UPDATES

ബീഫ് രാഷ്ട്രീയം

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ന് പ്രതിഷേധം

Not In My Name എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്

ഇന്ത്യയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നിരന്തരമായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സിവില്‍ സൊസൈറ്റി ഇന്ന് സമരമുഖത്ത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 11 നഗരങ്ങളില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കും. ഇതിനു പുറമെ ലണ്ടന്‍, ടൊറന്റോ തുടങ്ങിയ വിദേശ നഗരങ്ങളിലും Not In My Name എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ നടക്കും.

കഴിഞ്ഞയാഴ്ച, പെരുന്നാളിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് ഷോപ്പിംഗ് നടത്തി ഹരിയാനയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന 15-കാരന്‍ ജുനൈദിനേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും ട്രെയിനില്‍ വച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജുനൈദ് പിന്നീട് മരിച്ചു. സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഇവര്‍ മുസ്ലീങ്ങളാണ് എന്ന രീതിലേക്ക് മാറുകയും അതിന്റെ പേരില്‍ ജുനൈദിനേയും കൂടെയുള്ളവരേയും ആക്രമിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഗുഡ്ഗാവ് കേന്ദ്രമായുളള്ള ഫിലിം മേക്കര്‍ സബാ ദിവാന്‍ ഇതിനെതിരെ പ്രതിഷേധിക്കണം എന്നാഹ്വാനം ചെയ്തുള്ള കുറിപ്പ് ഫേസ്ബുക്കിലിട്ടത്.

കഴിഞ്ഞ കുറെ നാളുകളായി വര്‍ഗീയ, ജാതി ആക്രമണങ്ങള്‍ നിരന്തരം നടന്നുവരികയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മ രുപീകരിച്ച് പ്രത്യേക പേജും ആരംഭിച്ചു. ദളിത്, ആദിവാസികള്‍, മറ്റ് ന്യൂനപക്ഷ ഗ്രൂപ്പുകള്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ അതേ രീതിയാണ് മുസ്ലീങ്ങളെ ടാര്‍ഗറ്റ് ചെയ്തുള്ള ഇപ്പോഴത്തെ ആക്രമണങ്ങളെന്നും സര്‍ക്കാര്‍ ഇതിനെതിരെ കരുതിക്കൂട്ടിയുള്ള മൗനത്തിലാണെന്നും അവര്‍ ആരോപിക്കുന്നു.

2015 സെപ്റ്റംബറില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ വീടിനകത്തു കയറി ജനക്കൂട്ടം അടിച്ചു കൊന്നപ്പോള്‍ മുതല്‍ നടക്കുന്നതാണെന്ന് ദിവാന്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ പോലും ഹനിക്കുന്നതാണ് ഇത്തരത്തിലുള്ള ആക്രമണമെന്നും ഭരണകൂടം ഇതിനോട് മൗനം പാലിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇന്നു വൈകിട്ട് ആറു മണിക്ക് ഡല്‍ഹിയിലെ ജന്ദര്‍ മന്ദറിലാണ് Not In My Name പ്രതിഷേധം അരങ്ങേറുക. ജൂനൈദിന്റെ മാതാപിതാക്കളെയും പ്രതിഷേധ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മുംബൈയിലും സമാനമായ വിധത്തില്‍ ഇന്ന് പ്രതിഷേധം അരങ്ങേറും. ബാന്ദ്രാ മേഖലയിലെല കാര്‍ട്ടര്‍ റോഡില്‍ വൈകിട്ട് ആറു മണിക്കാണ് പ്രതിഷേധം.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ വൈകിട്ട് 5.30-നും കൊച്ചിയില്‍ ഹൈക്കോടതി ജംഗ്ഷനില്‍ വൈകിട്ട് അഞ്ചിനും പ്രതിഷേധം അരങ്ങേറും.

ബാംഗ്ലൂര്‍ ടൗണ്‍ ഹാളില്‍ വൈകിട്ട് ആറു മണിക്ക് പ്രതിഷേധ യോഗം നടക്കും. പാറ്റ്‌നയില്‍ വൈകിട്ട് ആറു മണിക്ക് ഗാന്ധി മൈതാനിയിലാണ് പ്രതിഷേധം അരങ്ങേറുക. കൊല്‍ക്കത്തയില്‍ വൈകിട്ട് അഞ്ചുമണിക്ക് മധുസൂദന്‍ മഞ്ചയ്ക്കടുത്ത് ദക്ഷിണാപാനിലാണ് പ്രതിഷേധം. ഹൈദരാബാദില്‍ വൈകിട്ട് നാലു മണിയോടെ ടാങ്ക് ബണ്ടിലാണ് പ്രതിഷേധം. ലക്‌നൗവില്‍ വൈകിട്ട് നാലരയ്ക്ക് ഹസാരിഗഞ്ച് ഗാന്ധി പാര്‍ക്കില്‍ പ്രതിഷേധം അരങ്ങേറും. ചെന്നൈയില്‍ നുങ്കപ്പാക്കത്തെ വള്ളുവര്‍ കോട്ടത്ത് ജൂലൈ ഒന്നിനാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍