UPDATES

വാര്‍ത്തകള്‍

രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടില്‍ സിദ്ദിഖ് തന്നെയല്ലേ? സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നു രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധി വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നു ടി സിദ്ദിഖ്

രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട് മണ്ഡലത്തില്‍ ടി സിദ്ദിഖ് തന്നെ മത്സരിക്കുമെന്ന കാര്യം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അനിശ്ചിതത്വത്തിലാക്കി ചെന്നിത്തല സംസാരിച്ചത്. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വരുന്നില്ലെങ്കില്‍ സിദ്ദിഖ് തന്നെയായിരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലല്ലോ, സ്ഥനാര്‍ത്ഥിയെ എത്രയും വേഗം പ്രഖ്യാപിക്കും എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

വയനാട് സീറ്റില്‍ സിദ്ദിഖ് മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ വ്യക്തമാക്കുകയും മണ്ഡലത്തില്‍ സിദ്ദിഖ് പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പേര് ഇവിടെ ഉയര്‍ന്നു വന്നത്. രാഹുലിനു വേണ്ടി താന്‍ മാറുകയാണെന്നു സിദ്ദിഖും പ്രഖ്യാപിച്ചു. എന്നാല്‍ രാഹുല്‍ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായൊരു ഉത്തരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രാഹുല്‍ വരില്ലെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പ് വന്നതോടെയാണ് വയനാട്ടില്‍ സിദ്ദിഖ് മത്സരിക്കുമോ അതോ പുതിയൊരാള്‍ വരുമോ എന്ന ആശയക്കുഴപ്പം വീണ്ടും ഉടലെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അതിനുവേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലത്തുന്നുണ്ടെന്നുമാണ് സിദ്ദിഖ് ഇന്നും പറഞ്ഞിരിക്കുന്നത്. രാഹുല്‍ വന്നില്ലെങ്കില്‍ താന്‍ തന്നായാകും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഇപ്പോള്‍ സിദ്ദിഖ് പ്രതികരിക്കുന്നുമില്ല.

ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു വയനാട്. എം ഐ ഷാനവാസ് ആയിരുന്നു മണ്ഡല രൂപീകരണത്തിനുശേഷം രണ്ടു തവണയും ഇവിടെ മത്സരിച്ചത്. ഷാനവാസിന്റെ വിയോഗത്തെ തുടര്‍ന്ന് ഇത്തവണ ഷാനിമോള്‍ ഉസ്മാനെയാണ് ഐ ഗ്രൂപ്പ് പരിഗണിച്ചിരുന്നത്. തനിക്ക് വയനാട് തന്നെ വേണമെന്ന വാശിയിലായിരുന്നു ഷാനിമോളും. എന്നാല്‍ നിര്‍ണായകമായൊരു നീക്കത്തിലൂടെ വയനാട് ഉമ്മന്‍ ചാണ്ടി തന്റെ വിശ്വസ്തനായ സിദ്ദിഖിനുവേണ്ടി സ്വന്തമാക്കുകയാണുണ്ടായത്. ദേശീയനേതൃത്വത്തിലും ഇതിനുവേണ്ടി ശക്തമായ സമ്മര്‍ദ്ദം ഉമ്മന്‍ ചാണ്ടി ചെലുത്തി. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം പോലും വയനാട് സീറ്റിന്റെ പേരില്‍ നീണ്ടുപോയതോടെയാണ് ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ സമ്മതം മൂളാന്‍ ഹൈ കമാന്‍ഡിനെ പ്രേരിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ സിദ്ദിഖിന്റെയും വടകരയില്‍ കെ മുരളീധരന്റെയും പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈയൊരു നീക്കം ഹൈ കമാന്‍ഡിനെ ചൊടിപ്പിച്ചെന്നാണ് അറിയുന്നത്. കെപിസിസി പ്രസിഡന്റെ പ്രഖ്യാപനത്തിനുശേഷം പുറത്തു വന്ന ഔദ്യോഗിക ലിസ്റ്റുകളില്‍ ഒന്നും തന്നെ വയനാടും വടകരയും ഉള്‍പ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വലിയ ചര്‍ച്ചയായി ഉയര്‍ന്നു വന്നതും. ബിജെപി ഇതിനെ രാഷ്ട്രീയമായി മുതലെടുക്കുകയും ഇടതുപക്ഷം തങ്ങളുടെ വിയോജിപ്പുകള്‍ അറിയിക്കുകയും ചെയ്തതോടെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വന്‍ ചര്‍ച്ചയായി മാറി. കേരളത്തിലെ ഗ്രൂപ്പ് കളിയാണ് ഇത്തരമൊരു സന്നിഗ്ദ്ധഘട്ടത്തിലേക്ക് പാര്‍ട്ടിയെ വലിച്ചിട്ടതെന്ന ആക്ഷേപവും ഇതിനിടയില്‍ ഉണ്ടായി. ഇപ്പോള്‍ രാഹുലിന്റെ കാര്യത്തില്‍ തീരുമാനം വരുമ്പോഴും വയനാട് സീറ്റിന്റെ കാര്യത്തില്‍ ഇവിടെ തുടരുന്ന തര്‍ക്കങ്ങള്‍ സൂചിപ്പിക്കുന്നതും ഗ്രൂപ്പ് പോര് തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍