UPDATES

ട്രെന്‍ഡിങ്ങ്

സിനിമ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നൊരാള്‍; ഐ വി ശശിയെക്കുറിച്ച് കുഞ്ചന്‍

അങ്ങനെയൊരു മനുഷ്യന്‍ ഒന്നേയുള്ളൂ. ഇനി ഞങ്ങളുടെ ശശി സാര്‍ ഇല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. ഇത്ര ചുറുചുറുക്കുള്ള ഒരു സംവിധായകന്‍ വേറെയുണ്ടോയെന്നറിയില്ല. സിനിമ അദ്ദേഹത്തിന്റെ രക്തത്തില്‍ ഉള്ളതായിരുന്നു. ഞങ്ങളൊക്കെ രാവിലെ ഏഴുമണിക്ക് റെഡിയായി സെറ്റില്‍ വരുമ്പോള്‍ അദ്ദേഹം അഞ്ചുമണിക്കു തന്നെ ഷോട്ടിന് റെഡിയായി സെറ്റില്‍ ഉണ്ടായിരിക്കും. ജോലിയില്‍ അത്രമേല്‍ ആത്മാര്‍ത്ഥതയായിരുന്നു അദ്ദേഹത്തിന്.
ഒരു കാമ്പസിനെ മൊത്തത്തില്‍ ഒരു കാന്‍വാസില്‍ പകര്‍ത്താന്‍ കഴിവുള്ള സംവിധായകനായിരുന്നു. ആയിരക്കണക്കിന് ആളുകളെ ഒരു സീനില്‍ അദ്ദേഹം കൊണ്ടുവരും എന്നാല്‍ എല്ലാവരുടെയും മുഖം നമുക്ക് കാണാനും പറ്റും. എത്ര ആളുണ്ടെങ്കിലും അദ്ദേഹത്തിന് അത് കൈകാര്യം ചെയ്യാന്‍ പ്രത്യേകമായൊരു കഴിവുണ്ടായിരുന്നു.

വ്യക്തിപരമായി അദ്ദേഹത്തിന് ഒരിഷ്ടം എന്നോടുണ്ടായിരുന്നു. ഒത്തിരി സഹായിച്ചിട്ടുണ്ട്. കൃത്യമായി എണ്ണം പറയാന്‍ ഓര്‍ക്കുന്നില്ലെങ്കിലും ശശിസാറിന്റെ നിരവധി സിനിമകളില്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഒരിക്കലും നന്ദി പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല ശശി സാറിനോട്. അന്ന് ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പ് പോലെയാണ്. ഒരു പടത്തിന്റെ ഷൂട്ടിംഗ് മുപ്പതാം തീയതി കഴിഞ്ഞാല്‍ അടുത്ത ഷൂട്ടിംഗ് രണ്ടാം തീയതി തുടങ്ങും. അതിലും മുന്‍പത്തെ സിനിമയില്‍ ഉണ്ടായിരുന്ന ഞങ്ങളൊക്കെ തന്നെയായിരിക്കും പുതിയ ചിത്രത്തിലും. ഇന്നത്തെ പോലെയല്ല, കാരവാന്‍ സംസ്‌കാരമൊന്നമല്ലായിരുന്നല്ലോ. ഏറ്റവും ചെറിയ ആര്‍ട്ടിസ്റ്റുകളോടുപോലും ശശിസാര്‍ പക്ഷഭേദം കാണിച്ചുകൊണ്ടല്ല പെരുമാറിയിരുന്നത്.

ഒരു വര്‍ഷം മുമ്പ് മദ്രാസില്‍ പോയപ്പോള്‍ ശശിസാറിനെ കണ്ടിരുന്നു. വീട്ടില്‍ ചെന്ന് അദ്ദേഹവുമായി കുറെ നേരം സംസാരിച്ചു. ഒരുപാട് കാലം എന്നെ മദ്രാസില്‍ പിടിച്ചു നിര്‍ത്തിയയാളാണ് ശശിസാര്‍. മറ്റൊരാള്‍ ശശികുമാര്‍ സാര്‍. ഇവരൊക്കെ പോയതോടെ ഒരു കാലഘട്ടം അവസാനിച്ചിരിക്കുകയാണ്. ഇന്നത്തെ സിനിമലോകമല്ല അന്ന്. ഒരു കുടുംബമായി കഴിഞ്ഞിരുന്ന ആ കാലത്ത് ശശിസാറിനെ പോലുള്ളവര്‍ ചെയ്തു തന്ന സഹായവും പ്രകടിപ്പിച്ച സ്‌നേഹവുമൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍