മൊഴിയടങ്ങിയ ഡയറി അല്‍ഫോന്‍സാമയുടെ കബറിടത്തില്‍ വച്ച് പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു കുറ്റപത്രം സ്വീകരിക്കാന്‍ കോടതിയിലെത്തിയത്
സഭയുടെ ശത്രുക്കള്‍ പുകമറ സൃഷ്ടിച്ചുകൊണ്ട് സഭയെ താറടിക്കാനും വിശ്വാസത്തെ ബലഹീനപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളുടെ ഇരയാണ് താനെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സഭയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷെക്കീന ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു കന്യാസ്ത്രീ പീഡനക്കേസില്‍ താന്‍ നിരപരാധിയാണെന്ന വാദം വീണ്ടും ബിഷപ്പ് ഫ്രാങ്കോ ഉയര്‍ത്തിയത്.കന്യാസ്ത്രീ പീഡനക്കേസില്‍ കുറ്റപത്രം സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു ഫ്രാങ്കോയുടെ ഈ പ്രതികരണം. പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനു മുമ്പായി ഭരണങ്ങാനം പള്ളിയിലെത്തി അല്‍ഫോന്‍സാമ്മയുടെ കബിറത്തില്‍ മൊഴിടയങ്ങിയ ഡയറിവച്ച് പ്രാര്‍ത്ഥിച്ചിരുന്നു ബിഷപ്പ് ഫ്രാങ്കോ. ഈ സമയം നിരവധി പേര്‍ പീഡനക്കേസിലെ പ്രതിയായ ബിഷപ്പിനെ കാണാനും പിന്തുണയര്‍പ്പിക്കാനുമായി ഇവിടെ എത്തിയിരുന്നു.
സഭയെ ക്ഷീണിപ്പിക്കാനും ബലഹീനപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ പലതരത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആ വലിയ ശ്രമത്തിന്റെ ഭാഗമാണ് കന്യാസ്ത്രീ പീഡനക്കേസ് എന്നുമാണ് ബിഷപ്പ് ഫ്രാങ്കോയുടെ വാദം. താനിപ്പോള്‍ നടത്തുന്നത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് സഹകരിച്ചുകൊണ്ട് സത്യം പുറത്തുകൊണ്ടുവരുമെന്നും ബിഷപ്പ് പറയുന്നു. ഇതിനായി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നും തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു.
കേസില്‍ കുറ്റപത്രം സ്വീകരിക്കുന്നതിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞാഴ്ച്ചയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയ്ക്ക് നോട്ടീസ് അയച്ചത്. ഈ നോട്ടീസ് രണ്ടു പൊലീസുകാര്‍ ജലന്ധറില്‍ എത്തി ഫ്രാങ്കോയ്ക്ക് നേരിട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന്‍ പ്രകാരം വെള്ളിയാഴ്ച്ച പതിനൊന്നു മണിയോടെ ഹാജരായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി കൈമാറി. നിലവില്‍ ജാമ്യം ഉള്ളതിനാല്‍ അത് തുടരാമെന്ന് അറിയിച്ച കോടതി ജൂണ്‍ ഏഴിന് കന്യാസ്ത്രീ പീഡനക്കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിചാരണ സംബന്ധമായ തീരുമാനങ്ങള്‍ അന്നുണ്ടാകുമെന്നാണ് കരുതുന്നത്. തൃശൂരില്‍ നിന്നുള്ള മൂന്നു അഭിഭാഷകരും ജലന്ധറില്‍ നിന്നുള്്‌ള 25 ഓളം പുരോഹിതന്മാരും ബിഷപ്പിനൊപ്പം കോടതിയില്‍ എത്തിയിരുന്നു. ബിഷപ്പിനു വേണ്ടി പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു.