UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം നല്‍കില്ല: ഭീഷണിയുമായി മോദി

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ പരാമര്‍ശങ്ങളാണ് മോദി വഡോദരയില്‍ നടത്തിയത്

കേന്ദ്രസര്‍ക്കാരിനെയും വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മോദി കേന്ദ്ര നയങ്ങളെ വിമര്‍ശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ പരാമര്‍ശങ്ങളാണ് മോദി വഡോദരയില്‍ നടത്തിയത്. ‘അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവും ഇല്ല. അതുപോലെ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കുകയുമില്ല’ മോദി പറയുന്നു.

മോദിയുടെ സന്ദര്‍ശനത്തിനും വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായമൊരുക്കുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ഇതിനെ ശരിവയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ഇന്നലെ വഡോദരയിലുണ്ടായത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് 1,140 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനമാണ് മോദി പ്രധാനമായും നടത്തിയത്. നേരത്തെ ഗുജറാത്തിലെ പൊതുപരിപാടിയില്‍ ഒരു ദിവസം കൊണ്ട് താന്‍ വഡോദരയില്‍ 3650 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് മോദി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സാമ്പത്തിക വിദഗ്ധരും രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നാണ് വിലയിരുത്തുന്നതെങ്കിലും ഇന്ത്യന്‍ സാമ്പത്തിക രംഗം ശരിയായ ദിശയിലാണെന്നാണ് മോദി അവകാശപ്പെടുന്നത്. ‘എല്ലാ പരിഷ്‌കാരങ്ങള്‍ക്കും കനത്ത തീരുമാനങ്ങള്‍ക്കും ശേഷം രാജ്യത്തിന്റെ സാമ്പത്തിക രംഗം നേരായ പാതയിലാണ്. സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍ അംഗീകരിച്ചു കഴിഞ്ഞു. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കല്‍ക്കരി, വൈദ്യുതി, പ്രകൃതി വാതകം തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.

വിദേശ കമ്പനികള്‍ ഇന്ത്യയില്‍ മുമ്പെങ്ങുമില്ലാത്ത വിധം നിക്ഷേപം നടത്തുകയാണ്. 30,000 കോടി ഡോളറില്‍ നിന്നും ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ 40,000 കോടി ഡോളറായി. സാമ്പത്തിക പരിഷ്‌കാരം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ് ഇതുവരെ എടുത്തതെന്നാണ് മോദി അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍