UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ ആത്മരതിക്ക് ചികിത്സയുണ്ട്; ടൈംസ് ഓഫ് ഇന്ത്യയില്‍ പരസ്യം നല്‍കി പ്രതിഷേധം

അടിയന്തരാവസ്ഥക്കാലത്താണ് സമാനമായ വിധത്തില്‍ ഒരു പരസ്യം ടൈംസ് ഓഫ് ഇന്ത്യയില്‍ തന്നെ പ്രത്യക്ഷപ്പെട്ടത്.

പ്രതിഷേധത്തിന്റെ പല രൂപങ്ങള്‍ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടാകാറുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്നു പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പരസ്യം പ്രതിഷേധം എവിടെ വരെ പോകാം എന്നുള്ളതിന്റെ സൂചന കൂടിയാണ്. പ്രധാനമന്ത്രിക്കുള്ള അടിയന്തര അറിയിപ്പ് എന്ന രീതിയിലാണ് ടൈംസിന്റെ ഡല്‍ഹി എഡീഷനിലെ അഞ്ചാം പേജില്‍ ഈ പരസ്യം ഇന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മോണിക്ക സിംഗ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ അടക്കം നല്‍കിയിട്ടുള്ള പരസ്യത്തില്‍ പറയുന്നത് മോദിയുമായി തനിക്ക് ഉടനടി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്നും ആത്മരതിയുമായി ബന്ധപ്പെട്ട കുഴപ്പങ്ങളെ (Narcissistic Personality Disorder) കുറിച്ച് താന്‍ വ്യക്തമാക്കാം എന്നുമാണ്.

NPD നിരവധി പേരെ ബാധിക്കുന്ന ഒരസുഖമാണെന്ന് പറയുന്ന പരസ്യം ഇങ്ങനെ തുടരുന്നു. NPD ബാധിച്ചവര്‍ക്ക് പ്രധാനമായും രണ്ടു ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. 1. മറ്റുള്ളവരെക്കുറിച്ച് യാതൊരു ഉത്കണ്ഠകളോ അനുതാപമോ ഇല്ലാതിരിക്കുക, 2. അധികാരം ദുര്‍വിനിയോഗം ചെയ്യുക, അതുപയോഗിച്ച് മറ്റുള്ളവരെ ദ്രോഹിക്കുക എന്നിവയാണ് അതെന്നും പരസ്യത്തില്‍ പറയുന്നു.

പരിഹാസമെന്ന നിലയില്‍ ഉദാഹരണങ്ങള്‍ കൂടി നല്‍കിക്കൊണ്ടാണ് പരസ്യം തുടരുന്നത്. താങ്കളുടെ മന്‍ കി ബാതില്‍ പറയുന്ന കാര്യങ്ങള്‍ പൊള്ളവാഗ്ദാനങ്ങള്‍ മാത്രമാണെന്നും കള്ളത്തരങ്ങള്‍ മാത്രമാണെന്നും താന്‍ 2018 ഫെബ്രുവരി 18-ന് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞുവെന്ന് പരസത്തില്‍ പറയുന്നു. എന്നാല്‍ താനാണിത് പറഞ്ഞതെന്ന് കുറ്റം മുഴുവന്‍ തന്റെ മേല്‍ ആരോപിക്കുകയാണ് ആ റിപ്പോര്‍ട്ടര്‍ ചെയ്തതെന്നും പരസ്യം തുടരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ താന്‍ 2017 സെപ്റ്റംബറില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നുവെന്നും ലോകം മുഴുവന്‍ പകര്‍ച്ചവ്യാധി പോലെ പടരുന്ന NPD-യെക്കുറിച്ച് താങ്കളോട് വിശദമായി സംസാരിക്കാനായിരുന്നു ഇതെന്നും ടൈംസിന്റെ പരസ്യത്തില്‍ പറയുന്നു.

സംരക്ഷകര്‍ ചിലപ്പോള്‍ കുറ്റവാളികളാകാം, അതുപോലെ ഓരോ വീട്ടിലും ഇത്തരത്തില്‍ NPD ബാധിച്ചവരുണ്ടാകാം, കൊലപാതകളികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും, ഭീകരവാദികള്‍ക്കും, ഗൂഡാലോചനക്കാര്‍ക്കും, അനീതി ചെയ്യുന്നവര്‍ക്കും അസമത്വം നിലനിര്‍ത്തുന്നവര്‍ക്കുമൊക്കെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ അസുഖം NPD-യാണെന്നും പറയുന്ന പരസ്യം ഇതിന് പ്രതിവിധിയുണ്ടെന്നും ഇക്കാര്യം നേരില്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്നും പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.

ഫോട്ടോ എടുക്കുന്ന വേളകളില്‍ മോദി പ്രകടിപ്പിക്കുന്ന മനോഭാവത്തെക്കുറിച്ച് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെ ചിത്രങ്ങളില്‍ തന്നെ മറഞ്ഞു നില്‍ക്കുന്നവരെ മോദി പിടിച്ചു മാറ്റുന്നതും ഒക്കെ നിരവധി തവണ ചര്‍ച്ചയയിട്ടുള്ള വിഷയമാണ്‌. അതിനിടയിലാണ് ടൈംസിലെ പരസ്യത്തിന്റെ രൂപത്തില്‍ പ്രതിഷേധം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്താണ് സമാനമായ വിധത്തില്‍ ഒരു പരസ്യം ടൈംസ് ഓഫ് ഇന്ത്യയില്‍ തന്നെ പ്രത്യക്ഷപ്പെട്ടത്. അന്ന് റീഡേഴ്‌സ് ഡൈജസ്റ്റില്‍ ജോലി ചെയ്തിരുന്ന അശോക് മഹാദേവന്‍ എന്ന റിപ്പോര്‍ട്ടര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നല്‍കിയ പരസ്യമായിരുന്നു ഇത്. ഒറ്റ നോട്ടത്തില്‍ ഒരു ചരമക്കുറിപ്പ് പോലെ തോന്നിക്കുന്ന പരസ്യം യഥാര്‍ത്ഥത്തില്‍ അടിയന്തരവാസ്ഥയ്‌ക്കെതിരായ പ്രതിഷേധമായിരുന്നു. (O’Cracy, D.E.M., beloved husband of T.Ruth, loving father of L.I. Bertie, brother of Faith, Hope and Justicia, expired on June 26)

പില്‍ക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യ തന്നെ അശോക് മഹാദേവനെ ഇതു സംബന്ധിച്ച് ഇന്റര്‍വ്യൂ ചെയ്തിരുന്നു. ശ്രീലങ്കയിലെ ഒരു പത്രത്തില്‍ വന്ന പരസ്യം പോലെ തന്റെ പ്രതിഷേധം അറിയിക്കാന്‍ ഈ വഴി ഉപയോഗിക്കുകയായിരുന്നു എന്നാണ് മഹാദേവന്‍ ഇതില്‍ പറയുന്നത്. 1975 ജൂണ്‍ 28-ന് പരസ്യം അച്ചടിച്ചു വരികയും താന്‍ തന്നെ ടൈംസിലെ രമേഷ് ചന്ദ്രന്‍ എന്ന റിപ്പോര്‍ട്ടറെ ശബ്ദം മാറ്റി വിളിച്ച് പരസ്യം വന്ന വിവരം അറിയിക്കുകയായിരുന്നു എന്നും മഹാദേവന്‍ പറയുന്നു. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്യം വന്‍ ചര്‍ച്ചയായി. തുടര്‍ന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് അന്വേഷണം നടന്നിരുന്നുവെന്നും എന്നാല്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പിന്നീട് റീഡേഴ്‌സ് ഡൈജസ്റ്റിന്റെ എഡിറ്ററായി വിരമിച്ച മഹാദേവന്‍ പറയുന്നു.

ക്യാമറാമാന്‍ എത്തിയില്ല; മോദി കാറില്‍ നിന്നിറങ്ങാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍/വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍