UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയില്‍ അടി മുറുകുന്നു: തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന പരാതിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ അന്വേഷണം

തിരഞ്ഞെടുപ്പ് ചിലവിന്‍റെ കണക്കുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണമുണ്ടാകും.

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് മുക്കിയെന്ന ആരോപണം സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം തുടങ്ങിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് ചിലവിന്‍റെ കണക്കുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണമുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുന്ന ‘ഔപചാരിക’ കണക്കല്ലാതെ യഥാര്‍ത്ഥ കണക്കുകള്‍ വെളിപ്പെടുത്താന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സുഭാഷോ തയാറാകുന്നില്ലെന്നാണ് പരാതി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച എംടി രമേശ് തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്ന് പരാതി അന്വേഷിക്കുന്നതിന് പിന്നാലെയാണിത്. തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി കേന്ദ്ര നേതൃത്വം അനുവദിച്ച 87 ലക്ഷത്തില്‍ 35 ലക്ഷത്തിന്റെ കണക്ക് കാണാനില്ലെന്ന് പറഞ്ഞാണ് എംടി രമേശിനും പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കും എതിരെ പാര്‍ട്ടിതല അന്വേഷണം നടക്കുന്നത്.

കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് കൈകാര്യം ചെയ്തത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാരായിരുന്ന ഉമാകാന്തന്‍, കെ.സുഭാഷ് എന്നിവരാണ്. ഉമാകാന്തനെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കി എം.ഗണേശിനെ നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചുമതലകളില്‍ ബിജെപിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ആര്‍എസ്എസ് നേതാക്കളും ഫണ്ട് മുക്കിയെന്ന് പരാതിയുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പു വരവ് ചെലവ് കണക്കുകള്‍ സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗത്തിലോ ജനറല്‍ സെക്രട്ടറിമാര്‍ക്ക് മുന്നിലോ അവതരിപ്പിച്ചിട്ടില്ല. കണക്കുകള്‍ക്കായി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പലതവണ ആവശ്യമുയര്‍ന്നിട്ടും ഫലമുണ്ടായിട്ടില്ലെന്ന പരാതി കേന്ദ്ര നേതൃത്വം ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ എ,ബി,സി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരച്ചാണ് ബിജെപി ദേശീയ നേതൃത്വം ഫണ്ട് അനുവദിച്ചിരുന്നത്. എ വിഭാഗത്തിലുള്ള 15 നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് അനുവദിച്ചത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളിലൊഴികെ മുഴുവന്‍ തുക സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ബി വിഭാഗത്തിലുള്ള മണ്ഡലങ്ങളില്‍ 20 മുതല്‍ 35 ലക്ഷം രൂപ വരെയും സി വിഭാഗത്തില്‍ 15 ലക്ഷം രൂപ വീതവും നല്‍കാനാണ് നിര്‍ദേശിച്ചതെങ്കിലും ഈ തുക സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയിരുന്നില്ല. കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിനായി നടത്തിയ പിരിവിനെയും ചെലവുകളെയും കുറിച്ചുള്ള കണക്കുകളും പാര്‍ട്ടി കോര്‍ ഗ്രൂപ്പിന് നല്‍കിയിട്ടില്ല. വ്യാജ റസീറ്റ് ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ എതിര്‍ചേരികള്‍ പരസ്പരം പഴിചാരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍