UPDATES

ട്രെന്‍ഡിങ്ങ്

സുനിൽ പി ഇളയിടത്തിനോട് ഐക്യദാർഢ്യപ്പെടേണ്ടത് മതേതര മലയാളിയുടെ രാഷ്ട്രീയ ബാധ്യതയാണ്

ഏറ്റവും അപകടം പിടിച്ച സന്ദർഭത്തിൽ ചരിത്രത്തെയും ഭാഷയെയും ഏറ്റവും തീക്ഷ്ണമാക്കുകയാണീ മനുഷ്യൻ

ഞാൻ കാലടിയിൽ എം.ഫിൽ പഠിക്കുന്ന സമയം. പലസ്തീനിൽ ഇസ്രയേലിന്റെ തുടർച്ചയായ ബോംബ് വർഷം നടക്കുന്ന സമയം. എത്രയോ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന സമയം. ഭൂമിയുടെ മറ്റൊരത്ത് ഞങ്ങൾ യൂനിവേഴ്സിറ്റിയിലെ ക്ലാസ് മുറിയിലിരുന്ന് സിദ്ധാന്തം പഠിക്കുന്ന സമയം.!

ആ ആഴ്ചയിലൊരു ദിവസം രാവിലെ ക്ലാസിലേക്കെത്തിയ ഞങ്ങളെയും കാത്ത് വരാന്തയിൽ നിൽക്കുകയാണ് സുനിൽ മാഷ്. ഇന്നത്തെ ക്ലാസ് നമുക്ക് അടുത്ത ദിവസമാകാമെന്നു പറഞ്ഞ് സംഭാഷണം തുടങ്ങി.പിന്നീട് പലസ്തീനെക്കുറിച്ചായി സംസാരം. സംഭാഷണത്തിനൊടുവിലൊരു ചോദ്യവും.

‘നമുക്കൊരു പ്രകടനമെങ്കിലും നടത്തെണ്ടെടോ..?
ഇല്ലെങ്കിൽ നമ്മളീ സാഹിത്യോം സിദ്ധാന്തൊക്കെ പഠിക്കുന്നത് വെറുതെയാവും’.

‘നമ്മൾ മാത്രം മതിയോ മാഷേ.?’

‘പോര… പറ്റുമെങ്കിൽ ക്യാംപസ് മുഴുവനും വേണം’

‘നമുക്ക് എല്ലാ ക്ലാസിലും കയറി ചെറിയൊരു ക്യാംപയിൻ നടത്തി കുട്ടികളെയും അധ്യാപകരെയും ഇറക്കിയാലോ”

‘പിന്നെന്താ…”

അങ്ങനെ മാഷിനൊപ്പം യൂണിവേഴ്സിറ്റി ക്യാംപസിലെ എല്ലാ ക്ലാസ് മുറികളിലും കയറി ചെറിയ ക്യാംപെയിൻ നടത്തി.ഞങ്ങൾ രണ്ടു മൂന്നു പേർ പ്രസംഗിച്ചു.രാഗേഷ് ബ്ലാത്തൂരും അശ്വതിയും അബ്ദുവും മുരളിയുമൊക്കെ ഒപ്പം. അന്നാണ് കാലടി ക്ലാസ് മുറികളിൽ ഞാൻ ആദ്യമായി സംസാരിച്ചത്.

എല്ലാവരും ക്ലാസ് വിട്ടിറങ്ങില്ലേ എന്ന് പ്രസംഗാവസാനം കുട്ടികളിലേക്ക് ഞങ്ങൾ ചോദ്യം നീട്ടിയെറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതവർ കുഴങ്ങി.’വരണം ഞാനുമുണ്ടാകും കൂടെ ‘ എന്ന് ഇറങ്ങുമ്പോൾ സൗമ്യമായി മാഷ് ഓർമ്മിപ്പിച്ചു.പന്ത്രണ്ട് മണിക്ക് പോർട്ടിക്കോയിൽ നിന്നും പ്രതിഷേധ പ്രകടനം തുടങ്ങുന്നതിനു മുമ്പ് കുറച്ച് കടലാസിൽ മുദ്രാവാക്യങ്ങളുമായി മാഷ് വന്നു.

‘മാഷേ ആര് തുടങ്ങും ?’

‘ഞാൻ തുടങ്ങണോ’

‘വേണ്ട മാഷേ ഞങ്ങൾ തുടങ്ങാം.’

‘നീ തുടങ്ങിക്കോ ഞാനും സഹായിക്കാ’മെന്ന് മാഷ്….

ചെറുതായി മുദ്രാവാക്യം തുടങ്ങി രണ്ട് മൂന്ന് മിനുട്ട് കഴിഞ്ഞതോടെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മാഷിന്റെ കനത്ത ശബ്ദം.

‘കൊലയാളി രാഷ്ട്രം തുലയട്ടെ…..
സാമ്രാജ്യത്വം തുലയട്ടെ….’

പിന്നീട് ക്യാംപസ് ആ കനത്ത ശബ്ദത്തിലേക്ക്, മുദ്രാവാക്യത്തിലേക്ക് കാതുകൾ കൂർപ്പിച്ചു. കേട്ടവർ കേട്ടവർ ഒപ്പം കൂടി.പ്രകടനം മുന്നോട്ടു നീങ്ങി. പഴയ മഹാരാജാസിലെ ചെയർമാനാണ് പ്രകടനം നയിക്കുന്നതെന്ന് കണ്ടു നിന്നവർക്കൊക്കെ അറിയാം. വരാന്തകളിൽ നിന്നും ലൈബ്രറിയിൽ നിന്നുമൊക്കെ നോക്കിനിന്നവരെല്ലാം അതിലേക്കലിഞ്ഞു ചേർന്നു.

അത്ര അത്യുജ്ജലമായ പ്രകടനം ആ ക്യാംപസിന്റെ ഓർമ്മയിലുണ്ടാവില്ല. ചരിത്രത്തിലുണ്ടാവില്ല. കാരണം കക്ഷിരാഷ്ട്രീയഭേദമെന്യേ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരുമൊക്കെ ഒപ്പം ചേർന്ന പ്രകടനമായിരുന്നു അത്. ക്യാൻറീനിനു മുന്നിൽ അവസാനിച്ച പ്രകടനത്തിന്റെ ഒടുക്കം സുനിൽ മാഷിന്റെ ഗംഭീര സംസാരവും. ഇതുവരെ കേട്ട പ്രഭാഷണങ്ങളിൽ ഏറ്റവും മികച്ചത് അന്നായിരുന്നുവെന്ന് ഇന്നോർക്കുന്നു.

എല്ലാം കഴിഞ്ഞ് അന്ന് രാത്രി സുനിൽ മാഷ് ഫോണിൽ വിളിച്ച് എന്നോട് ഏറെ സംസാരിച്ചിരുന്നു.കഴിഞ്ഞ പത്ത് പതിനഞ്ച് കൊല്ലത്തിനിടയിൽ മാഷിന് ഏറെ സന്തോഷമുണ്ടായ രാഷ്ട്രീയ ജീവിതമെന്നാണ് അന്നതിനെക്കുറിച്ച് പറഞ്ഞത്. തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലം തിരിച്ചു കിട്ടിയതുപോലെ തോന്നിച്ചു എന്നും.

ഉള്ളിലലയടിച്ച സാഗരങ്ങളെ തുറന്നുവിട്ട ചരിത്ര സന്ദർഭം.!
അതിനോട് ചേർന്നു നിൽക്കാനായതിൽ എനിക്കും അഭിമാനം തോന്നി.
അധ്യാപകർ യുദ്ധത്തെക്കുറിച്ചും വംശീയതയെക്കുറിച്ചുമൊക്കെ ലേഖനങ്ങളും കവിതകളും എഴുതിയാൽ മാത്രം പോര. തെരുവിലിറങ്ങണം. തെരുവിൽ. അപ്പോഴേ രാഷ്ട്രീയം പൂർത്തിയാകുകയുള്ളൂ എന്ന ബോധ്യമുള്ള യൂണിവേഴ്സിറ്റി പ്രൊഫസർ.
അതാണ് ഞങ്ങൾക്ക് ഡോ.സുനിൽ പി.ഇളയിടം.

ഇന്ത്യൻ രാഷ്ട്രീയത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ വർഷങ്ങളായിത്തുടങ്ങിയ സാംസ്കാരിക ജീവിതമാണ് /രാഷ്ട്രീയ ജീവിതമാണ് മാഷിന്റേത്. യൂണിവേഴ്സിറ്റിയിലെ ശീതീകരിച്ച സെമിനാർ ഹാളിലും ക്ലാസ് മുറികളിലും മാത്രമല്ല സംഘപരിവാരത്തെക്കുറിച്ചും അത് ഇന്ത്യൻ ജീവിതത്തിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന പോളറൈസേഷനെക്കുറിച്ചും മാഷ് സംസാരിക്കുന്നത്. ക്ലാസിനെക്കുറിച്ച് മാത്രമല്ല ‘ക്ലാസി’നിടയിൽ മൂർച്ഛിക്കുന്ന വൈരുദ്ധ്യങ്ങളെക്കുറിച്ചും നല്ല ബോധ്യമുള്ള അധ്യാപകൻ. അതുകൊണ്ടുതന്നെ ക്ലാസ് കഴിഞ്ഞാൽ മാഷ് നേരെ പോകുന്നത് ഏതെങ്കിലും തെരുവുകളിലേക്കാണ്. അവിടെവെച്ച് ജനങ്ങളോട് രാഷ്ട്രീയം സംസാരിക്കുകയാണ്. പറവൂർ മുതൽ സ്വിറ്റ്സർലാന്റിൽ വരെ പടർന്ന സംഭാഷണമായി അത് തുടരുന്നു.

അതെ.നാം അകപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതത്തെക്കുറിച്ച് മാഷ് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റവും അപകടം പിടിച്ച സന്ദർഭത്തിൽ ചരിത്രത്തെയും ഭാഷയെയും ഏറ്റവും തീക്ഷ്ണമാക്കുകയാണീ മനുഷ്യൻ. അതുകൊണ്ടാണ് മാഷ് ക്ലാസ് മുറിയിൽ പഠിപ്പിച്ചവർക്കു മാത്രം അധ്യാപകനാകനായി ചുരുങ്ങിപ്പോകാത്തത്. ഈ കാലത്തിന്റെ, നവോത്ഥാനത്തിന്റെ, ഓർമ്മകളുടെ കൂടി അധ്യാപകനായത്.

ഇന്ന് മാഷിന്റെ / ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ വാതിലിൽ സംഘപരിവാർ കോറിയിട്ട ഭീഷണിയെ മതേതര മലയാളികളോരോരുത്തരുടെയും വാതിലുകളിൽ കോറിയിട്ട ഭീഷണിയായിക്കാണണം.

വെറും വാതിലല്ല അത്.
വാക്കിന്റെ വാതിൽ…
ചിന്തയുടെ വാതിൽ…

അതിന് കാവൽ നിൽക്കേണ്ടത് മലയാളിയുടെ രാഷ്ട്രീയ ബാധ്യതയാണ്. രാഷ്ട്രീയ ജാഗ്രതയാണ്.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

വധഭീഷണിക്ക് പിന്നാലെ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം

ഇത് പണ്ടുമുണ്ടായിട്ടുണ്ട്.. ഇതിന്റെയും ആത്യന്തിക വിജയം സുനില്‍ പി ഇളയിടത്തിനായിരിക്കും: കുരീപ്പുഴ ശ്രീകുമാര്‍

ജോബിഷ് വി കെ

ജോബിഷ് വി കെ

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍