UPDATES

സോഷ്യൽ വയർ

മക്കളുടെ പഠനച്ചിലവ് ഏറ്റെടുക്കാന്‍ പാര്‍വതി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ്; ‘പോരാടുന്ന, അത്ഭുതപ്പെടുത്തുന്ന നടിയാണ് അവര്‍’

ലിനി മരിച്ച ശേഷം സിനിമ കണ്ടിട്ടില്ലാത്ത താന്‍ ഉയരെ കാണുമെന്നും പാര്‍വതിയുടെ അതിജീവനത്തിന്റെ വിജയം കൂടിയാണ് ആ സിനിമയെന്നും സജീഷ്

നിപ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കാന്‍ നടി പാര്‍വതി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ്. ലിനി മരിച്ച് മൂന്നാം ദിവസം പാര്‍വതി തന്നെ വിളിച്ചിരുന്നുവെന്നും “സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ട്. പക്ഷെ ഒരിക്കലും തളരരുത്. ഞങ്ങള്‍ ഒക്കെ നിങ്ങടെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എറ്റെടുക്കാം, ആലോചിച്ച് പറഞ്ഞാല്‍ മതി”‘ എന്നായിരുന്നു പാര്‍വതി പറഞ്ഞതെന്നും ഫേസ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പില്‍ സജീഷ് പറയുന്നു.

പക്ഷെ അന്ന് താന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിക്കുകയായിരുന്നുവെന്നും പിന്നീട് പാര്‍വ്വതി തന്നെ മുന്‍കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രൂപ്പ് ഡോക്ടര്‍മാര്‍ ഇതേ ആവശ്യവുമായി തന്നെ സമീപിച്ചിരുന്നുവെന്നും സജീഷ് പറയുന്നു. “ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം” എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി’- സജീഷ് പറയുന്നു.

ലിനിയുടെ മരണശേഷം താന്‍ ഇതുവരെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും എന്നാല്‍ പാര്‍വതി നായികയായ ഈയടുത്ത് ഇറങ്ങിയ ഉയരെ കാണുമെന്നും സജീഷ് പറയുന്നു. “പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള, അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ”- സജീഷ് പറയുന്നു.

സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടിയാണ് പാര്‍വതി എന്നും സജീഷ് തന്റെ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു.

“ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു.

ഒരുപാട് സ്‌നേഹത്തോടെ പാര്‍വതിക്ക് ആശംസകള്‍”, സജീഷ് ഇങ്ങനെയാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിരവധി പേര്‍ സജീഷിന്റെ നല്ല വാക്കുകളെ അഭിനന്ദിക്കുമ്പോള്‍ ഈ പോസ്റ്റിനു താഴെയും പാര്‍വതിയെ അവഹേളിച്ചു കൊണ്ടുള്ള കമന്റുകളുമായി ഒരു വിഭാഗമുണ്ട്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു ലിനി. നിപ വൈറസ് ബാധിതര്‍ ആദ്യം ചികിത്സ തേടിയത് താലൂക്ക് ആശുപത്രിയിലാണ്. ഇവരെ ശുശ്രൂഷിച്ച ലിനിക്കും നിപ ബാധിച്ചു. വീട്ടില്‍ നിന്ന് മക്കളോട് യാത്ര പറഞ്ഞിറങ്ങിയ ലിനിക്ക് ആശുപത്രിയില്‍ വച്ചാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. പിന്നീട് മക്കള്‍ അമ്മയെ കണ്ടിട്ടില്ല. പനി തളര്‍ത്തിയിട്ടും ആശുപത്രിയിലെത്തി ജോലി തുടര്‍ന്ന ലിനിയെക്കുറിച്ച് നിപ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അഴിമുഖത്തോട് സംസാരിച്ചപ്പോള്‍ സജീഷ് ഓര്‍ത്തെടുത്തത്‌ ഇങ്ങനെയാണ്:  “മെഡിക്കല്‍ കോളേജില്‍ പോവുന്നതിന് രണ്ട് ദിവസം മുന്നെ ഞാന്‍ വിളിച്ചിരുന്നു. അപ്പോള്‍ പനിയാണ്, തീരെ വയ്യ എന്ന് പറഞ്ഞിരുന്നു. പനിയായതുകൊണ്ട് ഡ്യൂട്ടിക്ക് പോവണ്ട എന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ ഇന്ന് അവിടെ ആളില്ല, അതുകൊണ്ട് ഡ്യൂട്ടിക്ക് കയറണം എന്ന് പറഞ്ഞ് പോയി. അന്ന് വൈകിട്ട് ഡോക്ടര്‍ തന്നെയാണ് ഇവിടെ വീട്ടില്‍ കൊണ്ടുവിട്ടത്. മെഡിക്കല്‍ കോളേജിലേക്ക് പോവുന്ന വഴിക്ക് എന്നെ വീഡിയോ കോള്‍ ചെയ്തിരുന്നു. പനി മാറുന്നില്ല, ആശുപത്രിയിലേക്ക് പോവുകയാണ്, പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. പിന്നീട് ഏട്ടന്‍ വിളിച്ച് എന്തായാലും വന്നോളൂ എന്ന് പറഞ്ഞു. ഇവിടെയെത്തിയപ്പോഴാണ് ക്രിട്ടിക്കല്‍ ആണെന്ന് അറിയുന്നത്. ഒരു തവണ ഐസിയുവില്‍ കയറി ഞാന്‍ കണ്ടു. ഓക്സിജന്റെ അളവ് കുറവായതിനാല്‍ ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. മാസ്‌ക് വച്ചിരുന്നതിനാല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു അവസാന കാഴ്ച. മരിച്ചതിന് ശേഷം ഐസിയുവിലുള്ള സിസ്റ്ററാണ് അവള്‍ ബോധമുള്ള സമയത്ത് എഴുതിയാണെന്ന് പറഞ്ഞ് എനിക്കെഴുതിയ കത്ത് തരുന്നത്. അവള്‍ക്ക് ചിലപ്പോള്‍ നേരത്തെ എല്ലാം അറിയാവുന്നതുകൊണ്ടായിരിക്കാം.”

അന്ന് കേരളം മുഴുവന്‍ നെഞ്ചേറ്റിയ വരികളായിരുന്നു മരിക്കുന്നതിനു മുമ്പ് ലിനി സജീഷിനെഴുതിയ വരികള്‍: “സജീഷേട്ടാ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണം. പാവം കുഞ്ഞു, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ട് പോവണം….”,  ഒടുവില്‍ ഈയടുത്ത് ലിനിയുടെ ആഗ്രഹം പോലെ സജീഷ് കുഞ്ഞുവുമൊത്ത് അവന്‍ കാണാന്‍ ആഗ്രഹിച്ച ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു.

Also Read: ‘സജീഷേട്ടാ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ… പാവം കുഞ്ഞു, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ട് പോവണം’; ലിനിയുടെ ആഗ്രഹം പോലെ കുഞ്ഞു ഒടുവില്‍ ഗള്‍ഫിലെത്തി

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉയരെ…. ഉയരെ… പാര്‍വ്വതി

പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ.

സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത് ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്.

പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു.

ഒരുപാട് സ്‌നേഹത്തോടെ Parvathy Thiruvothu ന് ആശംസകള്‍

Read: ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍