UPDATES

ട്രെന്‍ഡിങ്ങ്

മുംബയ് സ്‌ഫോടന പരമ്പര കേസ്: അബു സലീം അടക്കം ആറ് പ്രതികള്‍ കുറ്റക്കാര്‍

പ്രതികളുടെ മേലുള്ള ഗൂഢാലോചന കുറ്റം ശരിവച്ചു. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് അബു സലീമിന് മേല്‍ ചുമത്തിയിരിക്കുന്നത്.

1993ലെ മുംബയ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ അധോലോക നേതാവ് അബു സലീം അടക്കമുള്ളവര്‍ കുറ്റക്കാരെന്ന് ടാഡ കോടതി. ആകെയുള്ള ഏഴ് പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മുസ്തഫ ദൊസ്സ, ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, കരീമുള്ള ഷെയ്ഖ്, റിയാസ് സിദ്ദിഖി, അബ്ദുള്‍ ഖയൂം എന്നിവരാണ് അബു സലീമിനെ കൂടാതെ ഈ കേസിലെ പ്രതികള്‍. അബ്ദുല്‍ ഖയൂമിനെ കോടതി കുറ്റവിമുക്തനാക്കി. അബു സലീമിനോപ്പം സഞ്ജയ്‌ ദത്തിനെ ചെന്ന് കണ്ട് ആയുധം കൈമാറി എന്നായിരുന്നു അബ്ദുല്‍ ഖയൂമിന് എതിരായ ആരോപണം. തിങ്കളാഴ്ച കേസില്‍ തുടര്‍വാദം കേള്‍ക്കും. പിന്നീട് ശിക്ഷ പ്രഖ്യാപിക്കും.

റിയാസ് സിദ്ദിഖി ഒഴികെയുള്ള പ്രതികളുടെ മേലുള്ള ഗൂഢാലോചന കുറ്റം ശരിവച്ചു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് അബു സലീമിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഐപിസി 326, 324, 436, 201 212, 302, 307 വകുപ്പുകള്‍. ആയുധങ്ങള്‍ കടത്തി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അബു സലീമിനെതിരെ ഉള്ളത്. 2005ല്‍ പോര്‍ച്ചുഗലില്‍ നിന്നാണ് അബു സലീമിനെ ഇന്ത്യയിലെത്തിച്ചത്. അതേസമയം അബു സലിം അടക്കമുള്ള ഒരു പ്രതിക്കെതിരെയും രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. കുറ്റവാളികളെ പാകിസ്ഥാനിലേയ്ക്ക് രക്ഷപ്പെടാന്‍ സഹായിച്ചതടക്കമുള്ള കുറ്റങ്ങളാണ് താഹിര്‍ മര്‍ച്ചന്റിനെതിരെ ചുമത്തിയിരിക്കുന്നത്. അബു സലിം, മുസ്തഫ ദൊസ്സ, ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ് എന്നിവര്‍ ഗൂഢാലോചനയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യാക്കൂബ് മേമനെ ആയുധങ്ങളുമായി മുസ്തഫ ദൊസ്സ സഹായിച്ചതായാണ് കണ്ടെത്തല്‍.

1993 മാര്‍ച്ച് 12ന് ബോംബെ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന 12 സ്ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രധാന പ്രതികളില്‍ ഒരാളായിരുന്ന യാക്കൂബ് മേമനെ 2015 ജൂലായ് 30ന് തൂക്കിലേറ്റിയിരുന്നു. ടൈഗര്‍ മേമന്‍ അടക്കമുള്ള പ്രതികളെ ഇനിയും പിടി കിട്ടിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍