UPDATES

ട്രെന്‍ഡിങ്ങ്

ഇത് ഓപ്പറേഷന്‍ കു.കു.കു.

കോട്ടയം ജില്ലയിലെ പല സീറ്റുകളും ജയിക്കാൻ മാണിയുടെ പാർട്ടിയുടെ പിന്തുണ ആവശ്യമാണ് എന്നതാവാം ഉമ്മൻ ചാണ്ടിയുടെ ന്യായം. അതേസമയം ഭരണം ഇല്ലാതെ മുന്നോട്ടു പോകുവാൻ കുഞ്ഞാലിക്കുട്ടിയോ മുസ്ലിം ലീഗോ ആഗ്രഹിക്കുന്നില്ല

കെ എ ആന്റണി

കെ എ ആന്റണി

നിലവിൽ യു ഡി എഫിൽ ഇല്ലാത്ത കേരളാ കോൺഗ്രസ് എമ്മിനു രാജ്യസഭ സീറ്റു നൽകാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ പലരും പലരീതിയിലാണ് വ്യാഖ്യാനിക്കുന്നത്. ചിലർ ഇതിനെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ സമ്പൂർണ പരാജയമായി കാണുമ്പോൾ മറ്റു ചിലർ ഇതിനെ കെ എം മാണിയുടെ വിജയമായും വേറെ ചിലർ കുഞ്ഞാലിക്കുട്ടിയുടെ വിജയമായും ഇനിയും മറ്റു ചിലർ മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും സംയുക്ത വിജയമായും വ്യാഖ്യാനിക്കുന്നു. വീണ്ടും ഒരു അവസരം പ്രതീക്ഷിച്ചു കാത്തിരുന്നു നിരാശനായ പി ജെ കുര്യൻ പക്ഷെ ഇത് ഉമ്മൻ ചാണ്ടി മനഃപൂർവം തനിക്കു ഒരു പണി തന്നു എന്ന ഉറച്ച വിശ്വാസത്തിലാണ്. ഇക്കാര്യത്തിൽ കുര്യനോട്‌ യോജിപ്പ് പ്രകടിപ്പിക്കുന്നവർ യു ഡി എഫിലെ ആ പഴയ കു.കു.കു (കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി) സഖ്യം സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷൻ എന്ന മട്ടിലാണ് ഇതിനെ കാണുന്നത്.

വളരെ രൂക്ഷമായ ഭാഷയിലാണ് പി ജെ കുര്യൻ ഇന്നലെ ഉമ്മൻ ചാണ്ടിയെ വിമർശിച്ചത്. തന്നെ തഴഞ്ഞു മാണിയുടെ പാർട്ടിക്ക് രാജ്യ സഭാ സീറ്റു ദാനം ചെയ്ത നടപടിയുടെ മുഖ്യ ശില്പി ഉമ്മൻചാണ്ടിയാണെന്നും ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കാണണമെന്ന മനോഭാവമാണ് ഉമ്മൻ ചാണ്ടിക്ക് എന്നുമാണ് കുര്യൻ പ്രതികരിച്ചത്. കുര്യന് പിന്നാലെ മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ആറ് കോൺഗ്രസ് എം എൽ എമാരും ഇന്നലെ തന്നെ പ്രതിക്ഷേധവുമായി രംഗത്ത് വന്നിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് കെ പി സി സി സെക്രട്ടറി ജയന്ത് രാജി വെച്ചതും കെ എസ് യു കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിടപ്പെട്ടതും വരും ദിവസങ്ങളിൽ കോൺഗ്രസ് പാർട്ടിയിലും പോഷക സംഘടനകളിലും കലാപം കത്തിപ്പടരും എന്നതിന്റെ സൂചനയാണ്. അതിനിടെ നേരത്തെ പി ജെ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരെ രംഗത്ത് വന്ന കോൺഗ്രസിലെ യുവ എം എൽ എമാർ കേരള കോൺഗ്രസിന് സീറ്റു നൽകുന്നതിനെതിരെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചതായും വാർത്തയുണ്ട്. എന്നാൽ ഇന്നലെ ഡൽഹിയിൽ അരങ്ങേറിയ നാടകവും അതിൽ ഉമ്മൻ ചാണ്ടിക്കുള്ള പങ്കും വെച്ച് നോക്കുമ്പോൾ കുര്യനെതിരെ ഈ യുവ തുർക്കികൾ രംഗത്ത് വന്നതിനു പിന്നിൽ കളിച്ചതും ഉമ്മൻ ചാണ്ടി തന്നെയല്ലേ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.

ഉമ്മൻ ചാണ്ടിക്ക് കുര്യനോടുള്ള അതൃപ്‌തിക്കു കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് കുര്യന് എ കെ ആന്റണിയോടുള്ള അടുപ്പമാണ്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പ് വേളയിൽ കോട്ടയം ജില്ലയിൽ കുര്യൻ നടത്തിയ ചില ചരടുവലികൾ ചാണ്ടിയെ തെല്ലെന്നുമല്ല പ്രകോപിച്ചത് എന്ന കാര്യവും കാണാതെ പോകരുത്. കുര്യൻ വിഷയം എന്തുതന്നെയായാലും കുര്യന്റെ പേര് വെട്ടിയപ്പോഴും മാണിയെ വാഴിച്ച നടപടി ചില്ലറ അനർത്ഥങ്ങളാവില്ല കോൺഗ്രസ് പാർട്ടിക്ക് വരുത്തി വെക്കാൻ പോകുന്നത്. രാജ്യസഭയിലേക്കു ജയിക്കണമെങ്കിൽ ഓരോ സ്ഥാനാർത്ഥിക്കും 36 ഫസ്റ്റ് വോട്ടു വേണമെന്നിരിക്കെ മുസ്ലിം ലീഗിന്റെ പിന്തുണയില്ലാതെ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ നിയമസഭയിൽ വെറും 22 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസിന് കഴിയില്ല എന്നത് വാസ്തവം തന്നെ. കോൺഗ്രസിന്റെ ഈ ബലഹീനതയാണ് മാണിക്കുവേണ്ടി ചരടുവലി നടത്തിയ കുഞ്ഞാലിക്കുട്ടിയും അതിനു എല്ലാവിധ പിന്തുണയും നൽകിയ ഉമ്മൻ ചാണ്ടിയും മുതലെടുത്തത്.

കോട്ടയം ജില്ലയിലെ പല സീറ്റുകളും ജയിക്കാൻ മാണിയുടെ പാർട്ടിയുടെ പിന്തുണ ആവശ്യമാണ് എന്നതാവാം ഉമ്മൻ ചാണ്ടിയുടെ ന്യായം. അതേസമയം ഭരണം ഇല്ലാതെ മുന്നോട്ടു പോകുവാൻ കുഞ്ഞാലിക്കുട്ടിയോ മുസ്ലിം ലീഗോ ആഗ്രഹിക്കുന്നില്ല. മാണി കൂടി ഇല്ലാത്ത യു ഡി എഫ് തീർത്തും ബലഹീനമാണെന്നു ലീഗിനും കുഞ്ഞാലിക്കുട്ടിക്കും നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടു തന്നെയാണ് കോൺഗ്രസിനെ കുഴിയിൽ ചാടിച്ചിട്ടായാലും വേണ്ടില്ല മാണിയെ തിരികെ കൊണ്ടുവരണമെന്ന് ലീഗ് വാശിപിടിക്കുന്നതും. പോരെങ്കിൽ കോൺഗ്രസിന്റെ രാജ്യ സഭാ സീറ്റു പോകുന്നതിൽ മുസ്ലിം ലീഗ് ബേജാറാവേണ്ട കാര്യമില്ലല്ലോ!

മുസ്ലിം ലീഗിന്റെയും ഉമ്മൻ ചാണ്ടിയുടെയും യുക്തി എന്തുതന്നെയായാലും ഇന്നലത്തെ തീരുമാനം കോൺഗ്രസ് പാർട്ടിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പള്ളിക്കുള്ളിൽ കുരിശുപള്ളി പണിയുന്നവരാണ് കോൺഗ്രസ്സുകാർ എന്നതൊക്കെ ശരി തന്നെ. പക്ഷെ ചെന്നു ചെന്ന്‌ യു ഡി എഫിനുള്ളിൽ മാത്രമല്ല കോൺഗ്രസിൽ പോലും കാര്യങ്ങൾ ഇനിയങ്ങോട്ട് തീരുമാനിക്കുന്നത് തങ്ങളായിരിക്കും എന്ന മുന്നറിയിപ്പാണ് കുഞ്ഞാലിക്കുട്ടിയും മാണിയുമൊക്കെ നൽകുന്നത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്‌ സമ്മർദ്ദ തന്ത്രത്തിലൂടെ അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുക്കുക വഴി ഇക്കാര്യം മുസ്ലിം ലീഗ് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞതുമാണ്. മാണിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള കലാപത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ഒരു പക്ഷെ ബി ജെ പി ആയിക്കൂടെന്നില്ല എന്നിടത്താണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നത്.

കഴിഞ്ഞ ജൂണില്‍ ‘മാണി എന്ന മാരണം’; ഈ ജൂണില്‍ മാണി ഈ വീടിന്റെ ഐശ്വര്യം

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍