UPDATES

ബ്ലോഗ്

ഫസല്‍ ഗഫൂറിന് പിന്നാലെ സിപിഎമ്മും; മുഖാവരണം രാഷ്ട്രീയ വിവാദമാകുമ്പോള്‍

മുസ്ലിം മതവിഭാഗത്തെയാകെ കള്ളവോട്ടുകാരായി ചിത്രീകരിക്കാനാണ് ഈ നീക്കമെന്നായിരുന്നു ആരോപണം

സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി എന്നിവര്‍ പോളിംഗ് ബൂത്തുകളില്‍ മുഖംമറയ്ക്കുന്ന പര്‍ദ്ദ ധരിച്ചുവരുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവന ചര്‍ച്ചയാകുകയാണ്. കാസറഗോഡ്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലായി 7 ബൂത്തുകളില്‍ നാളെ റീപോളിംഗ് നടക്കാനിരിക്കെയാണ് ഇവരുടെ പ്രസ്താവനകള്‍. നാലിടത്ത് സി പി എം കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നതെങ്കില്‍ മൂന്ന് ബൂത്തുകളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചത്. മുഖാവരണത്തിനെതിരായ പ്രസ്താവനയിലൂടെ സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നതും വീണ്ടും കള്ളവോട്ടിനുള്ള സാധ്യതയെക്കുറിച്ചാണ്.

മുഖംമൂടുന്ന വിധത്തില്‍ പര്‍ദ്ദയിട്ടവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ആദ്യ വെടി പൊട്ടിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ ആവശ്യപ്പെട്ടത്. പുരുഷന്മാര്‍ പോലും പര്‍ദ്ദയണിഞ്ഞ് വന്ന് കള്ളവോട്ട് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ എന്നുമായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശം. അതോടെ തന്നെ മതവിദ്വേഷമെന്ന ആരോപണവും ജയരാജന് നേരെ ഉയര്‍ന്നു. ഒരു വിഭാഗത്തെ അപമാനിക്കുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മുഖാവരണം ധരിച്ച് കള്ളവോട്ടെന്ന ആരോപണം പ്രതിക്കൂട്ടിലാക്കുന്നത് മുസ്ലിംലീഗിനെയാണെന്നതിനാല്‍ യുഡിഎഫ് അത്തരമൊരു നിലപാടെടുത്തതില്‍ യാതൊരു അത്ഭുതവുമില്ല. പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന അപലപനീയമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. പരാജയഭീതി മറയ്ക്കാനാണ് സിപിഎം ഈ വിവാദം ഉയര്‍ത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരായ സ്ത്രീകള്‍ മുഖം മറച്ച് എത്തിയിരുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം മതവിഭാഗത്തെയാകെ കള്ളവോട്ടുകാരായി ചിത്രീകരിക്കാനാണ് ഈ നീക്കമെന്നായിരുന്നു ആരോപണം. കൂടാതെ പര്‍ദ്ദ നിരോധിക്കാനുള്ള ആഹ്വാനമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ കോടിയേരിയുടെ പ്രസ്താവനയോടെ ഇതിന് കുറച്ചു കൂടി വ്യക്തത കൈവരുകയാണുണ്ടായത്. പര്‍ദ്ദയണിഞ്ഞ് വരുന്നവരെ വോട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കേണ്ടതില്ലെന്നും എന്നാല്‍ ബൂത്ത് ഏജന്റുമാരെ മുഖം കാണിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെടുന്നു. മുഖം മറച്ചെത്തുന്നവര്‍ ബൂത്ത് ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ മുഖം വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെടുന്നു.

എല്‍ഡിഎഫിന്റെ കണ്ണൂര്‍ സ്ഥാനാര്‍ത്ഥിയായ പി കെ ശ്രീമതിയും ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ ഫോട്ടോ നല്‍കിയിട്ടുള്ളവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ മാത്രം മുഖം മറയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് പി കെ ശ്രീമതി പറഞ്ഞത്. വോട്ടര്‍ പട്ടികയില്‍ ഇടം നേടണമെങ്കില്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് വേണം. അതുകൊണ്ട് തന്നെ എം വി ജയരാജന്‍ പറഞ്ഞതില്‍ മതപരമായ അധിക്ഷേപമില്ല എന്നും ശ്രീമതി ചൂണ്ടിക്കാണിക്കുന്നു. മുഖാവരണം ധരിച്ച് വരുന്നവരെ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ജയിക്കുന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫ് ജയിക്കുമെന്നായിരുന്നു ജയരാജന്റെ നിരീക്ഷണം.

ഡോ. ഫസല്‍ ഗഫൂര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താന്‍ പ്രസിഡന്റായ എംഇഎസിന്റെ സ്ഥാപനങ്ങളില്‍ ഇറക്കിയ സര്‍ക്കുലറും ഇതിന് സമാനമാണ്. എം ഇ എസ് സ്ഥാപനങ്ങളില്‍ മുഖാവരണം വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ മുസ്ലീം സമൂഹത്തില്‍ വലിയ വിവാദത്തിന് തന്നെ തീ കൊളുത്തി. ഇതിനെതിരെ മുസ്ലിം സമുദായം പ്രത്യേകിച്ചും ജമാഅത്ത് ഇസ്ലാമിയും സമസ്തയും ഒന്നടങ്കം ഫസല്‍ ഗഫൂറിനെതിരെ രംഗത്തെത്തുകയും ചെയ്തു. മതവിരുദ്ധമായ നിലപാടെടുത്തതിന് ഫസല്‍ ഗഫൂറിനെ അവര്‍ കൂട്ടമായാണ് ആക്രമിച്ചത്. എന്നാല്‍ അവിടെയും ഫസല്‍ ഗഫൂറിന്റെ വിശദീകരണം ശ്രദ്ധേയമാണ്. മുഖാവരണം ധരിച്ച ഒരു ഡോക്ടര്‍ രോഗിയെ പരിശോധിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്തതിന് ശേഷം രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഡോക്ടറെ എങ്ങനെ തിരിച്ചറിയുമെന്നും ആര് സമാധാനം പറയുമെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

ഈ വിശദീകരണത്തെയും തള്ളിക്കളയാനാകില്ല. രണ്ടിനും നിയമപരമായ പിന്‍ബലവുമുണ്ട്. അതിനാല്‍ തന്നെ യുഡിഎഫിന്റെയും യാഥാസ്ഥിതിക മതവാദികളുടെയും വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമുണ്ടാകേണ്ടതുമില്ല. അതിന്റെ പ്രതിഫലനമാണ് ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. മുഖാവരണം അണിഞ്ഞ് വരുന്ന വോട്ടര്‍മാരെ പരിശോധിക്കുമെന്നും അതിനായി പ്രത്യേക വനിതാ ഓഫീസര്‍മാരെ സജ്ജരാക്കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

*Representation Image

Read More: മോദിയും അമിത് ഷായും ഇന്നലെ പോറലേല്‍ക്കാതെ രക്ഷപ്പെട്ടു; ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്നേഹവാത്സല്യം അത്രമേല്‍ ഭയങ്കരമായിരുന്നു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍