UPDATES

ട്രെന്‍ഡിങ്ങ്

എണ്ണ വില കുറയ്ക്കാന്‍ തടസം ഞാനാണത്രേ…അപ്പോള്‍ ഈ ഞാനൊരു മഹാസംഭവം ആണല്ലേ! സംഘപരിവാറിനെ ട്രോളി തോമസ് ഐസക്

എണ്ണയുടെ നികുതി ജിഎസ്ടിയിലാക്കാന്‍ തോമസ് ഐസക് സമ്മതിക്കുന്നില്ല എന്നാണല്ലോ സംഘപരിവാറുകാരുടെ ആക്ഷേപം

എണ്ണവിലയുടെ വില്‍പന നികുതി ജിഎസ്ടിയില്‍ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണ് എന്നതരത്തില്‍ ബിജെപി/സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണങ്ങളെ ട്രോളി സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്ക്. അണ്ഡകടാഹത്തിനുകീഴില്‍ എന്തിനും ഏതിനും അധികാരമുള്ള സര്‍ക്കാരും പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും. ജിഎസ്ടി കൌണ്‍സിലിലും മഹാഭൂരിപക്ഷം കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും. മൊത്തം 41 വോട്ട്. അതില്‍ ഒരു വോട്ടിന്റെ അധികാരമാണ് എനിക്കുള്ളത്. കേന്ദ്രഭരണവും, പതിനഞ്ചു സംസ്ഥാനങ്ങളിലെ അധികാരവും ബിജെപിയ്ക്ക്. മറ്റു നാലു സംസ്ഥാനങ്ങളില്‍ ഭരണം ബിജെപി മുന്നണിയ്ക്ക്. പക്ഷേ, എന്തുകാര്യം? എണ്ണയുടെ നികുതി ജിഎസ്ടിയിലാക്കാന്‍ തോമസ് ഐസക് സമ്മതിക്കുന്നില്ലല്ലോ! എന്നിങ്ങനെ തനിക്കെതിരേയുള്ള പ്രചരണങ്ങളെ പരിഹസിച്ചുകൊണ്ടാണ് തോമസ് ഐസക്ക് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

തോമസ് ഐസക്കിന്റെ പോസ്റ്റ് പൂര്‍ണമായി താഴെ വായിക്കാം;

തന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു വീരകേസരിയെക്കുറിച്ച് വികെഎന്‍ വക ഒരു കഥയുണ്ട്. രത്‌നച്ചുരുക്കം പറയാം. വഴിയാത്രയില്‍ വികെഎന്‍ ഒരാളെ പരിചയപ്പെടുന്നു. മലയാളത്തില്‍ കഥകളൊക്കെ എഴുതാറുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് രണ്ടാമന്‍ സംഭാഷണം ആരംഭിച്ചു. സ്വന്തം പേരിലല്ല, എംടിയെന്ന പേരിലാണത്രേ കഥയെഴുത്ത്. യാത്രാവിവരണത്തിലും കൈവെച്ചിട്ടുണ്ട്. അതു പക്ഷേ, എസ്‌കെ പൊറ്റെക്കാട് എന്ന പേരില്‍. ഇവനാളു കൊള്ളാമല്ലോ എന്നു ചിന്തിക്കും മുമ്പ് ദാ വരുന്നു അടുത്ത വെളിപ്പെടുത്തല്‍. മേപ്പടിയാന്‍ കവിതയും എഴുതും. അവയിലൊക്കെ പി കുഞ്ഞിരാമന്‍ നായര്‍ എന്നാണ് പേരുവെച്ചിരിക്കുന്നത്. അവസാനം ആ സത്യവും വെളിപ്പെടുത്തി. ആള്‍ ഹാസ്യസാഹിത്യത്തിലും കൈവെച്ചിട്ടുണ്ട്. വികേയെന്‍ എന്ന പേരില്‍.

ഇത്രയുമായപ്പോള്‍ സാക്ഷാല്‍ വികെഎന്നിനു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ എന്നായി അദ്ദേഹം. ഇല്ലെന്ന് മറ്റേയാള്‍. എങ്കില്‍ അതു ഞാനാണെന്ന് വികേയെന്‍.

കഥ അവിടെ തീര്‍ന്നെങ്കിലും ഒരു സംശയം ബാക്കി നില്‍ക്കുന്നു. ദൈവവും താനാണെന്ന് മറ്റേ യാത്രക്കാരന്‍ കേറി ഏറ്റിരുന്നെങ്കിലോ? വികെഎന്‍ പെട്ടപോയേനെ. അത്രയുമൊരു വിനയം പ്രകടിപ്പിച്ചതിന് ആ പൊങ്ങച്ചക്കാരന്‍ സഹയാത്രികനോട് വികെഎന്‍ മനസാ നന്ദി പറഞ്ഞിരിക്കണം.

ഏതാണ്ട് ആ അവസ്ഥയിലാണ് ഞാനിപ്പോള്‍. എണ്ണവിലയുടെ വില്‍പന നികുതി ജിഎസ്ടിയില്‍ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണത്രേ. തോമസ് ഐസക്ക് സമ്മതിക്കുന്നില്ലത്രേ. അതുകൊണ്ടവര്‍ക്കു വില കുറയ്ക്കാന്‍ കഴിയുന്നില്ലത്രേ. വാട്‌സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഫോര്‍വേഡുകള്‍ ഒഴുകി നടക്കുകയാണ്.

അണ്ഡകടാഹത്തിനുകീഴില്‍ എന്തിനും ഏതിനും അധികാരമുള്ള സര്‍ക്കാരും പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും. ജിഎസ്ടി കൌണ്‍സിലിലും മഹാഭൂരിപക്ഷം കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും. മൊത്തം 41 വോട്ട്. അതില്‍ ഒരു വോട്ടിന്റെ അധികാരമാണ് എനിക്കുള്ളത്. കേന്ദ്രഭരണവും, പതിനഞ്ചു സംസ്ഥാനങ്ങളിലെ അധികാരവും ബിജെപിയ്ക്ക്. മറ്റു നാലു സംസ്ഥാനങ്ങളില്‍ ഭരണം ബിജെപി മുന്നണിയ്ക്ക്. പക്ഷേ, എന്തുകാര്യം? എണ്ണയുടെ നികുതി ജിഎസ്ടിയിലാക്കാന്‍ തോമസ് ഐസക് സമ്മതിക്കുന്നില്ലല്ലോ!

ജിഎസ്ടിയുടെ നടപ്പിലാക്കലിനെ തുടര്‍ന്ന് ആസൂത്രണത്തിലും നിര്‍വഹണത്തിനും ഉടലെടുത്ത സകല പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം ഈ സംഘത്തിനും അവരുടെ അധികാരത്തിനുമാണ്. പക്ഷേ, എണ്ണയുടെ വില്‍പന നികുതിയുടെ കാര്യം വരുമ്പോള്‍ ഈ സംഘബലം കാറ്റുപോയ ബെലൂണ്‍ പോലെയാകും. തോമസ് ഐസക്കു കേറി വിലങ്ങു തടിയായി നിന്നാല്‍ വല്ലതും ചെയ്യാന്‍ പറ്റുമോ?

ആലോചിച്ചു നോക്കൂ. ഈ പരിവാര്‍ സംഘത്തെ വെറും ഒരു വോട്ടുകൊണ്ടുകൊണ്ട് വരച്ചവരയില്‍ നിര്‍ത്താന്‍ കഴിയുന്ന ഞാന്‍ ആരാണ്? ഒരു മഹാസംഭവം ആയിരിക്കാതെ വയ്യ. ആലോചിച്ചിട്ട് എനിക്കുതന്നെ തല കറങ്ങുന്നു.

ആരെങ്കിലും അല്‍പം വെള്ളം തരൂ….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍