UPDATES

ട്രെന്‍ഡിങ്ങ്

നിപ വൈറസിനെ മാത്രമല്ല, പേടിക്കണം ഈ വ്യാജ വൈദ്യന്മാരെയും

നിപ പനി ആരോഗ്യവകുപ്പിന്റെ ഒരു പ്രൊജക്ട് ആണെന്ന് മോഹനന്‍ വൈദ്യര്‍

ആരോഗ്യ വകുപ്പിനെതിരെ ഗുരുതരമായ ആരോപണവുമായി പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയിരിക്കുകയാണ്. രോഗികള്‍ പേരാമ്പ്രയില്‍ നിന്നും കൊണ്ടുവന്ന വവ്വാലും അണ്ണാനും തിന്നതിന്റെ ബാക്കിയെന്ന് പറയപ്പെടുന്ന മാങ്ങയും ചാമ്പയ്ക്കയും കഴിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമാണ് മോഹനന്‍ വൈദ്യര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഫേസ്ബുക്കിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതേസമയം നിപ പനി മൂലം തന്റെ ആയിരക്കണക്കിന് വരുന്ന രോഗികള്‍ താന്‍ നല്‍കിയ മരുന്ന് കഴിക്കുന്നത് നിര്‍ത്തരുതെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ഇതില്‍ നിന്നു തന്നെ തന്റെ മരുന്ന് വില്‍പ്പനയില്‍ ഉണ്ടായേക്കാവും ഇടിവാണ് ഇയാള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. നേരത്തെ ജേക്കബ് വടക്കഞ്ചേരിയും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. നിപ എന്നൊരു വൈറസില്ലെന്നും വ്യാജമാഫിയയുടെ സൃഷ്ടിയാണ് ഈ രോഗമെന്നുമാണ് വടക്കഞ്ചേരി പറഞ്ഞത്.

ഇന്നലെ കോഴിക്കോട് പോയിരുന്നുവെന്നും പേരാമ്പ്രയില്‍ നിന്നും വവ്വാലും അണ്ണാനും കടിച്ചതിന്റെയും തിന്നതിന്റെയും ബാക്കിയാണെന്നും മോഹനന്‍ വൈദ്യരുടെ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. കോഴിക്കോട് പോയപ്പോള്‍ തന്റെ രോഗികളുടെ ഭയം മാറ്റുവാനും അവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ട സത്യം മനസിലാക്കി കൊടുക്കുകയാണ്. രോഗികളാണ് ഈ പഴങ്ങള്‍ കൊണ്ടുവന്നത്. ‘ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു. ഞാന്‍ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഞാന്‍ മരിക്കണം’ എന്നാണ് കുറിപ്പില്‍ പറയുന്നത്.

മാമ്പഴവും ചാമ്പയ്ക്കും കൊണ്ടുവന്ന രോഗികളുടെ മുന്നില്‍ വച്ച് അതു കഴുകുക പോലും ചെയ്യാതെ കഴിക്കുകയാണെന്നാണ് മോഹനന്‍ വൈദ്യര്‍ അവകാശപ്പെടുന്നത്. വവ്വാല്‍ കടിച്ചതിന്റെ ബാക്കി താന്‍ കഴിക്കുന്നുവെന്നും പറയുന്നു. അതിന് ശേഷമാണ് നിപ പനി എന്നത് ആരോഗ്യ വകുപ്പിന്റെ ഒരു പ്രൊജക്ടാണെന്ന് മോഹനന്‍ വൈദ്യര്‍ പറഞ്ഞു വയ്ക്കുന്നത്. ആരോഗ്യ വകുപ്പാണ് നിപ പനി ഉണ്ടാക്കുന്നതെന്നും ഇയാള്‍ പറയുന്നു. വവ്വാലാണ് ഈ പനി പടര്‍ത്തുന്നതെങ്കില്‍ ആദ്യം വവ്വാലിന് ഇത് പിടിക്കണമെന്നും വവ്വാല്‍ ചത്തിട്ടില്ലെന്നും ഇയാള്‍ വിശദീകരിക്കുന്നു. ഈ പനിയെ പേടിച്ച് തന്റെ രോഗികള്‍ താന്‍ നല്‍കിയ മരുന്നുകള്‍ നിര്‍ത്തരുതെന്നും ഇയാള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ആയിരക്കണക്കിന് രോഗികളാണ് തനിക്കുള്ളതെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.

നിപ വൈറസിന് പിന്നില്‍ മരുന്ന് മാഫിയയാണെന്ന് പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കഞ്ചേരിയും നേരത്തെ ആരോപിച്ചിരുന്നു. നിപ വൈറസ് ഇല്ലെന്നും നിപ വൈറസ്, എലിപ്പനി, ഡെങ്കിപ്പനി എന്നിവ അടക്കമുള്ള എല്ലാ രോഗങ്ങള്‍ക്കും പിന്നില്‍ മരുന്ന് മാഫിയയാണെന്നുമാണ് വടക്കഞ്ചേരി ആരോപിച്ചത്. പിണറായിയിലെ കൊലപാതകങ്ങള്‍ക്ക് ഉത്തരം കിട്ടിയിരുന്നില്ലെങ്കില്‍ അതും വൈറസ് ബാധയാകുമായിരുന്നെന്നും വടക്കഞ്ചേരി പറയുന്നു. ഒരു പ്രകൃതി ചികിത്സകനും ഈ വൈറസ് മൂലം മരിക്കില്ലെന്നും ഇത്തരം പനികളെ തങ്ങള്‍ക്ക് പേടിയില്ലെന്നുമാണ് വടക്കഞ്ചേരി പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലാണ് ഇയാള്‍ ഇങ്ങനെ അവകാശപ്പെട്ടത്. താന്‍ വിയറ്റ്‌നാമിലാണെന്നും കോഴിക്കോട് തന്റെ സംഘടനയിലെ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ എത്തുമെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്.

മോഹനന്‍ വൈദ്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ സര്‍ക്കാരിന് പറ്റുന്നില്ലെങ്കില്‍ ഇയാള്‍ പറയുന്നത് ശരിയാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കുകയല്ലേയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് ചോദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ വ്യാജ വൈദ്യന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് ചെറിയ കളിയല്ല എന്ന് ശോഭ സുരേന്ദ്രനെങ്കിലും മനസിലാക്കണമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

പൊടിപാറിയ പ്രകൃതി പാക്കേജും അത്യത്ഭുത ഫാറ്റ് ടാക്‌സും

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍