UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീകളുടെ ചരിത്ര വിജയത്തിന്റെ അട്ടിപ്പേറവകാശം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരോട്; ജനം കാണുന്നുണ്ട് നിങ്ങളെ

രാജ്യത്തെ ഏറ്റവും പ്രബലമായ തങ്ങളുടെ മതത്തിലെ ഒരു പുരോഹിതനെതിരെ പോരാടാൻ ഇറങ്ങുമ്പോൾ അവർക്കു നഷ്ടപ്പെടാൻ ഏറെയുണ്ടായിരുന്നു

Avatar

ഗിരീഷ്‌ പി

മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാന്‍ സാധിക്കാത്തവിധം വൈക്കം മുഹമ്മദ് ബഷീറിനെ ജനകീയനാക്കിയത് സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകളും, വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്ന തൂലികയുടെ ശക്തിയുമാണ്. ബഷീറിയൻ രചനകളുടെ മറ്റൊരു സവിശേഷത ബഷീറിന്റെ ഓരോ കഥാപാത്രങ്ങളും, അവരുടെ മാനറിസങ്ങളും നമ്മുടെ ചുറ്റുപാടുകളിൽ ഇന്നും ചിരപരിചതരായ മനുഷ്യരുടെ നേർചിത്രമാണ് എന്നതാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. ലോകത്ത് എന്തുണ്ടായാലും അതിന്റെയൊക്കെ ഉത്തരവാദിത്വം അല്ലെങ്കില്‍ അതിനൊക്കെ പിന്നില്‍ താനാണെന്ന് വീമ്പിളക്കുന്ന ഈ കഥാപാത്രത്തിന് ബഷീറിന് മുൻപും പിൻപും ഉദാഹരണങ്ങൾ ഏറെയുണ്ട്.

മിഷണറീസ് ഓഫ് ജീസസ് എന്ന കോണ്‍ഗ്രിഗേഷനിലെ അംഗമായ കന്യാസ്ത്രീയെ പ്രസ്തുതസഭയുടെ അധിപനും ജലന്ധര്‍ ബിഷപ്പുമായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക ചൂഷണം ചെയ്‌തെന്ന പരാതിയില്‍ 87 ദിവസത്തിനുശേഷമാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. സഭയുടെ ശക്തമായ പിന്തുണയുമായി, ചെയ്ത തെറ്റ് സമ്മതിക്കാനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കൂട്ടാക്കാതെ നിന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതിയും മറ്റു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ തെളിവുകളും കിട്ടിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാട്ടിയപ്പോഴാണ് കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന വിശേഷണവുമായി മിഷണറീസ് ഓഫ് ജീസസിലെ അഞ്ച് കന്യാസ്ത്രീകള്‍ സഭാവസ്ത്രമണിഞ്ഞ് തെരുവില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇത്രയും ശ്രദ്ധേയമായ സമരങ്ങൾ അരങ്ങേറിയിട്ടുണ്ടോ എന്ന് സംശയം ആണ്.

എറണാകുളം വഞ്ചി സ്ക്വയറിൽ സന്യാസിനിമാർ പോരാടി നേടി എടുത്ത സമര വിജയത്തിന്റെ അട്ടിപ്പേറവകാശം തട്ടി എടുക്കാൻ ശ്രമിക്കുന്ന ചില നിക്ഷിപ്ത താല്പര്യക്കാരെ ചൂണ്ടിക്കാണിക്കാൻ ആണ് ആമുഖത്തിൽ ബഷീറിനെയും എട്ടുകാലി മമ്മൂഞ്ഞിനെയും സൂചിപ്പിച്ചത്.

Also Read: അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

ബിജെപിയും ആര്‍ എസ് എസും എന്‍ എസ് എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും എല്ലാം കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്ത ഐക്യദാർഢ്യപ്പെടുന്നതിനു പിന്നിലെ ചേതോവികാരവും രാഷ്ട്രീയ താൽപ്പര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. അവർക്കു പങ്കെടുക്കാം യാതൊരു തടസ്സവും ഇല്ല, പക്ഷെ സമരത്തിന്റെ വിജയത്തിൽ നിങ്ങൾക്ക് ഒരു റോളുമില്ല എന്ന് സ്വയം തിരിച്ചറിയുന്നില്ലെങ്കിലും ഗാലറിയിൽ ഇരിക്കുന്നവർക്ക് അറിയാം എന്ന് മനസിലാക്കുക.

ഐ പി സി 377 നെതിരെ പരസ്യമായി രംഗത്ത് വന്ന, മദ്രസ്സയിലെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ സ്ത്രീയെ സൈബർ അറ്റാക്കിനു വിധേയമാക്കിയ സംഘപരിവാർ – ജമാഅത്തെ – എസ് ഡി പി ഐ സഖ്യം സന്യാസിനിമാരോട് ബിഷപ്പിനെതിരെയുളള സമരത്തിൽ ഐക്യപ്പെടുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ ഫുക്കോയെയോ, അൽത്തൂസറിനെയോ, എഡ്‌വേഡ്‌ സെയ്ദിനെയോ വായിക്കേണ്ട ആവശ്യമില്ല ദൈനം ദിനം പത്രം വായിക്കുന്നവന്റെ കോമൺ സെൻസ് മതിയാകും.

1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും കുടുംബത്തെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദൾ ചുട്ടുകൊന്നതിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ‘ബീഭത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

Also Read: അരമനയിലെ ഈ ലൈംഗിക പീഡകനെ അറസ്റ്റ് ചെയ്യാന്‍ എണ്‍പത്തിഏഴു ദിവസം വേണ്ടി വന്നു; കന്യാസ്ത്രീ ബലാല്‍സംഗക്കേസ് നാള്‍ വഴികളിലൂടെ

രാജ്യത്തിന്റെ വിവിധ ഭാഗത്തു ഇന്നും കന്യാസ്ത്രീമാർ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെട്ടുന്നുണ്ട്. എന്തിനേറെ കേരളത്തിൽ കൊടുങ്ങല്ലൂരിൽ ഒരു പാസ്റ്റർ അടുത്ത കാലത്തു സംഘപരിവാർ അണികളുടെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി. ഇത്രയും പറഞ്ഞത് സന്യാസനിനിമാരുടെ സമരവും, സമരത്തിന്റെ വിജയവുമായി ബന്ധപ്പെട്ടു ഒരക്ഷരം ഉരിയാടാൻ ബി ജെ പിക്കു യാതൊരു അർഹതയും ഇല്ല എന്നോര്‍മ്മപ്പെടുത്താൻ ആണ്. അന്യജാതി/മത വിദ്വേഷം സിരകളിൽ ഒഴുകുന്ന എൻ എസ് എസ് ആ സമരമുഖത്ത് എത്തിയത് തന്നെ അവരെ അപമാനിക്കുന്നതിനു തുല്യമാണ്.

ശരീയത്ത് നിയമം മുതൽ മതമില്ലാത്ത ജീവൻ വരെ ഒട്ടനവധി ഉദാഹരണങ്ങൾ കേരളത്തിലെ മുസ്ലിം സംഘടനകൾ വിശിഷ്യാ ജമാഅത്തെ ഇസ്ലാമി/ മുസ്ലിം ലീഗ്/ എസ് ഡി പി ഐക്കും ബാധകമാണ്. ജോസഫ് മാഷുടെ കൈ വെട്ടിയത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ സംഭവിച്ച ഒന്നല്ലെന്നും കേരളത്തിലെ സ്വബോധമുള്ള മനുഷ്യർക്ക് അറിയാം. അതുകൊണ്ട് അന്യമത വിദ്വേഷത്തിന്റെ ആ പരിപ്പ് വഞ്ചി സ്ക്വയറിൽ വേവിക്കാൻ നോക്കരുത്.

രാജ്യത്തെ ഏറ്റവും പ്രബലമായ തങ്ങളുടെ മതത്തിലെ ഒരു പുരോഹിതനെതിരെ പോരാടാൻ ഇറങ്ങുമ്പോൾ അവർക്കു നഷ്ടപ്പെടാൻ ഏറെയുണ്ടായിരുന്നു. അവരെ കാത്തിരിക്കുന്നത് ഒരുപക്ഷെ മരണത്തിനു ശേഷം  തെമ്മാടിക്കുഴി ആയിരിക്കും. അതൊന്നും വക വെയ്ക്കാതെ ‘നേരാ തിരുമേനി വി ആർ ഔട്ട് സ്പോക്കൺ’ എന്ന് പറയാൻ ആർജവം ഉള്ള ആ അഞ്ചു പേർക്ക്- സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്‌, സിസ്റ്റർ ആൻസിറ്റ-മാത്രമാണ് ഈ സമര വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും.

എഴുത്തുകാരൻ ബെന്യാമിന്റെ വാക്കുകൾ കൂടി ചേർക്കുന്നു, “സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്‌, സിസ്റ്റർ ആൻസിറ്റ.. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങൾ സ്വീകരിച്ച കുരിശിന്റെ വഴി നീതിയ്ക്ക്‌ വേണ്ടി ദാഹിച്ചു ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം സ്‌മരിക്കപ്പെടും. വിശ്വാസത്തിന്റെ മുതലെടുപ്പുകാർക്ക്‌ ഊതിക്കെടുത്താൻ കഴിയാവുന്നതല്ല നിങ്ങൾ തെളിച്ച തിരിനാളം. അനേകം സഹോദരിമാരുടെ കണ്ണീരിൽ കുതിർന്ന നിശബ്ദമായ പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പമുണ്ടാവും. ധീരതയോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും ഭാവി ദിനങ്ങളെ നേരിടാൻ നിങ്ങൾക്ക്‌ ആ പ്രാർത്ഥനകൾ ബലം നൽകും. നിങ്ങൾക്ക്‌ വിനീതമായ കൂപ്പുകൈ..”

അരമനയിലെ ഈ ലൈംഗിക പീഡകനെ അറസ്റ്റ് ചെയ്യാന്‍ എണ്‍പത്തിഏഴു ദിവസം വേണ്ടി വന്നു; കന്യാസ്ത്രീ ബലാല്‍സംഗക്കേസ് നാള്‍ വഴികളിലൂടെ

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍