UPDATES

ട്രെന്‍ഡിങ്ങ്

ഒഖി: തമിഴ്നാട്ടില്‍ നിന്നുള്ള കണക്കുകള്‍ ഭീതിപ്പെടുത്തുന്നത്; മരിച്ചത് 82 പേര്‍, കാണാതായവര്‍ 579

ദുരന്തത്തിന്റെ വ്യാപ്തി നോക്കുമ്പോൾ കേന്ദ്രവും ഈ ദുരന്തമനുഭവിക്കുന്നവർക്ക് വലിയ സഹായം ചെയ്യേണ്ടതാണ്. എന്നാൽ ഭരണപരവും ഭാഷാപരവുമായ നമ്മുടെ അതിർത്തി വിഭജനങ്ങൾ ഇവർക്ക് വിനയായി മാറുകയാണ്

കേരളാതിർത്തിക്ക് തൊട്ടടുത്തുള്ള കന്യാകുമാരി ജില്ലയിലെ ഓഖി ചുഴലിക്കൊടുങ്കാറ്റിൽ അകപ്പെട്ട് കാണാതായിരിക്കുന്ന മീൻപിടുത്തക്കാരെ സംബന്ധിച്ച് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ വലിയ ആശങ്കയും ദുഃഖവും ഉണർത്തുന്നതാണ്. ഇവരിൽ നിരവധി പേർ മഹാരാഷ്ട്രയിലും, കർണാടകയിലും, ലക്ഷദ്വീപിലും രക്ഷപെട്ട് തീരമണഞ്ഞതായ വാർത്തകൾ നാം ഏറെ കേൾക്കുന്നുണ്ടെങ്കിലും, ഇനിയും ഏറെ പേരെ കാണാനില്ലെന്നാണ് ഡിസംബർ 10 ഞായറാഴ്ച രാവിലെ 10 മണി വരെ പുതുക്കിയതും ഈ ഗ്രാമങ്ങളിലെ കത്തോലിക്കാ പള്ളികളിൽ സ്ഥിരീകരിച്ചതുമായ വിവരങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്.

തിരുവനന്തപുരം ലത്തീൻ രൂപതയിലുൾപ്പെട്ട, നമ്മുടെ കേരളത്തിന്റെ അതിർത്തിയായ കൊല്ലങ്കോടിന് തൊട്ടടുത്തായി കന്യാകുമാരി ജില്ലയിലെ 8 തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഈ മത്സ്യത്തൊഴിലാളികൾ. ആഴക്കടലിൽ മാത്രം മത്സ്യബന്ധനം നടത്തുന്ന ഇവരുടെ വലിയ ഗിൽനെറ്റ്-ചൂണ്ട യന്ത്രവൽകൃത ബോട്ടുകളടെ ഓരോ ഫിഷിംഗ് ട്രിപ്പും 20-30 ദിവസമോ അതിലും കൂടുതലോ നീണ്ടുനിൽക്കാം. വയർലെസ് സംവിധാനങ്ങളുള്ള ഈ ബോട്ടുകൾ ആഴക്കടലിലായിരിക്കുമ്പോഴും നാടുമായി ബന്ധപ്പെടാറുണ്ട്. അക്കാരണത്താലാണ്, ഓഖി ചുഴലിക്കാറ്റുണ്ടായ ശേഷം യാതൊരു ബന്ധപ്പെടലും ഇതുവരെ ഉണ്ടാകാത്ത ബോട്ടുകളിലെ തൊഴിലാളികളെ കുറിച്ചാണ് ജനങ്ങളിൽ ആശങ്ക വർദ്ധിച്ചിരിക്കുന്നത്. മാത്രമല്ല, ഇതിനകം രക്ഷപ്പെട്ട് തീരമണഞ്ഞ ബോട്ടുകാർ കടലിൽ മറിഞ്ഞു കിടക്കുന്ന ബോട്ടുകളെ കുറിച്ചും, മരണപ്പെട്ട് കടലിൽ ഇവർ നേരിട്ട് കണ്ടതായ തൊഴിലാളികളുടെ ശവശരീരങ്ങളെ കുറിച്ചും വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നാണറിയുന്നത്.

ഇവർ നൽകുന്ന കാണാതായിരിക്കുന്നവരുടെയും മരണം സ്ഥിരീകരിച്ചവരുടെയും തൂത്തൂർ മേഖലയിലെ വൈദികർ റിപ്പോർട്ട് ചെയ്തിരിക്കുന്ന കണക്കുകൾ ഇപ്രകാരമാണ്: 1. നീരോടി (missing -7, death confirmed – 36) ; മാർത്താണ്ഡൻ തുറ (169 and 4) ; വള്ളവിള (229 and 3) ; ഇരവിപുത്തൻതുറ (13 and 7); ചിന്നത്തുറ (55 and 22); തൂത്തൂർ (62 and 2); പൂത്തുറ (38 and 5); ഇരയിമ്മൻ തുറ (6 and 3). ഇങ്ങനെ ആകെ ഇപ്പോഴും missing ആയിട്ടുള്ളവർ 579 ഉം, ആകെ മരണം സ്ഥിരീകരിച്ചത് 82 ഉം ആണ്.
ഇത് തീർച്ചയായും വലിയൊരു ദുരന്തമാണ്. ഈ ബോട്ടുകൾ മിക്കതും കൊച്ചിയിൽ നിന്നും പോയി വരുന്നവയാണ്, എന്നാൽ കടലിലെ ഇവരുടെ മീൻ പിടുത്ത മേഖല കൂടുതലും കർണാടകയുടെയും മഹാരാഷ്ട്രയുടെയും നേരെയുള്ള അറേബ്യൻ സമുദ്രത്തിലെ ആഴക്കടലാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓഖി ചുഴലിക്കാറ്റ് ഏറ്റവുമധികം ശക്തി പ്രാപിച്ചത് ഡിസംബർ 1 മുതൽ 4 വരെ ഇവർ പ്രവർത്തിക്കുന്ന ആഴക്കടലിൽ ആയിരുന്നു എന്ന വസ്തുതയാണ്. ഇത് സ്ഥിരീകരിക്കുന്ന IMD-യുടെ ചിത്രം താഴെ ചേർക്കുന്നു. ഇതു പ്രകാരം Very Severe Cyclonic Storm ആണ് ഈ ആഴക്കടലിൽ ഉണ്ടായത്. എന്നാൽ കന്യാകുമാരി, തിരുവനന്തപുരം തീരക്കടലിൽ ഉണ്ടായത് Severe Cyclonic Storm ആയിരുന്നു. ഒരു പക്ഷേ ഈ Very Severe Cyclonic Storm കടന്നുപോയ വഴിയിൽ ആഴക്കടലിൽ അകപ്പെട്ട് പോയ വലിയ ബോട്ടുകളാണ് ഈ വൻ അപകടത്തിൽ പെട്ടിരിക്കുന്നതെന്ന് ഞാൻ ഭയപ്പെടുന്നു. കരയിൽ നിന്നും ഏറെ ദിവസങ്ങൾ മുമ്പ് കടലിൽ പോയ ഇവർക്ക് കൃത്യമായ warning മുൻകൂട്ടി കരയിൽ വച്ച് നൽകാൻ കഴിയുമായിരുന്നില്ല, എന്നാൽ കടലിൽ ഇവരെ വയർലെസ് വഴി അറിയിക്കാൻ കഴിയുമായിരുന്നോ എന്നെനിക്കറിയില്ല. വളരെ പെട്ടെന്നുണ്ടായ ചുഴലിക്കൊടുങ്കാറ്റായിരുന്നല്ലോ ഇത്.

സര്‍ക്കാര്‍ എന്ന ‘വലിയ ഇടയ’ന്റെ ശ്രദ്ധയ്ക്ക്, കടല്‍ ജൈവവൈവിധ്യ നാശം കൂടി ദുരിതനിവാരണ പരിധിയില്‍ വരേണ്ടതുണ്ട്

ഇക്കൂട്ടർ പിടിച്ചു കൊണ്ടുവരുന്നത് വില പിടിപ്പുള്ള വലിയ മത്സ്യങ്ങളാണ്. മാത്രമല്ല ഇവരാണ് യഥാർത്ഥത്തിൽ കൊച്ചി മേഖലയിലെ മത്സ്യവ്യാപാരത്തിൽ (trade) ഏറ്റവും വലിയ സംഭാവന നൽകുന്നത്. ഇവരുടെ റേഷൻ കാർഡുകൾ തമിഴ്നാടിലായിരിക്കാം, കുടുംബാംഗങ്ങളും അവിടെയായിരിക്കാം വസിക്കുന്നത്. പക്ഷേ, ഇവർ കരയിലെന്നതിനേക്കാൾ കൂടുതൽ സമയം കടലിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. ചുഴലിക്കാറ്റ് ഭീഷണി കൂടുതലുള്ള ബംഗാൾ ഉൾക്കടലിൽ പോകാതെ താരതമ്യേന ശാന്തമായ അറേബ്യൻ സമുദ്രത്തിലാണ് ഇവർ എല്ലായ്പോഴും മത്സ്യബന്ധനം നടത്തിവരുന്നത്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നതിനാൽ തമിഴ് നാട് സർക്കാരും ഇവരെ വേണ്ടത്ര പരിഗണിക്കാറില്ല. ഓരോ ബോട്ടിനും ഒരു കോടിയിലേറെ മുതൽമുടക്ക് ഇവർ നടത്തിയിട്ടുള്ളത് സ്വന്തം നിലയിലും കൊച്ചിയിലെ മത്സ്യ വ്യാപാരികളിൽ നിന്നും വായ്പയെടുത്തുമാണ്. ഒരു പക്ഷേ ഇന്ത്യാ രാജ്യത്തെ ഏറ്റവും വൈദഗ്ദ്ധ്യമുള്ള (skilled) മീൻപിടുത്തക്കാരായ ഇവർക്ക് താരതമ്യേന നല്ല വരുമാനവും ഉണ്ട്. പക്ഷേ ഈ ദുരന്തം ഈയൊരു മത്സ്യമേഖലയുടെ നിലനിൽപ്പിനെയും ഭാവിയെയും വല്ലാതെ തകർക്കാൻ പോന്നതാണ്. ഇവർക്ക് ആവശ്യമായ എല്ലാ സഹായ നടപടികളും ചെയ്യുന്നതിന് കേരള-തമിഴ് നാട് സർക്കാരുകളും, ഒപ്പം കേന്ദ്ര സർക്കാരും ഏകോപനത്തിലൂടെ കാര്യമായി ഇടപെട്ട് പ്രവർത്തിക്കേണ്ട ഒരു പ്രത്യേക സാഹചര്യമാണിത്. തമിഴ് നാടുകാരയതിനാൽ ആ സംസ്ഥാന ഗവണ്മെന്റ് ചെയ്യട്ടെ എന്നു പറഞ്ഞ് കേരളമോ, കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നതിനാൽ കേരളം ചെയ്യട്ടെ എന്നു പറഞ്ഞ് തമിഴ് നാടോ ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കരുത്. ദുരന്തത്തിന്റെ വ്യാപ്തി നോക്കുമ്പോൾ കേന്ദ്രവും ഈ ദുരന്തമനുഭവിക്കുന്നവർക്ക് വലിയ സഹായം ചെയ്യേണ്ടതാണ്. എന്നാൽ ഭരണപരവും ഭാഷാപരവുമായ നമ്മുടെ അതിർത്തി വിഭജനങ്ങൾ ഇവർക്ക് വിനയായി മാറുകയാണോ എന്നും ഞാൻ ഭയപ്പെടുന്നു.

‘കേരളത്തെ കണ്ടു പഠിക്കൂ’; കുഴിത്തുറക്കാര്‍ പറയുന്നതെങ്കിലും മനോരമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു

‘ഓഖി’ ദുരന്തം: സഭ മാത്രമല്ല; ഇടതുപക്ഷവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ്- റൂബിന്‍ ഡിക്രൂസ്‌

എ ജെ വിജയന്‍

എ ജെ വിജയന്‍

സാമൂഹ്യപ്രവര്‍ത്തകന്‍, ഓഷ്യന്‍ ഗവേണിംഗ് വിദഗ്ധന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍