UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധോണി എങ്ങനെ എ ഗ്രേഡ് താരമാകും? രാജിക്കു പിന്നിലെ കാരണങ്ങള്‍ പറഞ്ഞ് രാമചന്ദ്ര ഗുഹ

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരേ രാമചന്ദ്ര ഗുഹയുടെ ബൗണ്‍സര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംസ്ധോണി, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ക്കെതിരേ നിശിതമായ വിമര്‍ശനവുമായി  രാമചന്ദ്ര ഗുഹ.  ബിസിസിഐ ഭരണസമതി  കമ്മിറ്റി ചെയര്‍മാന്‍ വിനോദ് റായിയ്ക്ക് അയച്ച കത്തിലാണ് ഗുഹയുടെ വിമര്‍ശനം. സുപ്രീംകോടതി നിയമിച്ച ഭരണസമിതിയില്‍ നിന്നു  രാമചന്ദ്ര ഗുഹ ഇന്നലെ രാജിവച്ചിരുന്നു. ധോണിക്ക് എ ഗ്രേഡ് കോണ്‍ട്രാക്ട് നല്‍കിയതിനെതിരെയും കോച്ച് അനില്‍ കുംബ്ലെയോട് കാണിക്കുന്ന മോശം പെരുമാറ്റത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഗുഹ നടത്തുന്നത്. താന്‍ രാജി വയ്ക്കുന്നതിനുള്ള കാരണങ്ങള്‍ രാമചന്ദ്ര ഗുഹ കത്തില്‍ വിശദമായി പറയുന്നു.

നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ടീമിന്റെ കോണ്‍ട്രാക്ടുകളെ ഒരു ‘സൂപ്പര്‍സ്റ്റാര്‍’ സിന്‍ഡ്രോം തകിടംമറച്ചിരിക്കുകയാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുന്നു. ടെസ്റ്റ് മത്സരങ്ങള്‍ അവസാനിപ്പിച്ച ധോണിക്ക് എ ഗ്രേഡ് കോണ്‍ട്രാക്ട് നല്‍കുന്നത് യാതൊരു ന്യായീകരണവുമില്ലാത്ത കാര്യമാണ്. ഇത് ക്രിക്കറ്റിന് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണ്. ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ കളിക്കാര്‍ക്ക് മാത്രമല്ല, പ്രധാന പരിശീലകനായ കുംബ്ലെയ്ക്കും പരിശീലക സംഘത്തിലെ മറ്റുള്ളവര്‍ക്കും വലിയ പങ്കുണ്ട്. കുംബ്ലെയ്ക്ക് സ്വാഭാവികമായും കാലാവധി നീട്ടി നല്‍കേണ്ടതാണ്. എന്നാല്‍ ഇക്കാര്യം അനിശ്ചിതത്വത്തില്‍ നിര്‍ത്തിയിരിക്കുകയാണ്.

സുനില്‍ ഗവാസ്‌കറിനെതിരെയും ഗുഹയുടെ കത്തില്‍ വിമര്‍ശനമുണ്ട്. ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കമ്പനി മേധാവിയാണ്. ഈ സ്ഥാനത്തിരുന്നുകൊണ്ടാണ് അദ്ദേഹം ബിസിസിഐയ്ക്ക് വേണ്ടി കമന്ററി പറയുന്നത്. ഒന്നുകില്‍ അദ്ദേഹം പിഎംജി വിടണം. അല്ലെങ്കില്‍ ബിസിസിഐയ്ക്ക് വേണ്ടിയുള്ള കമന്ററി നിര്‍ത്തണം – രാമചന്ദ്ര ഗുഹ പറയുന്നു. ഡെല്‍ഹി ഡെയര്‍ഡെവിള്‍ ഉപദേശകനും ഇന്ത്യ എ ടീമിന്റെ കോച്ചുമായ രാഹുല്‍ ദ്രാവിഡിനെതിരെയും ഗുഹ രംഗത്ത് വരുന്നുണ്ട്. ഒരാള്‍ എങ്ങനെയാണ് ഒരേസമയം ഇത്തരത്തില്‍ ഇന്ത്യന്‍ ടീമുമായും ഐപിഎല്‍ ടീമുമായും ബന്ധപ്പെടുന്നതെന്ന് രാമചന്ദ്ര ഗുഹ ചോദിക്കുന്നു. ബിസിസിഐയുടെ അശ്രദ്ധയാണോ ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണം. ഇത് ടീമിന് ഒട്ടും ഗുണകരമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍