UPDATES

ട്രെന്‍ഡിങ്ങ്

കഫീല്‍ അഹമ്മദ് ഖാനെതിരായ പ്രചരണം വ്യാജമെന്നതിന് തെളിവുകള്‍

ദുരന്തത്തിന് കാരണക്കാരന്‍ തന്നെ കഫീല്‍ ഖാനാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്

ഗോരഖ്പൂരില്‍ 73 കുട്ടികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനിടയിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ച കഫീല്‍ അഹമ്മദ് ഖാന്‍ എന്ന ഡോക്ടറെ യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഓക്‌സജന്‍ സിലിണ്ടറുകളുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി രോഗികളായ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കിയ ഡോ. കഫീല്‍ ഖാനെതിരായ നടപടി വന്‍ തോതില്‍ വിമര്‍ശനം വിളിച്ചു വരുത്തുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ ദുരന്തത്തിന് കാരണക്കാരന്‍ തന്നെ കഫീല്‍ ഖാനാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. കഫീല്‍ ഖാന്‍ സ്വകാര്യ പ്രാക്ടീസിംഗ് നടത്തുന്നുണ്ടെന്നും ഇതിനായി ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ച് കടത്തിയെന്നുമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മോഷ്ടിച്ച സിലിണ്ടറുകള്‍ ഇയാള്‍ തിരികെയെത്തിക്കുകയാണ് ചെയ്തതെന്നും അല്ലാതെ സ്വന്തം പണം മുടക്കി സിലിണ്ടര്‍ വാങ്ങി നല്‍കുകയായിരുന്നില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കഫീല്‍ ഖാന്‍ മോഷ്ടിച്ചതുമൂലമാണ് രോഗികളുടെ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതെ പോയതെന്നാണ് ഇപ്പോഴത്തെ ന്യായീകരണം. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതെ പോയതിനാലല്ല കുട്ടികള്‍ മരിച്ചതെന്നും രോഗം മൂലമാണെന്നുമാണ് യുപി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളിക്കളയുന്നതാണ് പുതിയ വാദം. ഈ പ്രചരണം തെറ്റാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നിരത്തുകയാണ് മാധ്യമപ്രവര്‍ത്തകനായ അജിത് സാഹി. പല വ്യക്തികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ തെളിവുകള്‍ നിരത്തുന്നത്.

2014 മുതല്‍ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജിലെ ദുരന്തമുണ്ടായ എന്‍സെഫാലിറ്റിസ് വാര്‍ഡില്‍ ചെറിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നില്ല. വലിയ ഓക്‌സിജന്‍ സിലിണ്ടറുകളും ഓരോ ബെഡിലേക്കും പൈപ്പ് വഴിയുള്ള ഓക്‌സിജന്‍ വിതരണവുമാണ് നടക്കുന്നതെന്ന് ആശുപത്രിയില്‍ ഓക്സിജന്‍ ദുരന്തം ഉണ്ടാകാന്‍ പോകുന്നുവെന്ന വിവരം പല ദിവസങ്ങളായി വാര്‍ത്തകളിലൂടെ പുറത്തുവിട്ട ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തകനായ മനോജ് കുമാര്‍ അജിത് സാഹിയോട് വ്യക്തമാക്കി. ആശുപത്രിയില്‍ ഉപയോഗിച്ചിരുന്നത് സാധാരണയിലും വലുപ്പമുള്ള ഓക്‌സിജന്‍ സിലിണ്ടറുകളാണെന്നും മൂന്ന് നാല് പേര്‍ ചേര്‍ന്നാലേ ഇത് ചുമക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗോരഖ്പൂരിലെ ഒരു പ്രശസ്ത ഡോക്ടറായ അസിസ് അഹമ്മദ് പറയുന്നു. ഇത് കൂടാതെ ആശുപത്രിയിലെ ഓരോ സിലിണ്ടറുകളും റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണെന്നും അകത്തേക്കും പുറത്തേക്കും പോകുന്ന സിലിണ്ടറുകളുടെ വിവരങ്ങള്‍ ആശുപത്രി രേഖകളില്‍ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ വന്‍തോതില്‍ വലിയ സിലിണ്ടറുകള്‍ ഒരു റാക്കറ്റിന്റെയും സഹായമില്ലാതെ ഡോ. കഫീല്‍ കടത്തിയിട്ടും സ്റ്റോര്‍ മുതല്‍ ആശുപത്രി ഗെയ്റ്റിലെ സെക്യൂരിറ്റി വരെയുള്ളവര്‍ ആരും തന്നെ ഇത് ശ്രദ്ധിച്ചില്ലെന്നത് ദുരൂഹമാണെന്നും അദ്ദേഹം പറയുന്നു. കഫീല്‍ ഖാന്‍ താത്കാലിക (അഡ-ഹോക്) വ്യവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്. അതിനാല്‍ അദ്ദേഹത്തിന് സ്വകാര്യ പരിശീലനം നടത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്നും അസിസ് അഹമ്മദ് വ്യക്തമാക്കി.

ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന വകുപ്പുമായി കഫീല്‍ ഖാന് യാതൊരു ബന്ധവുമില്ല. ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണം നിലച്ച വിവരം പോലും അദ്ദേഹം അറിയുന്ന ഓക്‌സിജന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിവരം അറിയിക്കുമ്പോഴാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍