UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനിയെന്തെങ്കിലും ചെയ്യാനുണ്ടോ?

ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം പോലും വേണ്ടെന്ന് വച്ച ഉമ്മന്‍ ചാണ്ടിയുടെ അടുത്ത നീക്കമെന്തെന്നായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ നോട്ടം. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതോടെ ആന്റണിക്ക് പിന്നാലെ മറ്റൊരു മുന്‍മുഖ്യമന്ത്രി കൂടി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും വരുന്നത്.

പുതുപ്പള്ളിയിലെ ജനങ്ങള്‍ ഇത്തവണയും വിജയിപ്പിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന തരത്തിലാണ് ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്തു നിന്നും മാറി നിന്നത്. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ രമേശ് ചെന്നിത്തലയെ പാര്‍ട്ടിയെ നയിക്കേണ്ട ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നത് ആ സാഹചര്യത്തിലാണ്. സുധീരന്‍ രാജിവച്ചപ്പോള്‍ എംഎം ഹസനെ താല്‍ക്കാലികമായി ചുമതലയേല്‍പ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളാണ്. കോണ്‍ഗ്രസിന്റെ പിടിവള്ളി തന്റെ കയ്യില്‍ നിന്നും വിട്ടുപോകരുതെന്ന് ഉമ്മന്‍ ചാണ്ടി മനസില്‍ കണ്ടിരുന്നു. ഹസന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായതും ആ തന്ത്രത്തിന്റെ ബാക്കിയാണ്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റുകളിലെല്ലാം ധാരണയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പകരം ചോദിക്കാനുള്ള അവസരം ഉമ്മന്‍ ചാണ്ടിക്ക് ഇതോടെ ലഭിക്കുകയാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ തന്ത്രങ്ങളെ നിഷ്ഫലമാക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പോലൊരു മുതിര്‍ന്ന നേതാവ് തന്നെ രംഗത്തിറങ്ങണമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ശബരിമല വിഷയത്തില്‍ ഒരു വിഭാഗത്തിനെങ്കിലും സിപിഎമ്മിനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടുമുള്ള വിയോജിപ്പ് ബിജെപിയ്ക്ക് ഗുണം ചെയ്യാതിരിക്കാന്‍ അത് മാത്രമാണ് വഴി.

ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നേതൃത്വം ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനകള്‍ നടക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച് അന്തിമ തീരുമാനങ്ങളൊന്നും ആയിട്ടില്ല. കോട്ടയത്തോ ഇടുക്കിയിലോ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നാണ് അറിയുന്നതെങ്കിലും കേരളത്തില്‍ എവിടെ വേണമെങ്കിലും അദ്ദേഹത്തിന് മത്സരിക്കാമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല, താനിനി വടകരയില്‍ മത്സരിക്കുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ കോട്ടയായിരുന്ന വടകരയില്‍ 2009 മുതല്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിക്കാന്‍ മുല്ലപ്പള്ളിക്ക് സാധിച്ചിരുന്നു. നിലവില്‍ കോട്ടയത്ത് യുഡിഎഫിന് വേണ്ടി മത്സരിച്ചിരുന്നത് കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിട്ട മാണി വിഭാഗം കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് മുന്നണിയില്‍ തിരികെയെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം മണ്ഡലമായ കോട്ടയത്ത് മറ്റാരേക്കാളും ജയസാധ്യതയുള്ള വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ ചാലക്കുടിയോ ഇടുക്കിയോ മാണി വിഭാഗത്തിന് നല്‍കി കോട്ടയത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഒരു സീറ്റ് അധികം വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യമെന്നാണ് അറിയുന്നത്.

അതേസമയം ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും ഇടതുപക്ഷത്തിന്റെ തന്ത്രങ്ങളും കാരണം കോണ്‍ഗ്രസിന് നഷ്ടമായ മണ്ഡലമാണ് ഇടുക്കി. സോളാര്‍ കേസിലും ബാര്‍ കോഴക്കേസിലുമെല്ലാം നാണം കെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ നേരിട്ട തെരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദി ഉമ്മന്‍ ചാണ്ടിയാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ലെന്നതാണ് സത്യം. കൂടാതെ കേരളത്തില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള കോണ്‍ഗ്രസ് നേതാവും അദ്ദേഹമാണ്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ എവിടെ മത്സരിപ്പിച്ചാലും വിജയം ഉറപ്പുള്ള നേതാവായി മുല്ലപ്പള്ളി അദ്ദേഹത്തെ കാണുന്നതും മറ്റൊന്നുകൊണ്ടുമല്ല. ഉമ്മന്‍ ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും മത്സരിക്കണമോയെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ആന്ധ്രയില്‍ നടത്തുന്ന പ്രകടനങ്ങളാണ് അതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിന് വലിയ ഊജ്ജമാകും അത് നല്‍കുക. മാത്രമല്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചാല്‍ അദ്ദേഹത്തിന് സുപ്രധാന പദവി തന്നെ ലഭിക്കുകയും ചെയ്യും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍