UPDATES

ട്രെന്‍ഡിങ്ങ്

ഗോരക്ഷകരില്‍ നിന്നും തന്റെ പശുവിന് സംരക്ഷണം കിട്ടണം; ഉന്നതങ്ങളില്‍ പരാതികള്‍ സമര്‍പ്പിച്ച് ജ്യോതി കാത്തിരിക്കുകയാണ്

ഗോസംരക്ഷകരുടെ ആക്രമണം ഭയന്ന് ഇപ്പോള്‍ കന്നുകാലികളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഒരു ട്രക് ഡ്രൈവറും സന്നദ്ധരാവുന്നില്ല എന്നാണ് മീററ്റ് ജില്ല ട്രാന്‍പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ഗൗരവ് ശര്‍മ്മ പറയുന്നത്

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും 24 കാരി ജ്യോതി താക്കൂര്‍ വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ്. ഏഴ് വയസു പ്രായമുള്ള തളര്‍ന്നുകിടക്കുന്ന അവരുടെ പശുവിനെ 200 കിലോമീറ്റര്‍ അകലെ ബറേലിയിലെ ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കായി എത്തിക്കണം. പക്ഷെ, പശുസംരക്ഷകരുടെ ആക്രമണം ഭയന്ന് ട്രക്ക് ഡ്രൈവര്‍മാര്‍ ആരുംതന്നെ അത്രയും ദൂരം പശുവിനെയും കൊണ്ട് യാത്ര ചെയ്യാന്‍ തയ്യാറാവുന്നില്ല. പ്രശ്‌നം പ്രാദേശികമായി പരിഹരിക്കാനാവില്ലെന്ന് മനസിലാക്കിയ ജ്യോതി, ഇപ്പോള്‍ ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിച്ച് പശുവിനെ സംരക്ഷിക്കാന്‍ കാത്തിരിക്കുകയാണ്.

നവംബര്‍ 13 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്തവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ട്വീറ്ററിലൂടെ പരാതി സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഇവര്‍. എന്നാല്‍, ഈ പശുപ്രേമികളായ അധികാരികളില്‍ നിന്നൊന്നും അവര്‍ക്ക് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ബംഗളൂരുവിലെ ജോലിയില്‍ നിന്നും ലീവെടുത്ത് മീററ്റിനടത്തുള്ള ലാല മുഹമ്മദ്പൂര്‍ ഗ്രാമത്തില്‍ നടപടിയും കാത്തിരിക്കുന്നത് മാത്രം മിച്ചം.

പശുവിനെ ദുരവസ്ഥയില്‍ ഉപേക്ഷിച്ച് തിരികെ ജോലിക്ക് പോകാനും അവര്‍ക്ക് സാധിക്കുന്നില്ല. താന്‍ പൂര്‍ണമായും നിസ്സഹായ ആണെന്ന് അവര്‍ പറയുന്നു. ഒക്ടോബര്‍ 28നാണ് എഴുവയസുകാരി മോനി തളര്‍ന്നുവീണത്. തുടക്കത്തില്‍ സ്ഥലത്തെ ഒരു സ്വകാര്യ വെറ്റെറിനറി ഡോക്ടറുടെ ചികിത്സയില്‍ നില അല്‍പം മെച്ചപ്പെട്ടെങ്കിലും രണ്ട് ദിവസത്തിന് ശേഷം പൂര്‍ണമായും തളര്‍ന്ന് വീഴുകയായിരുന്നു. പ്രദേശത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും അവിടെ എക്‌സ്-റെ എടുക്കാനും മറ്റും സൗകര്യമില്ലാത്തതിനാല്‍ ബറേലിയിലെ ഐവിആര്‍ഐയിലേക്ക് കൊണ്ടുപോകാന്‍ അവരാണ് ഉപദേശിച്ചത്.

തുടര്‍ന്നാണ് പ്രദേശത്തെ ട്രക്ക് ഡ്രൈവര്‍മാരുടെ സഹായം ഇവര്‍ തേടിയത്. എന്നാല്‍ ഹൈവേയില്‍ ഗോസംരക്ഷകര്‍ ഉണ്ടാവുമെന്നും പശുവിനെ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറെയും ക്ലീനറെയും അവര്‍ ഉപദ്രവിക്കുമെന്നും അതിനാല്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു അവരുടെ മറുപടി. ചികിത്സയ്ക്കായി കൊണ്ടുപോവുകയാണെന്ന വാദമൊന്നും അത്തരക്കാരോട് ചിലവാകില്ലെന്നും, എല്ലാ പശുക്കളെയും കശാപ്പിന് കൊണ്ടുപോവുകയാണെന്നാണ് അവരുടെ അടിസ്ഥാന പ്രമാണമെന്നും ട്രക്ക് ഡ്രൈവര്‍മാര്‍ ജ്യോതി താക്കൂറിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് അവര്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും മീററ്റിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരവിന്ദ് സിംഗിന്റെയും സഹായം തേടിയെങ്കിലും പശുവിനെ കൊണ്ടുപോകാനുള്ള ധൈര്യം അവര്‍ക്കും ഉണ്ടായിരുന്നില്ല. എന്തിന് ജില്ല മജിട്രേറ്റ് സമീര്‍ വര്‍മ്മ പോലും ഇക്കാര്യത്തില്‍ നിസ്സഹായനായിരുന്നു.

അപ്പോഴാണ് ‘മോദി സര്‍ക്കാരിന് കീഴിലുള്ള ജനാധിപത്യത്തിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കാര്‍ വളരെ സംതൃപ്തരാണ്’ എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനുള്ള റീ-ട്വീറ്റില്‍, കഴിഞ്ഞ രാത്രി മുതല്‍ മോനി എന്ന പശുവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രിക്ക് താന്‍ 200ല്‍ ഏറെ ട്വീറ്റുകളും മെയിലുകളും അയച്ച കാര്യം അവര്‍ രേഖപ്പെടുത്തിയത്. മോനി എന്ന പശു, ഗോമാതാവിന്റെ ഗണത്തില്‍ പെടുന്നതല്ലേ എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്. പശുവിനെ ബറേലിയിലെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വിവരിച്ചാണ് അവര്‍ സര്‍ക്കാരിലെയും ബിജെപിയിലെയും മറ്റ് ഉന്നതരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചതും. പക്ഷെ, ഗോരക്ഷകര്‍ എന്ന പേരില്‍ അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും നിസ്സഹായരാണ്.

ഗോസംരക്ഷകരുടെ ആക്രമണം ഭയന്ന് ഇപ്പോള്‍ കന്നുകാലികളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഒരു ട്രക് ഡ്രൈവറും സന്നദ്ധരാവുന്നില്ല എന്നാണ് മീററ്റ് ജില്ല ട്രാന്‍പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ഗൗരവ് ശര്‍മ്മ പറയുന്നത്. മതിയായ രേഖകള്‍ കാണിച്ചാലും ഈ സാമൂഹ്യവിരുദ്ധര്‍ ഡ്രൈവറെയും ക്ലീനറെയും മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. പശുക്കളെയും അവയുടെ കുട്ടികളെയും കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യുപി ട്രക്ക് ഓപ്പറേറ്റേഴ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ അവസ്ഥിയും പറയുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ ജില്ല മജിട്രേറ്റ് തയ്യാറായില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍