില്‍ ഉപയോഗ യോഗ്യമായവയെ പ്ലാസ്റ്റിക് കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഉപയോഗശൂന്യമായവയെ സാധാരണ ചാക്കുകളിലേക്ക് മാറ്റി. ഈ റീലുകളെല്ലാം റെയില്‍വേയുടെ നഷ്ടപ്പെട്ട സാധനങ്ങള്‍ എത്തുന്ന ഓഫീസില്‍ നിന്നും ലഭിച്ചവയാണെന്നും ഇവയെല്ലാം മോശം നിലവാരവും അവസ്ഥയുമുള്ളവയാണെന്നും മഗ്ദം പറയുന്നു.

സിനിമയുടെ ചരിത്രം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1964ല്‍ ആണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ കീഴില്‍ ഒരു മാധ്യമ യൂണിറ്റായി ഫിലിം ആര്‍ക്കൈവ് ആരംഭിച്ചത്. മലയാളിയായ പികെ നായരുടെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമായാണ് പൂനെയില്‍ ഒരു ഫിലിം ആര്‍ക്കൈവ് ആരംഭിച്ചത്. 2016 മാര്‍ച്ചിലാണ് അദ്ദേഹം മരിച്ചത്. ഒരുപക്ഷെ അത്യപൂര്‍വമായി അദ്ദേഹം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ചിത്രങ്ങളും ഈ നശിച്ച് പോയവയില്‍ ഉണ്ടായേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍