UPDATES

നഴ്സ് സമരം ഒത്തുതീര്‍പ്പായില്ല; ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്മെന്റ്; നാടകമെന്ന് സമരക്കാര്‍

കഴിഞ്ഞദിവസം മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

നഴ്‌സുമാരുടെ സമരം തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനം. നിലവിലുള്ള രോഗികള്‍ ആശുപത്രി വിടുന്ന മുറയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം നിയമാനുസൃതം അവസാനിപ്പിക്കുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പൊതുജനശ്രദ്ധക്ക് എന്ന് രേഖപ്പെടുത്തി, ആശുപത്രിയുടെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ കുറിപ്പിലൂടെയാണ് ആശുപത്രി ഡയറക്ടറും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ.വി.വി ഹരിദാസ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നിയമാനുസൃതമുള്ള വേതനം ലഭ്യമാക്കുക, ജോലി സമയക്രമം പുന:പരിശോധിക്കുക, കരാര്‍ കാലാവധി കഴിഞ്ഞ രണ്ടു നേഴ്‌സുമാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്നത്.

ആശുപത്രിയിലെ നഴ്‌സുമാരുടെ കുത്തിയിരിപ്പ് സമരമായാണ് ആരംഭിച്ചതെങ്കിലും രണ്ടാഴ്ചയക്ക് മുമ്പ് ഇത് അനിശ്ചിതകാല നിരാഹാര സമരമായി മാറുകയായിരുന്നു. ഇക്കാലയളവിനുള്ളില്‍ പലതവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഒത്തുതീര്‍പ്പായില്ല. ഷിഫ്റ്റ് സമ്പ്രദായം, മിനിമം വേതനം തുടങ്ങിയ ആവശ്യങ്ങള്‍ മനേജ്‌മെന്റ് ആദ്യഘട്ടത്തില്‍ തന്നെ അംഗീകരിച്ചുന്നു. എന്നാല്‍ വാക്കാല്‍ പറയുകയല്ലാതെ ഇക്കാര്യം രേഖാമൂലം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. അതിനാല്‍ അത്തരത്തിലൊരു ഒത്തുതീര്‍പ്പിന് തങ്ങള്‍ തയ്യാറല്ലെന്ന് സമരക്കാര്‍ മാനേജ്‌മെന്റിനേയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിമാരേയും അറിയിച്ചു. സമരം തുടങ്ങിയതിന് ശേഷം പിരിച്ചുവിട്ട രണ്ട് നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന സമരക്കാരുടെ ആവശ്യത്തിനും മാനേജ്‌മെന്റ് ചെവികൊടുത്തില്ല. ഈ ആവശ്യം അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്നാല്‍ ഇവരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ച് നില്‍ക്കുകയുമാണ്. ജില്ലാ ലേബര്‍ ഓഫീസര്‍ മുതല്‍ ലേബര്‍ കമീഷണര്‍വരെ ഇരുവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയില്‍ മന്ത്രിമാരായ തോമസ് ഐസക്കും പി.തിലോത്തമനും രണ്ട് തവണ നേരിട്ടെത്തി പ്രത്യേകമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം അവസാനിച്ചില്ല. ബുധനാഴ്ച വൈകിട്ട് ഇരുവരുടെയും സാന്നിധ്യത്തില്‍ വീണ്ടും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നു. എന്നാല്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കല്‍ ഒത്തുതീര്‍പ്പിന് തടസ്സമായി.

ആശുപത്രി ഉടമകള്‍ നേരിട്ട് പങ്കെടുത്ത ആദ്യത്തെ ചര്‍ച്ചയാണ് ബുധനാഴ്ച നടന്നത്. മന്ത്രിമാര്‍ക്ക് പുറമെ എ എം ആരിഫ് എംഎല്‍എ, കളക്ടര്‍ ടി.വി അനുപമ, കെവിഎം ട്രസ്റ്റ് അംഗങ്ങളായ ഡോ. വി വി ഹരിദാസ്, വി വി പവിത്രന്‍, വി ആര്‍ പ്രസാദ്, ഡോ. അവിനാശ് എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞതിനെതുടര്‍ന്നാണ് ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. മാനേജ്‌മെന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നതിങ്ങനെ:

45 വര്‍ഷങ്ങളായി ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലുമുള്ള രോഗികള്‍ക്ക് ആശ്രയവും സഹായകരവുമായി എല്ലാ വിഭാഗങ്ങളും അടങ്ങിയ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നിയമാനുസരണം ട്രെയിനിങ് പൂര്‍ത്തിയാക്കി അവസാനിപ്പിച്ചുപോയ രണ്ട് നഴ്‌സുമാരെ ആശുപത്രിയില്‍ ജോലിയില്‍ തിരിച്ചെടുക്കണമെന്ന അന്യായ ആവശ്യമുന്നയിച്ച് ആശുപത്രിക്ക് മുന്നില്‍ സമരം ആരംഭിക്കുകയും രാഷ്ട്രീയ പ്രേരകമായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ നഴ്‌സുമാര്‍ക്ക് വേണ്ടിയെന്ന് അവകാശപ്പെട്ട് അക്രമസമരങ്ങളും, തടസ്സങ്ങളും, ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണികളും നടത്തി ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളാ ഹൈക്കോടതിയുടെ പോലീസ് പ്രൊട്ടക്ഷന്‍ നിലവിലുണ്ടായിട്ടും ദിവസവും അക്രമസമരങ്ങള്‍ നടത്തുകയും ആശുപത്രി മാനേജ്‌മെന്റിനെതിരെ അക്രമങ്ങള്‍ വ്യാപിപ്പിക്കുകയുമാണ്. അക്രമികളുടെ ശല്യങ്ങള്‍ മൂലവും, മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ജീവനും സ്വത്തിനും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചേര്‍ത്തല കെ.വി.എം. ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാനും നിലവില്‍ ആശുപത്രിയിലെ രോഗികള്‍ ഡിസ്ചാര്‍ജ് ആയി പോകുന്ന മുറയ്ക്ക് നിയമവിധേയമായി അടച്ചുപൂട്ടുവാനും മാനേജ്‌മെന്റ് തീരുമാനിച്ച വിവരം ഏവരേയും അറിയിക്കുന്നു. നാളിതുവരെ ആശുപത്രിയോടും മാനേജ്‌മെന്റിനോടും സഹകരിച്ച എല്ലാ നല്ലയാളുകള്‍ക്കും ഞങ്ങളുടെ നിസീമമായ നന്ദി അറിയിച്ചുകൊള്ളുന്നു.’

 


യുഎന്‍എ-യുടെ കെവിഎം യൂണിറ്റ് വൈസ് പ്രസിഡന്റ് പവിന്‍ അഴിമുഖത്തോട്‌..

എന്നാല്‍ ആശുപത്രി അടച്ചു പൂട്ടാനുളള മാനേജ്‌മെന്റിന്റെ നാടകമാണെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ‘300 ബെഡ് ഉള്ള ആശുപത്രി അടച്ചുപൂട്ടിയാല്‍ നഴ്‌സിംഗ് കോളജിന്റെ ലൈസന്‍സ് നഷ്ടമാകും. ബി എസ് സി, എം എസ് സി, ഡി ഫാം, ബിഫാം തുടങ്ങി നിരവധി കോഴ്‌സുകള്‍ ഇവിടെയുണ്ട്. 1500-ഓളം വിദ്യാര്‍ഥികളാണ് കെ വി എം ആശുപത്രിയില്‍ പഠിക്കുന്നത്. നിയമാനുസൃതം ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിയില്ല. പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടയുള്ളവര്‍ക്ക് നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നല്‍കി പിരിച്ചയക്കേണ്ടി വരും. എന്നാല്‍ അത്തരമൊരു കളിക്ക് ആശുപത്രി മാനേജ്‌മെന്റ് മുതിരുമെന്ന് തോന്നുന്നില്ല. സമരത്തിന് ജനപിന്തുണയും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഏറുകയാണ്. ഇത് മനസ്സിലാക്കിയ മാനേജ്‌മെന്റ് ഒരുക്കിയ ഗൂഡതന്ത്രമാണ് തീരുമാനത്തിന്റെ പിന്നില്‍’. സമരത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അംഗം അശ്വതി പ്രതികരിച്ചു. ഇത്തരത്തില്‍ തീരുമാനമെടുത്തതായി കേട്ടറിവ് മാത്രമേയുള്ളൂ എന്നും ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.

അതേ സമയം വ്യാഴാഴ്ചയും വിവിധ സംഘടനകള്‍ നഴ്‌സുമാരുടെ സമരത്തിനു ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ തടഞ്ഞിട്ടു. മായിത്തറ, കുറുപ്പന്‍, കുളങ്ങര, മതിലകം, ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍, വേളോര്‍വട്ടം എന്നിവിടങ്ങളിലായി സ്ഥാപനത്തിന്റെ പത്തോളം ബസുകളാണ് വ്യാഴാഴ്ച രാവിലെ തടഞ്ഞത്. അരമണിക്കൂറോളം തടഞ്ഞുവെച്ച ബസുകള്‍ പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍