UPDATES

വൈറല്‍

എടിഎം യന്ത്രത്തില്‍ എലിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: കരണ്ട് തിന്നത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍

എടിഎം യന്ത്രം കേടായതിനെ തുടര്‍ന്ന് 20 ദിവസത്തോളം അടഞ്ഞു കിടക്കുകയായിരുന്നു

എടിഎം യന്ത്രത്തില്‍ കടന്നുകൂടിയ എലി കരണ്ട് തിന്നത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ലായ്പുലിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ കടന്നു കൂടിയ എലിയാണ് അപ്രതീക്ഷിത സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അധികൃതര്‍ പരിശോധിച്ചപ്പോഴാണ് നശിപ്പിക്കപ്പെട്ട രീതിയില്‍ നോട്ടുകള്‍ കണ്ടെത്തിയത്.

അഞ്ഞൂറ് രൂപയുടെയും രണ്ടായിരം രൂപയുടെയും നോട്ടുകളാണ് എലി കരണ്ടത്. മെയ് 19നാണ് ഒരു സ്വകാര്യ കമ്പനി എടിഎമ്മില്‍ പണം നിക്ഷേപിച്ചത്. പിറ്റേ ദിവസം തന്നെ യന്ത്രം കേടാകുകയും ചെയ്തു. ജൂണ്‍ 11നാണ് അധികൃതര്‍ ഇത് നന്നാക്കാനെത്തിയത്. ഇതിനായി എടിഎം തുറന്നു പരിശോധിച്ചപ്പോഴാണ് എലി കരണ്ട നോട്ടുകള്‍ കണ്ടെത്തിയത്. ഇരുപത് ദിവസത്തോളം അടഞ്ഞു കിടന്ന എടിഎം യന്ത്രത്തില്‍ ഒരു എലി കടന്നു കൂടുകയും തന്റെ പണി നടത്തുകയുമായിരുന്നു.

ഗുവഹത്തി ആസ്ഥാനമാക്കിയുള്ള എഫ്‌ഐഎസ്: ഗ്ലോബല്‍ ബിസിനസ് സൊല്യൂഷന്‍സ് എന്ന കമ്പനി 29 ലക്ഷം രൂപയാണ് യന്ത്രത്തില്‍ നിക്ഷേപിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുപത് ദിവസത്തോളം യന്ത്രം നന്നാക്കാന്‍ ആരും വരാതിരുന്നതിലാണ് ജനങ്ങള്‍ക്ക് സംശയം. ടിന്‍സുക്കിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടിഎമ്മിലെ എലി കരണ്ട നോട്ടുകെട്ടുകളുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍