UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവില്‍ നിന്ന്‌ ഗുജറാത്തില്‍ തിരിച്ചെത്തി

നേരത്തെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഇവരെ ആനന്ദ് ജില്ലയിലെ ഒരു റിസോര്‍ട്ടിലേയ്ക്കാണ് കൊണ്ടുപോയത്.

നാളെ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂറുമാറ്റം ഒഴിവാക്കാന്‍ ബംഗളൂരുവിലേയ്ക്ക് മാറ്റിയ 43 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.30ഓടെയാണ് ഇവരെത്തിയത്. നേരത്തെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഇവരെ ആനന്ദ് ജില്ലയിലെ ഒരു റിസോര്‍ട്ടിലേയ്ക്കാണ് കൊണ്ടുപോയത്. കോണ്‍ഗ്രസിന് ഒരു സീറ്റിലാണ് വിജയ സാധ്യതയുള്ളത്. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ അഹമ്മദ് പട്ടേലാണ് രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്. വിജയം ഉറപ്പാണെന്നും എംഎല്‍എമാരെല്ലാം കൂടെയുണ്ടെന്നും അഹമ്മദ് പട്ടേല്‍ അവകാശപ്പെട്ടു.

ബിജെപിയുടെ ചാക്കിട്ട് പിടിത്തം ഒഴിവാക്കാന്‍ ജൂലായ് 29നാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ കര്‍ണാടകയിലേയ്ക്ക് എംഎല്‍എമാരെ മാറ്റിയത്. പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേലയടക്കം ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതാണ് കോണ്‍ഗ്രസിലെ പ്രതിസന്ധിയിലാക്കിയത്. ഇതില്‍ മൂന്ന് പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ ആറ് പേര്‍ക്കും നാളെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല. ഇവരുടെ പേരുകള്‍ കോണ്‍ഗ്രസ് പട്ടികയില്‍ നിന്ന് വെട്ടിയിട്ടുണ്ട്. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്. മൂന്ന് സീറ്റുകളാണ് ഗുജറാത്തില്‍ ഒഴിവ് വന്നിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ അമിത് ഷായും സ്മൃതി ഇറാനിയുമാണ് മത്സരിക്കുന്നത്. ഇവര്‍ ജയമുറപ്പിച്ച് കഴിഞ്ഞു. അഹമ്മദ് പട്ടേലിന് ജയിക്കാന്‍ വേണ്ടത് 45 വോട്ടുകള്‍. നിലവില്‍ 51 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ശങ്കര്‍ സിംഗ് വഗേലയുടെ ബന്ധു ബല്‍വന്ത് സിംഗ് രാജ്പുത് ആണ് പട്ടേലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് ബല്‍വന്തിനെ ബിജെപിയിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ചരിത്രവും ബിജെപിയുടെ നുണകളും സംബന്ധിച്ച് ചില പഠന ക്ലാസുകള്‍ക്കായാണ് എംഎല്‍എമാരെ ബംഗളൂരുവിലേയ്ക്ക് അയച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന, കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിന്റെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍