UPDATES

ട്രെന്‍ഡിങ്ങ്

പാരിസ് ഉടമ്പടി; അമേരിക്കയ്ക്ക് അകത്തും പുറത്തു നിന്നും ട്രംപിന് കടുത്ത വിമര്‍ശനം

ഉടമ്പടിയില്‍ യാതൊരു പുനപരിശോധനയും സാദ്ധ്യമല്ലെന്ന് കാണിച്ച് ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും സംയുക്ത പ്രസ്താവനയിറക്കി.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തി. ഉടമ്പടിയില്‍ യാതൊരു പുനപരിശോധനയും സാദ്ധ്യമല്ലെന്ന് കാണിച്ച് ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും സംയുക്ത പ്രസ്താവനയിറക്കി. യുഎസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉടമ്പടിയായതുകൊണ്ടാണ് പിന്മാറുന്നതെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉടമ്പടി വരുകയാണെങ്കില്‍ അംഗീകരിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ നിലവിലെ ഉടമ്പടിയില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്്ഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണി എന്നിവര്‍ സംയുക്ത പ്രസ്താവനയയില്‍ വ്യക്തമാക്കി.

ഭൂമിക്കും ലോകത്തെ മുഴുവന്‍ ജനസമൂഹങ്ങള്‍ക്കും സമ്പദ് വ്യവസ്ഥകള്‍ക്കും ഏറെ ആവശ്യമായ ഒരു കാലാവസ്ഥാ ഉടമ്പടിയാണ് പാരീസ് ഉടമ്പടിയെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനായുള്ള നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങളോട് നേതാക്കള്‍ ആഹ്വാനം ചെയ്തു. വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും നേതാക്കളും ആവശ്യപ്പെട്ടു. ട്രംപിന്റെ തീരുമാനത്തില്‍ മെര്‍ക്കല്‍ നിരാശ രേഖപ്പെടുത്തിയതായി മെര്‍ക്കലിന്റെ വക്താവ് സ്റ്റെഫാന്‍ സീബര്‍ട്ട് ട്വീറ്റ് ചെയ്തു. ട്രംപിനെ ഇക്കാര്യം മെര്‍ക്കല്‍ ഫോണില്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി ഫോണില്‍ ബന്ധപ്പെട്ട മെര്‍ക്കല്‍, പാരീസ് ഉടമ്പടി വിജയകരമാക്കാന്‍ ആവശ്യമായ നടപടികളില്‍ ഫ്രാന്‍സുമായി സഹകരണം ശക്തമാക്കാന്‍ ധാരണയിലെത്തി. മേക്ക് അവര്‍ പ്ലാനറ്റ് ഗ്രേറ്റ് എഗൈന്‍ എന്ന് മക്രോണ്‍ ട്വീറ്റ് ചെയ്തു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ എന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മക്രോണിന്റെ ട്വീറ്റ്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിട്ട ബ്രിട്ടന്റെ പ്രതികരണം വളരെ മൃദുവായതായിരുന്നു. നിരാശയുണ്ട് എന്ന് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചത് ഏറെക്കഴിഞ്ഞാണ്.

195 രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. സിറിയ, നിക്കാരാഗ്വ, ഇപ്പോള്‍ യുഎസ് തുടങ്ങി അപൂര്‍വം രാജ്യങ്ങള്‍ മാത്രമാണ് ഉടമ്പടിക്ക് പുറത്തുള്ളത്. ജര്‍മ്മന്‍ പത്രങ്ങള്‍ രൂക്ഷ വിമര്‍ശനമാണ് ട്രംപിനെതിരെ നടത്തിയത്. ഒരു തലക്കെട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: ‘Earth to Trump: Fuck You’. മെക്‌സിക്കോ പ്രസിഡന്റ് എന്റിക് പെന നീറ്റോ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരും ശക്തമായ തീരുമാനത്തില്‍ ട്രംപിനെ തങ്ങളുടെ നിരാശ അറിയിച്ചു. പാരീസ് ഉടമ്പടിയില്‍ ഉറച്ച് നില്‍ക്കുന്നതായി ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖത്തടിച്ച പോലുള്ള നടപടിയായി പോയി അമേരിക്കയുടേതെന്ന് വത്തിക്കാന്‍ അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പാണ് കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കേണ്ടതിനെ കുറിച്ച് പോപ്പ് ട്രംപുമായി സംസാരിച്ചത്.

പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് ജപ്പാനും രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജപ്പാന്‍ പരിസ്ഥിതി മന്ത്രി രൂക്ഷമായാണ് അമേരിക്കന്‍ നടപടിയോട് പ്രതികരിച്ചത്. മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന പണിയാണിത്. നിരാശ മാത്രമല്ല, ദേഷ്യവും തോന്നുന്നുണ്ടെന്ന് പരിസ്ഥിതി മന്ത്രി കൊയ്ചി യമാമോട്ടോ പ്രതികരിച്ചു. ഓസ്‌ട്രേലിയയും ന്യൂസിലാന്റും ബ്രസീലും അമേരിക്കന്‍ നടപടിയില്‍ നിരാശ രേഖപ്പെടുത്തി. അമേരിക്കന്‍ നിലപാടിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും പാരീസ് ഉടമ്പടിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. അമേരിക്ക ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങുന്നത് ഇതിന്റെ നടപ്പാക്കലിനെ ദോഷകരമായി ബാധിക്കുമെന്നും പാരീസ് ഉടമ്പടിയെ റഷ്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പ്രസിഡന്റ് വളാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

അമേരിക്കയിലും ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ട്രംപ് ഗവണ്‍മെന്റ് എന്ത് തീരുമാനമെടുത്താലും തങ്ങള്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് യുഎസിലെ വിവിധ നഗരങ്ങളുടെ മേയര്‍മാര്‍ എടുത്തിരിക്കുന്ന നിലപാട്. പാരീസ് അടക്കം ലോകത്തെ വിവിധ നഗരങ്ങളിലെ മേയര്‍മാര്‍ അമേരിക്കന്‍ നടപടിയെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക എന്ത് തീരുമാനമെടുത്താലും ശരി, പാരീസ് ഉടമ്പടിക്ക് എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന 40 പ്രധാന നഗരങ്ങളുടെ കൂട്ടായ്മയുടെ അദ്ധ്യക്ഷയായ പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ പറഞ്ഞു. ലോകത്തെ രക്ഷിക്കാന്‍ വേറെ വഴിയില്ലെന്നും പാരീസ് മേയര്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍