UPDATES

ന്യൂസ് അപ്ഡേറ്റ്സ്

24കാരിയെ തടവിലിടാന്‍ പിതാവിന് അവകാശമില്ല, എന്‍ഐഎ അന്വേഷണം പുനപരിശോധിച്ചേക്കാം: ഹാദിയ കേസില്‍ സുപ്രീംകോടതി

ഹാദിയയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പിതാവിനാണെന്ന് പറയാനാവില്ല. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് സുരക്ഷിതമായ ഇടത്ത് കോടതി ഇടപെട്ട് സംരക്ഷണം ഒരുക്കും.

24കാരിയായ യുവതിയെ തടഞ്ഞ് വയ്ക്കാന്‍ പിതാവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. വിവാദമായ ഹാദിയ കേസിലാണ് സുപ്രധാനമായ നിരീക്ഷണം. ഹാദിയയെ പിതാവും വീട്ടുകാരും ചേര്‍ന്ന് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയായ ഹാദിയയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പിതാവിനാണെന്ന് പറയാനാവില്ല. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് സുരക്ഷിതമായ ഇടത്ത് കോടതി ഇടപെട്ട് സംരക്ഷണം ഒരുക്കും. ആര്‍ട്ടിക്കിള്‍ 226 പ്രകാരം എങ്ങനെയാണ് ഒരു വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുക എന്ന് സുപ്രീംകോടതി ചോദിച്ചു. എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതി ഉത്തരവിന്‍റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമാണ് ഷെഫിന്‍ ജെഹാന്‍ ഹര്‍ജിയില്‍ പറയുന്നത്. ഹിന്ദുക്കളായ രണ്ട് ബിജെപി നേതാക്കള്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചവരാണ്. ഇവര്‍ക്കെതിരെയും എന്‍ഐഎ അന്വേഷണം നടത്തുമോ എന്ന് ഷെഫിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവേ ചോദിച്ചു.

അന്വേഷണം കുറ്റമറ്റതായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമായി റിട്ടയേര്‍ഡ് ജസ്റ്റിസ് രവീന്ദ്രനെ സുപ്രീം കോടതി മേല്‍നോട്ടം വഹിക്കുന്നതിന് സുപ്രീം കോടതി നിയമിച്ചിരുന്നു. എന്നാല്‍ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്മാറി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ തീവ്രവാദ ബന്ധ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍