UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം ഗ്യാസ് ചേംബര്‍ പോലെ: ആര്‍എസ്എസ് സഹയാത്രികന്‍ ഗുരുമൂര്‍ത്തി

നികുതി പിരിച്ചെടുക്കുക എന്ന പ്രാഥമിക കാര്യം ചെയ്യാതെ കള്ളപ്പണ വേട്ടയ്ക്ക് പോവുകയാണ് ചെയ്യുന്നത്.

നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ അവകാശപ്പെടുമ്പോള്‍ തന്നെ അത് രാജ്യത്ത് ഗ്യാസ് ചേംബറിന് സമാനമായ അവസ്ഥയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും സാമ്പത്തിക നിരീക്ഷകനും ആര്‍എസ്എസ് സഹയാത്രികനുമായ എസ് ഗുരുമൂര്‍ത്തി. സമ്പദ് വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലേയ്ക്കാണ് പോകുന്നതെന്ന് ഇപ്പോള്‍ തുഗ്ലക് മാഗസിന്‍ എഡിറ്റര്‍ കൂടിയായ ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി പിരിച്ചെടുക്കുക എന്ന പ്രാഥമിക കാര്യം ചെയ്യാതെ കള്ളപ്പണ വേട്ടയ്ക്ക് പോവുകയാണ് ചെയ്യുന്നത്. ജി എസ് ടി നല്ലൊരു ആശയവും സ്വാഗതാര്‍ഹവുമായ കാര്യവുമാണ്. എന്നാല്‍ അതില്‍ ചില അമിതമായ പ്രതീക്ഷകളുടേയും വ്യാമോഹങ്ങളുടേയും പ്രശ്‌നം അടങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ‘Demonetisation – Its role, Impact and Follow-up,’ എന്ന വിഷയത്തില്‍ മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ ചെന്നൈ ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗുരുമൂര്‍ത്തി.

ഒരേസമയത്ത് തന്നെ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് സമ്പദ് വ്യവസ്ഥക്ക് താങ്ങാനാവുന്നില്ല. നോട്ട് അസാധുവാക്കല്‍ നടപടിക്ക് ഏറെ ഗുണങ്ങളുണ്ടെങ്കില്‍ അത് വളരെ മോശപ്പെട്ട രീതിയിലാണ് നടപ്പാക്കപ്പെട്ടത്. ധനമന്ത്രാലയവും ആസൂത്രകരും തമ്മിലുള്ള ധാരണാപിശകും അതുണ്ടാക്കിയ ആശയക്കുഴപ്പവും ബാധിച്ചിട്ടുണ്ട്. കള്ളപ്പണക്കാര്‍ യഥാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയാണ് ചെയ്തത്. അസംഘടിതമേഖലയെ നോട്ട് നിരോധനം വലിയ പ്രതിസന്ധിയിലാക്കി. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. വളര്‍ച്ചാനിരക്ക് കുറഞ്ഞു. ഈ പ്രതിസന്ധി തുടരുകയാണ്. അതേസമയം സര്‍ക്കാരിനെ നേരിട്ട് കുറ്റപ്പെടുത്തുന്നതിനേക്കാള്‍ റിസര്‍വ് ബാങ്കിനെ കുറ്റപ്പെടുത്താനാണ് ഗുരുമൂര്‍ത്തി ശ്രമിച്ചത്. നോട്ട് നിരോധനത്തിന് മുമ്പ് മുദ്ര ബാങ്ക് നടപ്പാക്കേണ്ടിയിരുന്നു എന്നും മുദ്ര ബാങ്ക് തടഞ്ഞത് റിസര്‍വ് ബാങ്ക് ആണെന്നും ഗുരുമൂര്‍ത്തി കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കല്‍ വിവിധോദ്ദേശ പദ്ധതിയാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഇതിനെ കള്ളപ്പണ വേട്ടയിലൊതുക്കി. അതേസമയം ജനങ്ങള്‍ കലാപമുണ്ടാക്കാതെ ശാന്തരായി ഇരുന്നപ്പോള്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങളും സുപ്രീംകോടതിയുമാണെന്നും ഗുരുമൂര്‍ത്തി ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍