UPDATES

ട്രെന്‍ഡിങ്ങ്

കെ എം ഷാജിയുടെ എം എൽ എ സ്ഥാനം: ഇല്ലത്തൂന്ന് ഇറങ്ങുകേം ചെയ്തു, അമ്മാത്തേക്ക് അങ്ങ് എത്തിയതുമില്ല

സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിലപാടാണ് ഷാജിക്ക് പുതിയ കുരുക്കായിരിക്കുന്നത്

കെ എ ആന്റണി

കെ എ ആന്റണി

അഴീക്കോട് എം എൽ എ കെ എം ഷാജി വല്ലാത്തൊരു അവസ്ഥയിലാണ്. തന്നെ അയോഗ്യനാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്ന ഷാജിയുടെ ആവശ്യം സുപ്രീംകോടതി അനുവദിക്കാതിരുന്നതും ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ടെങ്കിലും ആനുകൂല്യങ്ങളൊന്നും പറ്റാതെ ഷാജിക്ക് നിയസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്നത് സുപ്രീം കോടതി വാക്കാൽ മാത്രം നടത്തിയ പരാമർശമാകയാൽ അത് നിലനിൽക്കില്ലെന്നുമുള്ള സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിലപാടാണ് ഷാജിക്ക് പുതിയ കുരുക്കായിരിക്കുന്നത്.

ഇതോടെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് ഷാജി. ഈ മാസം 27 ന് നിയമസഭ വീണ്ടും ആരംഭിക്കുമെന്നതിനാലും തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തുകൊണ്ടുള്ള വിധിക്കെതിരെ അപ്പീലിന് പോകാൻ സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി തന്നെ നൽകിയ സ്റ്റേ ഇന്ന് അവസാനിക്കുമെന്നതിനാലും അടുത്ത തിങ്കളാഴ്ച തന്നെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് ഷാജിയുടെ നീക്കവും. എന്നാൽ ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഹർജികളിൽ തിരക്കിട്ട തീരുമാനങ്ങൾ എടുക്കാൻ സാധ്യമല്ലെന്നു സുപ്രീംകോടതി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് തിങ്കളാഴ്ച കോടതി എന്ത് തീരുമാനം കൈക്കൊള്ളും എന്നത് വ്യക്തമല്ല.

കോടതി തിങ്കളാഴ്ച ഷാജിക്ക് അനുകൂലമായ ഒരു തീരുമാനം ( അതായത്, കേസ് തീർപ്പാകും വരെ ആനുകൂല്യങ്ങൾ പറ്റാതെ ഷാജിക്ക് നിയസഭ സമ്മേളങ്ങളിൽ പങ്കെടുക്കാമെന്ന് രേഖാമൂലം അറിയിച്ചാൽ ) സ്പീക്കർക്ക് വഴങ്ങേണ്ടതായി വരും. പക്ഷെ അങ്ങനെ ഒരു രേഖ കേസിന്റെ ഈ ഘട്ടത്തിൽ നൽകാൻ കോടതി തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ നിയമ വിദഗ്ധരും രണ്ടു തട്ടിലാണ്. സമാനമായ മറ്റൊരു കേസ് മുന്നിലില്ലെന്നതാണ് ഇതിനുള്ള പ്രധാന കാരണം .

കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അഴീക്കോട് എം എൽ എ കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദു ചെയ്തുകൊണ്ടും അടുത്ത ആര് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും ഷാജിക്ക് വിലക്കേർപ്പെടുത്തികൊണ്ടും കേരളാ ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധി. വർഗീയതെക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചയാൾ എന്നറിയപ്പെടുന്ന കെ എം ഷാജി കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തി എന്ന് കോടതി കണ്ടെത്തി എന്നതു കൊണ്ടു കൂടിയായിരുന്നു ഇത്.

അമുസ്ലിമിന് വോട്ടു ചെയ്യരുതെന്ന് കാണിച്ചു ഷാജിക്ക് വേണ്ടി നോടീസുകൾ അടിച്ചിറക്കി മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ വിതരണം ചെയ്തുവെന്നായിരുന്നു എതിർ സ്ഥാനാർഥി എം വി നികേഷ് കുമാറിന്റെ ആരോപണം. ഈ ആരോപണം ശരിവെച്ചുകൊണ്ടുള്ളതായിരുന്നു ജസ്റ്റിസ് പി ഡി ജോസെഫിന്റെ വിധി. ആരോപണം തികച്ചും വാസ്തവ വിരുദ്ധമാണെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഷാജി ഇപ്പോഴും. മണ്ഡലത്തിൽ പ്രചരിപ്പിച്ചുവെന്ന് പറയപ്പെടുന്ന നോട്ടീസുകൾ എതിരാളികൾ തന്നെ അച്ചടിപ്പിച്ചതാണെന്നും മറ്റുമുള്ള വാദം പക്ഷെ വേണ്ടത്ര ഫലപ്രദമായി തെളിയിക്കാൻ കഴിയാതെപോയതാണ് കോടതിയിൽ ഷാജിക്ക് വിനയായത്.

‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍

കെ എം ഷാജിയുടെ നിയമസഭാ പ്രവേശനം; സുപ്രീം കോടതിയുടെ വാക്കാല്‍ പരാമർശം മതിയാവില്ല: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍