UPDATES

ട്രെന്‍ഡിങ്ങ്

വീണ്ടും രാജഗോപാല്‍: കിട്ടാത്ത ഫണ്ടിനെക്കുറിച്ച് സഭയില്‍ ചോദ്യം

സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ച ഫണ്ടിനെക്കുറിച്ചും അത് വിനിയോഗിച്ചതിനെക്കുറിച്ചുമാണ് എംഎല്‍എ ചോദിച്ചത്

നിയമസഭയില്‍ സഹകരണ മേഖലയെക്കുറിച്ച് ചോദ്യം ചോദിച്ച ബിജെപി എംഎല്‍എ ഒ രാജഗോപാലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഈമാസം 15ന് ചേര്‍ന്ന സഭാ സമ്മേളനത്തിലാണ് രാജഗോപാല്‍ കിട്ടാത്ത ഫണ്ടിനെക്കുറിച്ച്‌ ചോദ്യം ഉന്നയിച്ചത്.

സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ച ഫണ്ടിനെക്കുറിച്ചും അത് വിനിയോഗിച്ചതിനെക്കുറിച്ചുമാണ് എംഎല്‍എ ചോദിച്ചത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമയായിരുന്നു രണ്ട് ചോദ്യങ്ങള്‍. എന്നാല്‍ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത സഹകരണ മേഖലയ്ക്ക് ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്ന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒറ്റ മറുപടിയില്‍ തന്നെ രാജഗോപാലിന്റെ ഉപചോദ്യം അപ്രസക്തമാകുകയും ചെയ്തു.

‘2014-15 മുതല്‍ 2017-18 വരെ സഹകരണ മേഖലയ്ക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചു; മുഴുവന്‍ തുകയും ചെലവഴിച്ചില്ലെങ്കില്‍ എന്തുകൊണ്ട്; വ്യക്തമാക്കാമോ’ എന്നതായിരുന്നു രാജഗോപാലിന്റെ ആദ്യ ചോദ്യം. ഇതിന്റെ ഉപചോദ്യമായി ‘കേന്ദ്ര ഫണ്ട് വിനിയോഗിച്ചതിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത്; വിശദമാക്കാമോ?’ എന്ന ചോദ്യവും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് മന്ത്രി നല്‍കിയ മറുപടി ‘2014-15 മുതല്‍ 2017-18 വരെ സഹകരണ മേഖലയ്ക്ക് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചിട്ടില്ല’ എന്നതായിരുന്നു. ഈ മറുപടിയോടെ രാജഗോപാലിന്റെ ഉപചോദ്യം അപ്രസക്തമാകുകയും ചെയ്തു. മന്ത്രിയുടെ മറുപടി കിട്ടിയതിന് ശേഷമാണ് കിട്ടാത്ത ഫണ്ടിന്റെ കണക്കുകളാണ് താന്‍ ചോദിക്കുന്നതെന്ന് എംഎല്‍എയ്ക്ക് മനസിലായത്.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിന് ശേഷം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ വഴിയാണ് കള്ളപ്പണം സംരക്ഷിക്കപ്പെടുന്നതെന്നാണ് സംഘപരിവാര്‍ ആരോപിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ മേഖലയെ പിരിച്ചുവിടണമെന്നും അന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു മേഖലയ്ക്ക് കേന്ദ്രത്തില്‍ നിന്നും എത്ര രൂപ ഫണ്ട് ലഭിച്ചുവെന്ന് ചോദിച്ചതാണ് രാജഗോപാലിനെ പരിഹാസ്യനാക്കിയത്.

ഈ ചോദ്യോത്തരത്തിന്റെ രേഖ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും ചെയ്തു. ഒട്ടനവധി ട്രോളുകളാണ് ഇതേക്കുറിച്ച് ഇപ്പോള്‍ ഇറങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍