UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധി സമര്‍ത്ഥനായ ബനിയ ജാതിക്കാരനെന്ന് അമിത് ഷാ; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ കച്ചവടക്കാരായി മാത്രമാണ് അമിത് ഷാ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജെവാല പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി അതിസമര്‍ത്ഥനായ ബനിയ സമുദായക്കാരനാണെന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അമിത് ഷാ മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന് യാതൊരു പ്രത്യയശാസ്ത്ര അടിത്തറയുമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമിത് ഷാ, ഗാന്ധിയെ കുറിച്ച് പറഞ്ഞത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. ഉത്തരേന്ത്യയിലും ഗുജറാത്ത് അടക്കമുള്ള പശ്ചിമേന്ത്യന്‍ മേഖലയിലും വ്യാപാര, വ്യവസായങ്ങള്‍ കുലത്തൊഴിലായി കൊണ്ടുനടക്കുന്ന വൈശ്യ സമുദായക്കാരാണ് ബനിയ ആയി അറിയപ്പെടുന്നത്.

കോണ്‍ഗ്രസ് ബ്രിട്ടീഷുകാര്‍ തുടങ്ങിയ ഒരു അസോസിയേഷനാണ്. അത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയല്ല, അത് സ്വാതന്ത്ര്യസമരത്തിന് വേണ്ടി മാത്രമുണ്ടായ പ്രത്യേക സംവിധാനമാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധി ആവശ്യപ്പെട്ടത്. അദ്ദേഹം സമര്‍ത്ഥനായ ഒരു ബനിയ ആയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിനെ പിരിച്ചുവിടാനുള്ള നടപടികള്‍ ചിലര്‍ പൂര്‍ത്തിയാക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചിരുന്നു. മഹാത്മ ഗാന്ധിയേയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയുംം അധിക്ഷേപിച്ചതിന് ബിജെപി അദ്ധ്യക്ഷന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ കച്ചവടക്കാരായും പ്രത്യേക ജാതിക്കാരായും മാത്രമാണ് അമിത് ഷാ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജെവാല പറഞ്ഞു. വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ഹിന്ദു മഹാസഭയേയും ആര്‍എസ്എസിനേയും ബ്രിട്ടീഷുകാര്‍ പ്രത്യേക സംവിധാനമായി ഉപയോഗിക്കുകയായിരുന്നു. ഇന്ത്യയുടെ വിഭജനത്തിന് വേണ്ടിയായിരുന്നു ഇത്. ഇന്ന് കുറച്ച് സമ്പന്നര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഗാന്ധിജിയുടെ ഉദ്ധരണി മാത്രം ട്വീറ്റ് ചെയ്തു.

രാജ്യത്തെ മഹദ് വ്യക്തികളെ കുറിച്ച സംസാരിക്കുന്നത് ബഹുമാനത്തോടെയാകണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.

അതേസമയം താന്‍ ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നുമാണ് അമിത് ഷായുടെ വാദം. ഗാന്ധിജിയുടെ തത്വങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സൂര്‍ജെവാല മറുപടി പറയേണ്ടതുണ്ടെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ അമിത് ഷായെ പരിഹസിച്ചും വിമര്‍ശിച്ചും കൊണ്ട് എംകെ ഗാന്ധിയുടെ ഉദ്ധരണികള്‍ നിറയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍