UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീ പീഡനക്കേസ്; കുറ്റപത്രം കോടതി സ്വീകരിച്ചു, ബിഷപ്പ് ഫ്രാങ്കോയ്ക്ക് സമന്‍സ് അയച്ചു

പാല മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം പാല മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. പ്രാഥമിക പരിശോധന നടത്തി കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സ്വീകരിച്ചത്. കോട്ടയം ജില്ല കോടതിയിലായിരിക്കും വിചാരണ.

പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഈ മാസം പത്താം തീയതി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു. പ്രതി ഹാജരായി കുറ്റപത്രത്തിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ കോപ്പിയും കൈപറ്റിയശേഷമായിരിക്കും വിചാരണയ്ക്കായി കോട്ടയം ജില്ല കോടതിയിലേക്ക് കേസ് മാറ്റുന്നത്.

വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വക്കേറ്റ ജിതേഷ് ബാബുവാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. സി ആര്‍ പി സി വകുപ്പുകള്‍ 376(2), (A), (N), 376(c), (a), 377, 342, 506(1)എന്നിവയാണ് കുറ്റപത്രത്തില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. 83 പേരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്. ഇതില്‍ ഒരു കര്‍ദിനാളും മൂന്നുമെത്രാന്മാരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ 27കന്യാസ്ത്രീകള്‍, 11 വൈദീകര്‍, ഒരു ഡോക്ടര്‍, ഏഴു മജിസ്ട്രേറ്റര്‍ എന്നിവരും സാക്ഷികളായുണ്ട്. ആയിരത്തിലേറെ പേജുകള്‍ വരുന്നതാണ് കുറ്റപത്രം. മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കോട്ടയം കുറവിലങ്ങാടുള്ള സെന്‍ ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ വച്ചാണ് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോഴാണ് വിചാരണ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍