UPDATES

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി; ആധാറിനെ ബാധിച്ചേക്കും

ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് 1954ലേയും 62ലേയും ഭരണഘടനാബഞ്ചുകളുടെ വിധികള്‍ അസാധുവാക്കിക്കൊണ്ട് സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചത്.

സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമെന്ന് സുപ്രീംകോടതി. ആധാര്‍ സൗകാര്യതയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ചുള്ള വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ചരിത്രപരമായ വിധി. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബഞ്ചാണ് 1954ലേയും 62ലേയും ഭരണഘടനാബഞ്ചുകളുടെ വിധികള്‍ അസാധുവാക്കിക്കൊണ്ട് സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചത്. എംപി ശര്‍മ, ഖരക് സിംഗ് കേസുകളിലെ സുപ്രീംകോടതി വിധികളാണ് റദ്ദാക്കപ്പെട്ടത്. ഈ വിധി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ ബാധിച്ചേക്കും. അതേസമയം ആധാര്‍ നിര്‍ബന്ധമാക്കണോ എന്ന കാര്യം അഞ്ചംഗ ബഞ്ച് തീരുമാനിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ സ്വകാര്യതയ്‌ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒമ്പതംഗ ബെഞ്ചിന് വിടുകയായിരുന്നു. ഈ വിധി ശരിയാണോയെന്നതാണ് ഒൻപതംഗ ബെഞ്ച് പരിശോധിച്ചത്.

സുപ്രീംകോടതി ജഡ്ജ്‌മെന്റ് വിശദമായി കാണുവാന്‍ ക്ലിക്ക് ചെയ്യുക

21ാം അനുച്ഛേദം സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പ് നല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയില്‍ സുവ്യക്തമായി പറയാത്ത സ്ഥിതിക്ക് സ്വകാര്യത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാവാമെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനോട് യോജിച്ചിരുന്നു. അതേസമയം മറ്റ് മൗലികാവകാശങ്ങള്‍പോലെ സ്വകാര്യതയും സമ്പൂര്‍ണമായ അവകാശമല്ലാത്തപ്പോഴും അത് മൗലികാവകാശം തന്നെയാണെന്നാണ് കേരളം വ്യക്തമാക്കിയത്. വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നാണ് കേരളം ആവശ്യപ്പെട്ടത്. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും സ്വകാര്യവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചാല്‍ വ്യക്തികളുടെ ജീവിതത്തേയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്ന് കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിരുന്നു.

ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ഇന്ത്യയില്‍ മറ്റ് വികസിത രാജ്യങ്ങളെ പോലെയല്ല സ്വകാര്യതയുടെ പ്രാധാന്യം എന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചത്. പ്രധാനമായും ആധാര്‍ പദ്ധതിയെ പിന്തുണച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. സ്വകാര്യതയ്ക്കുള്ള അവകാശം മുന്‍നിര്‍ത്തി ആധാര്‍ പദ്ധതി ഇല്ലാതാക്കാനാവില്ല. ഇന്ത്യയില്‍ ഭക്ഷണം, പാര്‍പ്പിടം, സാമൂഹ്യക്ഷേമ പദ്ധതികള്‍ തുടങ്ങിയവയ്ക്കുള്ള അവകാശമാണ് സ്വകാര്യതയ്ക്കുള്ള അവകാശത്തേക്കാള്‍ പ്രധാനമെന്ന് കെകെ വേണുഗോപാല്‍ വാദിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ്എ ബോബ്‌ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍എഫ് നരിമാന്‍, എഎം സാപ്രെ ഡിവൈ ചന്ദ്രചൂഡ്, എസ്‌കെ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചില്‍ ഉണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍