UPDATES

നഴ്സുമാരുടെ സമരം വിജയിച്ചു: 20,000 രൂപ മിനിമം ശമ്പളം; പ്രതികാരനടപടി ഉണ്ടാവരുതെന്നും മാനേജ്മെന്റുകളോട് മുഖ്യമന്ത്രി

50ന് മുകളില്‍ ബെഡുകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കാന്‍ സംസ്ഥാന സർക്കാർ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും

സമരം ചെയ്യുന്ന നഴ്‌സുമാരുമായി ധാരണയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം 20,000 രൂപ മിനിമം വേതനം നല്‍കും. 50 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കും. നഴ്‌സുമാരോട് പ്രതികാര നടപടികള്‍ പാടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകളോട് മുഖ്യമന്ത്രി പറഞ്ഞു.

50ന് മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും. നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമിതി ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കും. തൊഴില്‍, ആരോഗ്യം, നിയമ വകുപ്പ് സെക്രട്ടറിമാരും ലേബര്‍ കമ്മീഷണര്‍മാരും സമിതിയിലെ അംഗങ്ങളാണ്.

ഉദ്യോഗസ്ഥ സമിതിയുടെ ശിപാര്‍ശ ലഭിച്ചു കഴിഞ്ഞാല്‍ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും അത് അംഗീകരിക്കാന്‍ കമ്മിറ്റിയോട് സര്‍ക്കാര്‍ സര്‍ക്കാര്‍ അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമരം നടത്തിയതിന്റെ പേരില്‍ യാതൊരു വിധത്തിലുള്ള പ്രതികാര നടപടികളും നഴ്സുമാര്‍ക്കെതിരെ ഉണ്ടാകരുതെന്ന് അദ്ദേഹം മാനേജ്മേന്റുകളോട് നിര്‍ദേശിച്ചു. സമരം നടത്തിയവര്‍ ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വേണം.

യുഎന്‍എ (യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍), ഐഎന്‍എ (ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍) എന്നീ രണ്ട് സംഘടനകളാണ്  സമരരംഗത്തുണ്ടായിരുന്നത്. ഈ സംഘടനകളുടെ പ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുള്ള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരുടെയും യോഗം ഒന്നിച്ചു വിളിച്ചത്. തുടര്‍ന്ന് യോഗത്തില്‍ അദ്ദേഹം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ എല്ലാവരും അംഗീകരിക്കുകയായിരുന്നു.

സുപ്രീം കോടതി നിര്‍ദേശിച്ച കുറഞ്ഞ ശമ്പളത്തില്‍ നിന്ന് കേരളത്തിന്‌ ഒരു വിധത്തിലും പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മേഖലയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിത നിലവാരം വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നഴ്സുമാര്‍ക്ക് അതിനു അനുസരിച്ചുള്ള വേതനത്തിനും അര്‍ഹതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ.കെ ഷൈലജ, നിയമമന്ത്രി എ.കെ ബാലന്‍, തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, യു.എന്‍.എ സംസ്ഥാന പ്രസിഡന്റ്റ് ജാസ്മിന്‍ ഷാ, സെക്രട്ടറി എം.വി സുധീപ്, ഐ.എന്‍.എ പ്രസിഡന്റ്റ് ലിബിന്‍ തോമസ്‌, സെക്രട്ടറി മുഹമ്മദ് ഷിഹാബ്, എന്നിവര്‍ക്ക് പുറമേ ട്രേഡ് യൂണിയന്‍, ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍