UPDATES

ട്രെന്‍ഡിങ്ങ്

ഹോണ്ട ഷോറൂമില്‍ മുസ്ലിം ഡ്രൈവര്‍മാരെ വേണ്ട; പരസ്യം വ്യാജമെന്ന് അധികൃതര്‍

വര്‍ഗ്ഗീയസംഘര്‍ഷം സൃഷ്ടിക്കാനായി ആരോ മനഃപൂര്‍വം തയ്യാറാക്കിയതാണ് ഈ വ്യാജ പരസ്യമെന്നും ഷോറൂം മാനേജര്‍

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ഹോണ്ട ജനറേറ്റര്‍ മൂവാറ്റുപുഴ ഷോറൂം ഇറക്കിയത് എന്ന പേരില്‍ പ്രചരിക്കുന്ന പരസ്യം കൃത്രിമമായി ഉണ്ടാക്കിയതെന്ന് സ്ഥാപനം. തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും മുസ്ലിങ്ങളുള്‍പ്പെടെ ഷോറൂമില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

പതിനായിരം രൂപ വരെ വേതനവും ഇന്‍സെന്റീവും വാഗ്ധാനം ചെയ്ത് കൊണ്ട് ഹോണ്ട ജനറേറ്റര്‍ ഷോറൂമിലേക്ക് ഡ്രൈവറെ ഉടന്‍ വേണം എന്നാണ് പരസ്യം ചെയ്തിരിക്കുന്നത്. പത്താം ക്‌ളാസ് വിദ്യാഭ്യാസവും ഫോര്‍ വീലര്‍, ടു വീലര്‍ വാഹന ലൈസന്‍സും യോഗ്യതയായി പറഞ്ഞിട്ടുണ്ട്. ഇതിനു താഴെയാണ് ‘പരിഗണിക്കുന്ന മതം ഹിന്ദു, ക്രിസ്ത്യന്‍ മാത്രം’ എന്ന് കൂടി എഴുതിയിരിക്കുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് എന്ന പേരില്‍ ഇന്നലെ മുതല്‍ ഇത് വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് മൂവാറ്റുപുഴ ഹോണ്ട ജനറേറ്റര്‍ ഷോറും സെയില്‍സ് മാനേജര്‍ പറയുന്നത് ഇങ്ങനെയാണ്. ”ഇത് ആരോ വ്യാജമായി നിര്‍മിച്ചിട്ടുള്ളതാണ്. ഞങ്ങളുടെ സ്ഥാപനത്തില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ജോലി ചെയ്യുന്നുണ്ട്. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനായി ആരോ മനഃപ്പൂര്‍വ്വം ചെയ്തതാണ്. മതസ്പര്‍ധ ഉണ്ടാക്കാന്‍ യാതൊരു താല്‍പര്യവുമില്ലാത്തത് കൊണ്ട് തന്നെ ഞങ്ങള്‍ പബ്‌ളിക്കായി ഒരു വിശദീകരണം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് സംഗതി അറിഞ്ഞത് തന്നെ’.

മുസ്ലിം പ്രാതിനിധ്യമുള്ള ഒരു പ്രദേശത്ത് പ്രവര്‍ത്തിക്കുകയും മൂന്ന് മുസ്ലിങ്ങള്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്. ഇത്തരമൊരു പ്രവൃത്തി ഞങ്ങളില്‍ നിന്നൊരിക്കലും ഉണ്ടാകില്ല. ബിസിനസ് സംബന്ധമായ ശത്രുതയുടെ പേരില്‍ ആരെങ്കിലും ചെയ്ത വൃത്തികേടാകാനേ സാധ്യതയുള്ളൂ.”

മതവികാരം വ്രണപ്പെടുത്തി പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി ഇത് ചെയ്ത ആളുകളെ സഹായിക്കുന്ന തരത്തില്‍ ഈ ചര്‍ച്ചയെ വികസിപ്പിക്കേണ്ട എന്ന് കരുതി നിയമപരമായ നടപടികള്‍ക്ക് മുതിരുന്നില്ലെന്നും ഷോറൂം അധികൃതര്‍ അറിയിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍