UPDATES

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

കേന്ദ്രസര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കാനാണ് ഇപ്പോള്‍ ബിജെപി നേതാക്കളുടെ ശ്രമം

ശബരിമല വിഷയത്തില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്. ബിജെപിയും ഐപിഎസ് ഉദ്യോഗസ്ഥരും നേര്‍ക്കുനേര്‍ വരുന്ന ഒരു സാഹചര്യമാണ് ഉടലെടുക്കുന്നത്. ശബരിമലയില്‍ എല്ലാ പ്രയത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധിയ്ക്ക് ശേഷം ബിജെപി വിവിധ തരത്തിലുള്ള സമരങ്ങളാണ് ആരംഭിച്ചത്. സന്നിധാനത്ത് നടക്കുന്ന നാമജപ ഘോഷയാത്രയാണ് ഇതിലൊന്ന്. ശബരിമലയില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെയാണ് പോലീസും ബിജെപിയും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത്. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാനെന്ന പേരില്‍ ബിജെപി നടത്തിയ അതിക്രമങ്ങള്‍ക്ക് നേരെ പോലീസ് ലാത്തി വീശിയിരുന്നു. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഭക്തരും ആക്രമിക്കപ്പെട്ടതോടെയായിരുന്നു ഇത്. ഇതേ തുടര്‍ന്ന് അന്ന് ശബരിമല പ്രത്യേക ചുമതലയുള്ള ഐജി മനോജ് എബ്രഹാമിനെതിരെ ബിജെപി തിരിഞ്ഞു.

മനോജ് എബ്രഹാം അഹിന്ദുവായതിനാലാണ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതെന്നും അയ്യപ്പന്റെ ചിത്രം വലിച്ചു കീറിയെന്നതുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. മനോജ് എബ്രഹാം പോലീസ് നായയാണെന്ന് പറഞ്ഞ ബിജെപി നേതാവ് ഗോപാലകൃഷ്ണനെതിരെ പരാതി കൊടുക്കുകയും ചെയ്തു. അടുത്ത ഊഴം ഐജി ശ്രീജിത്തിനായിരുന്നു. രഹന ഫാത്തിമയെ വലിയ നടപ്പന്തലില്‍ വരെ എത്തിക്കാന്‍ ശ്രീജിത്ത് സഹായിച്ചുവെന്നായിരുന്നു ആരോപണം. കോടതി വിധി അനുസരിച്ച് ശബരിമലയിലെത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ശ്രീജിത്ത് ചെയ്തത്. രഹന ഫാത്തിമയുമായും കിസ് ഓഫ് ലവ് പ്രവര്‍ത്തകരുമായും ശ്രീജിത്തിനുള്ള ബന്ധം മൂലം സഹായിക്കുകയായിരുന്നെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചത്. ശ്രീജിത്തിനെതിരെ ഏറ്റവും കൂടുതല്‍ കടന്നാക്രമണം നടത്തിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ആയിരുന്നു.

മണ്ഡലകാലത്ത് നട തുറന്നതോടെയാണ് യതീഷ് ചന്ദ്രയ്ക്ക് പ്രത്യേക ചുമതല ലഭിച്ചത്. പൊതുവേ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍ എന്നു പേരുള്ളയാളാണ് യതീഷ് ചന്ദ്ര.. അതിനാലാണ് ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനെത്തുന്ന കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതും കേസെടുത്തതും. എന്നാല്‍ അതോടെ ബിജെപി നേതാക്കള്‍ യതീഷ് ചന്ദ്രക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. യതീഷ് ചന്ദ്ര ഒന്നാം നമ്പര്‍ ക്രിമിനലാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് പറഞ്ഞത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി സംസാരിച്ചെന്നാണ് യതീഷ് ചന്ദ്രയുടെ മേല്‍ ആരോപിക്കപ്പെടുന്നത്. എന്നാല്‍ മന്ത്രിയോട് വളരെ മാന്യമായി തന്നെ പെരുമാറുന്ന എസ് പിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് പ്രളയത്തെ തുടര്‍ന്നുണ്ടായ പാര്‍ക്കിംഗ് അസൌകര്യം കാരണമാണെന്നും ഗതാഗത പ്രശ്‌നമെന്തെങ്കിലുമുണ്ടായാല്‍ താങ്കള്‍ ഉത്തരവാദിത്വമേറ്റെടുക്കുമോയെന്നുമാണ് യതീഷ് ചന്ദ്ര മന്ത്രിയോട് ചോദിക്കുന്നത്. എന്നാല്‍ തനിക്ക് നേരെ ഒച്ചയെടുത്ത എ എന്‍ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര തറപ്പിച്ചു നോക്കിയാണ് നേരിടുന്നത്. ഇതാണ് ഇപ്പോള്‍ മന്ത്രിയെ അപമാനിച്ചുവെന്നും പ്രൊട്ടോക്കോള്‍ ലംഘിച്ചുവെന്നും വിമര്‍ശനമുയരുന്നത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുകയാണ് ശ്രീധരന്‍ പിള്ള. എ എന്‍ രാധാകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നാണ് പറയുന്നത്.

കൂടാതെ വിജയ് സാഖറെ, ഹരിശങ്കര്‍ എന്നീ ഉദ്യോഗസ്ഥകര്‍ക്കെതിരെ ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മന്ത്രിയുടെ വാഹനം തടഞ്ഞതാണ് കാരണം. വിജയ് സാഖറെ ക്രിമിനലാണെന്നും പാലക്കാട്ടെ സമ്പത്തിനെ ഉരുട്ടിക്കൊല്ലുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണെന്നുമാണ് ഉയരുന്ന ആരോപണം. കോട്ടയം എസ് പിയായ ഹരിശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലേക്ക് ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരിക്കുകയാണ്. സിപിഐ നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ ശങ്കര്‍ദാസിന്റെ മകനാണ് ഹരിശങ്കര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹരിശങ്കറിനെതിരെ പ്രചരണം നടക്കുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലാണ് വരുന്നതെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷന്റെ സമയമാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടി വരും. കേന്ദ്രസര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കാനാണ് ഇപ്പോള്‍ ബിജെപി നേതാക്കളുടെ ശ്രമം.

അതേസമയം ഗുജറാത്തില്‍ കലാപകാലത്ത് ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപി ഗവണ്‍മെന്‍റ് ഉപയോഗിച്ചതിന് ഇപ്പോഴും കേസുകള്‍ നടക്കുകയാണ്. നരേന്ദ്ര മോദിയെയും അമിത് ഷായെയും തുടര്‍ച്ചയായി വിമര്‍ശിക്കുന്ന സഞ്ജീവ് ഭട്ട് ഇന്ന് എവിടെയാണെന്ന് പോലും ആര്‍ക്കുമറിയില്ല.

കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന വെല്ലുവിളികളിലും പരാതി നല്‍കലിലും ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്. അതിനാല്‍ തന്നെ ബിജെപി നേതാക്കള്‍ക്കെതിരെ സുപ്രിംകോടതിയില്‍ വരെ പോകാന്‍ തയ്യാറാണെന്ന നിലപാടിലാണ് ഇപ്പോള്‍ ഐപിഎസ് അസോസിയേഷന്‍.

ഒരു പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന എഎൻ രാധാകൃഷ്ണന്റെ ഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും : എസ് ശാരദക്കുട്ടി

‘പിണറായിയുടെ പേര് വീട്ടിലെ പട്ടിക്കിടും’, ‘ചെങ്കൊടി കത്തിക്കും’, ‘യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം’: എ എന്‍ രാധാകൃഷ്ണന്റെ ‘മൊഴിമുത്തുകള്‍’ ഇങ്ങനെ

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

അഡ്വ. ഗോപാലകൃഷ്ണന്റെ തെറി പ്രസംഗവും അഗളി സ്കൂളിന് മുന്നിലെ ‘തെറിജപ’ പ്രതിഷേധവും; ഇതെന്ത് രാഷ്ട്രീയം? ഭക്തി?

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍