UPDATES

ട്രെന്‍ഡിങ്ങ്

കണ്ടം വഴി ഓടിയവരേ.. ഓടിച്ചവരേ.. ‘കണ്ടം വഴി ഓടണോ കണ്ടില്ലെന്ന് നടിക്കണോ’

കണ്ടം വഴി ഓടുന്നവരും ഓടിക്കുന്നവരും കുറച്ച് കൂടി സാമൂഹിക ഉത്തരവദിത്വം കാണിക്കണം

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച നടി പാര്‍വതിയെ സംവിധായകന്‍ ജൂഡ് ആന്റണി കുരങ്ങിനോട് ഉപമിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ അടി നടക്കുകയാണ്. പാര്‍വതി ജൂഡിന് മറുപടിയായി ‘എല്ലാ മുതലാളിമാര്‍ക്കും ഒഎംകെവി’ എന്ന് ട്വീറ്റ് ചെയ്ത് ഈ അടിയുടെ തലം വിട്ടിരിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒഎംകെവിയും കണ്ടം വഴി ഓടാനുമുള്ള ആഹ്വാനങ്ങളാണെന്നും ഇതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുകയാണ് മാധ്യമപ്രവര്‍ത്തകയായിരുന്നു ശ്രീവിദ്യ ശ്രീകുമാര്‍. ശ്രീവിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

“സോഷ്യല്‍ മീഡിയ തുറന്നാല്‍ കണ്ടം വഴി ഓടാനാണ് സര്‍വമാന മലയാളികളും പരസ്പരം ആഹ്വാനം ചെയ്യുന്നത്. കണ്ടം വഴി പണ്ട് അപ്പിയിടാനും അപ്പിയിട്ടു കൊണ്ടും ഓടിയ ചരിത്രം മലയാളിക്ക് ഉണ്ടായിരുന്നു. ഇന്ന് കാലം മാറിയില്ലേ, മുക്കിനും മൂലയ്ക്കും കക്കൂസ് ആയല്ലോ പിന്നെ എന്തിനാണ് ഈ ഓട്ടവും ഓടിക്കലും..

സംഗതി വിചിത്രമായി തോന്നും.. എങ്കിലും കാരണം വ്യക്തമാക്കാതെ കാര്യത്തിലേക്ക് കടക്കാന്‍ കഴിയില്ല. (കാരണത്തെക്കുറിച്ച് മനസ്സിലാക്കിയത് ഇങ്ങനെയാണ്.)

കാരണം:

നടി പാര്‍വതി നടന്‍ മമ്മൂട്ടിയെ പരസ്യമായി അപമാനിച്ചു. ‘കസബ’യില്‍ മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രം സ്ത്രീ വിരുദ്ധമായാണ് പെരുമാറുന്നതെന്നാണ് നടിയുടെ വിമര്‍ശനം.. (ആര്‍ക്കും ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.. വിമര്‍ശിക്കുമ്പൊഴും നിരൂപിക്കുമ്പൊഴും തിരിച്ച് ഇങ്ങോട്ടും കിട്ടുമെന്ന് നമ്മള്‍ മലയാളികള്‍ക്ക് അറിയാത്തതുമല്ല.. ‘അടിക്ക് അടി’, ‘ഒന്ന് കൊടുത്താല്‍ ഒമ്പത്’ എന്നിങ്ങനെയാണ് നമ്മുടെ കൊടുക്കല്‍ വാങ്ങല്‍ രീതിയുടെ ഗുട്ടന്‍സ് തന്നെ.)

കാര്യം:

ഏതായാലും നടി പാര്‍വതി പറഞ്ഞതില്‍ ന്യായം കണ്ടെത്തുന്നവരുണ്ടാകാം. അന്യായം കാണുന്നവരും കുറവല്ല. പാര്‍വതി പറഞ്ഞതിന് മറുപടി പറയേണ്ടവര്‍ പറഞ്ഞു. കസബയുടെ തിരക്കഥാകൃത്താണ് ആദ്യം മറുപടി പറഞ്ഞത്. അപ്പൊ പിന്നെ മമ്മൂട്ടി ഫാന്‍സ് മിണ്ടാതിരിക്കുമോ അവര്‍ തുടങ്ങി. പിന്നെ എല്ലാവരും പൊങ്കാലയോട് പൊങ്കാല. പാര്‍വതിക്ക് പിന്തുണയുമായി ഫെമിനിച്ചികളെന്ന് വിളിപ്പേരുള്ളവരും ഫെമിനിച്ചന്‍ എന്ന് വിളികേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടു. ഒടുവില്‍ സംഗതി അതിരുവിട്ടപ്പോള്‍ സംസ്ഥാന ധനമന്ത്രി തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടപെട്ടു. ഇതാണ് കാര്യം.

ഇനി ‘ഓടെടാ മൈരേ കണ്ടം വഴി’യെന്നോ ‘ഓടെടാ മലരേ കണ്ടം വഴി’യെന്നോ ‘ഓടെടാ മങ്കീ കണ്ടം വഴി’യെന്നോ OMKV എന്നോ കാണുമ്പോള്‍ സാദാ മലയാളിക്ക് ഇത്തിരി അറപ്പ് തോന്നും. ‘കണ്ടം വഴി ഓടണോ കണ്ടില്ലെന്ന് നടിക്കണോ’ എന്നതാണ് വിഷയം. അല്ല ഈ ഓട്ടം കണ്ട് ഓഖിച്ചുഴലിയും തീരദേശത്തെ കണ്ണീരും കണ്ടം വഴി ഓടിയെന്നാണ് തോന്നുന്നത്.

സമാന്യ ബോധമുള്ള ആണിനും പെണ്ണിനും അറിയാന്‍ വേണ്ടി മാത്രം സൂചിപ്പിക്കട്ടെ. സിനിമ ഒരു കലാരൂപമാണ്. അതിന് സമൂഹത്തിലുള്ള സ്വാധീനം മറ്റ് കലാരൂപങ്ങളില്‍ നിന്നും വളരെ കൂടുതലുമാണ്. കലയെ കലയായി കാണുക. എഴുതുന്നവര്‍ക്കും പണം മുടക്കുന്നവര്‍ക്കും അഭിനയിക്കുന്നവര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ലക്ഷ്യം ലാഭം മാത്രമാണ് അല്ലാതെ സമൂഹിക ഉന്നമനമല്ല. ഏതെങ്കിലും തട്ട് പാടുകള്‍ സംഭവിക്കുകയാണെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കാന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് ബാധ്യതയുണ്ടെന്ന് നിയമമോ നിയമാവലിയോ ഇല്ല..

നടിയെന്ന നിലയിലും ആക്ടിവിസ്റ്റെന്ന നിലയിലും പാര്‍വതിക്ക് വിമര്‍ശിക്കാം വിമര്‍ശനം ഏറ്റുവാങ്ങുകയുമാകാം. പക്ഷെ കലയെ കലയായി കാണുന്നതല്ലേ നല്ലത് എന്ന് ചിന്തിക്കുയാണെങ്കില്‍ മമ്മൂട്ടിയുടെ കസബയിലെ പൊലീസുകാരന്‍ ആ സിനിമയില്‍ തന്നെ ചെയ്ത് കൂട്ടുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട്, അത് കണ്ടില്ലെന്ന് നടിക്കുന്നതും തെറ്റാണ്. മമ്മൂട്ടിയുടെ ആവനാഴി മുതലുള്ള പൊലീസ് കഥാപത്രങ്ങള്‍ക്ക് ഒരു പ്രത്യേക ഭാവവും പ്രകൃതവും എഴുത്തുകാരും സംവിധായകരും നല്‍കിയിട്ടുണ്ട്. അതിനെ കഥാപാത്ര നിര്‍മ്മിതി എന്നും കഥാഗതിയുടെ ആവശ്യവും എന്ന് കണക്കാകുകയ്‌ല്ലേ ആസ്വാദനം.

സമകാലിക കേരളത്തില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ (സൈബര്‍ ലോകത്താണെങ്കിലും അല്ലെങ്കിലും) കുറ്റവാളികളുടെ കുട്ടത്തില്‍ സ്ത്രീ സാന്നിധ്യം ഉറപ്പാണ്. പെണ്‍വാണിഭക്കേസാണെങ്കില്‍ കൂട്ടിക്കൊടുപ്പിന്റെ കാര്യത്തില്‍ ഏതെങ്കിലും പെണ്‍ സാന്നിധ്യമുണ്ടാകും. കൊലപാതകം മുതല്‍ കൊള്ളവരെ പെണ്ണിനും വഴങ്ങുന്ന കുറ്റകൃത്യമായി മാറിയിട്ടുണ്ട് കേരളത്തില്‍. സ്ത്രീയെ ഇടിച്ച് ഇരുത്താനോ അടിച്ച് പരത്താനോ അല്ല, ഫെമിനിച്ചി എന്ന വിളിപ്പേര് കേള്‍ക്കാനോ ആഗ്രഹമില്ല.

പക്ഷെ കണ്ടം വഴി ഓടുന്നവരും ഓടിക്കുന്നവരും കുറച്ച് കൂടി സാമൂഹിക ഉത്തരവദിത്വം കാണിക്കണമെന്ന് മാത്രം. സാമൂഹിക മധ്യമങ്ങളില്‍ എഴുതുന്നവരും പ്രേത ബാധയേറ്റപോലെ അന്തിച്ചര്‍ച്ചയില്‍ ഉറഞ്ഞ് തുള്ളുന്നവരും ഓടിക്കല്‍ കാര്യത്തില്‍ കുറച്ച് കൂടി സഭ്യ മലയാളത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിക്കാന്‍ എനിക്ക് അറിയാം എന്ന് സോഷ്യല്‍ മീഡിയകളിലോ ഇന്‍ബോക്‌സുകളിലേക്കോ എഴുതി വിടുന്നതു കൊണ്ട് വ്യക്തികളുടെയും താരങ്ങളുടെയും വിപണി വില ഇടിയുകയാണോ കുത്തനെ കൂടുകയാണോ എന്ന ആത്മ പരിശോധനയും നല്ലതാണ്. അല്ല പുനലൂര്‍ ബാലന്റെ കവിതയാണ് പഥ്യമെങ്കില്‍ ഇതുപോലെ കണ്ടം വഴി ഓടിച്ചും ഓടിയും ശിഷ്ട കാലം കഴിക്കുക. ഈ വിഷയത്തില്‍ ഇനി പനച്ചിയുടെ പ്രതിവാരക്കുറിപ്പും വിമതന്റെ ആഴച്ചക്കുറിപ്പും മാത്രമെ വരാനുള്ളു.

നമിച്ചു മക്കളേ നമിച്ചു!”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍