UPDATES

ട്രെന്‍ഡിങ്ങ്

മൂന്നാറില്‍ ഓടുന്ന വണ്ടിയില്‍ നിന്നും ഒന്നര വയസ്സുള്ള കുട്ടി വനത്തിലേക്ക് തെറിച്ചുവീണു; മാതാപിതാക്കള്‍ അറിഞ്ഞത് 50 കിലോമീറ്റര്‍ പിന്നിട്ട ശേഷം

രാജമലയിലെ അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം.

ഓടുന്ന വണ്ടിയില്‍ നിന്നും വനത്തിലേക്ക് തെറിച്ചു വീണ കുട്ടി അത്ഭുകരമായി രക്ഷപ്പെട്ടു. ഒന്നര വയസ്സുള്ള കുട്ടി കൈയ്യില്‍ നിന്നു തെറിച്ചു വീണതറിയാതെ മൂന്നു മണിക്കൂര്‍ നേരത്തേക്കാണ് മാതാപിതാക്കള്‍ യാത്ര തുടര്‍ന്നത്. 50 കിലോമീറ്റര്‍ അകലെ വീട്ടില്‍ എത്തിയ ശേഷം മാത്രമാണ് കുട്ടി ഒപ്പമില്ലെന്ന് രക്ഷിതാക്കള്‍ അറിയുന്നത്. വീഴ്ചയില്‍ പരിക്കേറ്റ കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിക്കുകയും നാലുമണിക്കൂറിനു ശേഷം രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

കമ്പിളികണ്ടം സ്വദേശികളായ സതീഷും സത്യഭാമയും ഞായറാഴ്ച പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം നടന്നത്. വളവു തിരിയവെ മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോവുകയും ചെയ്തു. രാജമലയിലെ അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം.

രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസി ക്യാമറയിലൂടെ റോഡില്‍ ചെക്‌പോസ്റ്റിന്റെ ഭാഗത്ത് എന്തോ ഇഴഞ്ഞു നടക്കുന്നത് കാണുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ വിവരമറിയിക്കുകയും ചെയ്തു. വാര്‍ഡന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു.

പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ കുട്ടി ഇല്ലെന്ന് തിരിച്ചറിയുകയും ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.

Read More : നഴ്‌സിനെ തല്ലി; കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പിരിച്ചുവിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍