UPDATES

ബ്ലോഗ്

നിങ്ങള്‍ തെളിക്കുന്ന വഴിയിലൂടെ ഒരുപാട് ദൂരം ഈ പെൺകുട്ടികൾ നടക്കും എന്നാരും കിനാവ് കാണണ്ട

ശബരിമലയിലെ നാമജപ കുലസ്ത്രീകളുടെ കാര്യവും പിറവം പള്ളിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീകളുടെ കാര്യവും മറ്റൊന്നല്ല

“അവർക്കു വേണ്ടത് സമത്വമല്ല സുരക്ഷിതത്വമാണ്” ആ പോസ്റ്ററുകളും കൊണ്ട് ആ പെണ്‍കുട്ടികളെ അവിടെ ആരോ നിർത്തിയിരിക്കുകയാണ് എന്നതിന് ഇതിൽ പരം എന്ത് തെളിവാണ് വേണ്ടത്. എഴുതി കൊടുത്തവർ സ്വന്തം ഭാഷ ഉപയോഗിച്ചപ്പോൾ അത് മാറ്റി ‘ഞങ്ങൾക്ക്’ എന്ന് തിരുത്തി സ്വയം കർതൃത്വ അവകാശം ഉപയോഗിക്കാൻ പോലും പറ്റാത്ത കുറേ സാധു ജന്മങ്ങൾ, അവരാണ് ആ പ്ലക്കാർഡ് പിടിച്ചു നിൽക്കുന്നത്. അവരെ പരിഹസിക്കാൻ പ്രിവിലേജുകളുടെ മുകളിൽ അടയിരിക്കുന്നവർക്കാവാം.

നെഹ്രുവിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ തുല്യാവകാശം ഉറപ്പാക്കി ഹിന്ദു കോഡ് ബില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ അണി നിരന്നത് അഖിലേന്ത്യാ വിമന്‍സ് കോണ്‍ഫറന്‍സ് ആയിരുന്നു, ഹിന്ദു വിവാഹം എന്ന ദിവ്യസങ്കല്പം ഇല്ലാതാക്കും ഈ ബില്‍ എന്നാരോപിച്ച്. 70000- ത്തോളം സ്ത്രീകളാണ് ഈ വര്‍ഷം മുതലാഖ് ബില്‍ നടപ്പില്‍ വരുന്നതിന് എതിരെ പ്രതിഷേധിച്ച്  മാലേഗാവിൽ മാര്‍ച്ച് ചെയ്തത്.

ശബരിമലയിലെ നാമജപ കുലസ്ത്രീകളുടെ കാര്യവും, പിറവം പള്ളിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീകളുടെ കാര്യവും മറ്റൊന്നല്ല. ഇവരെല്ലാം മതത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപെട്ടതിനൊപ്പം പുരുഷാധിപത്യത്തിനും അടിമകളാണ്. തങ്ങള്‍ ചെയ്യുന്നതിന്റെ ഏജന്‍സി ഏറ്റെടുക്കുവാന്‍ പറ്റുന്ന എത്ര സ്ത്രീകള്‍ ഈ സമരങ്ങളില്‍ ഉണ്ടാകും എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്, അഥവാ ഏറ്റെടുക്കുമ്പോള്‍ തന്നെ അവിടെയും പുരുഷാധിപത്യ ചിന്തകള്‍ ആവും അവരെ നിയന്ത്രിക്കുന്നത്.

ഇത് പക്ഷെ ശരിക്കും കടുത്തു പോയി. തങ്ങള്‍ക്കു സമത്വമല്ല സുരക്ഷിതത്വമാണ് വേണ്ടത് എന്ന പ്ലക്കാർഡ് പിടികുന്നതിനോടൊപ്പം തന്നെ ശബരിമല വിഷയത്തില്‍ സ്ത്രീസമത്വം വേണ്ട എന്ന് കൂടി പെണ്‍കുട്ടികളെ കൊണ്ട് പറയിക്കുന്നുണ്ട്. അവരുടെ രക്ഷിതാക്കളോ അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോ പറഞ്ഞു വിടാതെ അവര്‍ക്കിവിടെ വരാനാവില്ല. തങ്ങള്‍ പിടിക്കുന്ന പോസ്റ്ററുകകളിലെ മുദ്രാവാക്യങ്ങള്‍ വായിച്ച് അതിന്റെ അര്‍ഥം മനസ്സിലാക്കി പെരുമാറാനുള്ള അവകാശം കൂടി നിഷേധിക്കപ്പെട്ട കുറെ പാവം പിള്ളേരാണിവര്‍.

കുറച്ചു നാള്‍ മുന്നേ ഒരു വൈറൽ വീഡിയോയില്‍ ഒരു ആണ്‍കുട്ടി ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നിലപാടുമായി ചോദ്യങ്ങള്‍ ചോദിച്ചത് ഇതുമായി കൂട്ടിച്ചേര്‍ത്തു വെക്കാവുന്നതാണ്. കൊച്ചു പ്രായത്തിലേ മതത്തിന്റെ വിഷം കയറ്റി വിട്ട്, എന്താണ് എന്ന് തിരിച്ചറിവ് ഉണ്ടാവുന്നതിനു മുന്നേ ഉള്ള ചോദ്യങ്ങളാണവ. ആ കുട്ടിക്ക് ഭാവിയില്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു തിരിച്ചറിവ് ഉണ്ടാവാന്‍ ഉള്ള അവസരം ഉണ്ട് എങ്കില്‍ ഈ പെണ്‍കുട്ടികള്‍ക്ക് അതും നിഷിദ്ധമാണ്. ഇത് കഴിഞ്ഞാല്‍ എന്ത് ജീവിതമായിരിക്കും അവരുടെ മുന്നില്‍ കാത്തിരിക്കുന്നത് എന്നത് അവര്‍ തിരഞ്ഞെടുക്കുന്ന ഒന്നല്ല, അവരുടെ രക്ഷിതാക്കളും മതവും അടിച്ചേല്‍പ്പിക്കുന്ന ഒന്ന്. സമത്വം ഇല്ലാതെ, സുരക്ഷയ്ക്ക് മാത്രം വില കൊടുക്കുന്ന ഒരു ജീവിതം. സ്ത്രീ എന്ന് പറഞ്ഞാല്‍ ബഹുമാനവും ആദരവും ഒക്കെ അര്‍ഹിക്കുന്ന എന്തോ വലിയ സംഭവമാണ്, നിങ്ങൾക്ക് സമത്വം എന്ന് പറഞ്ഞു താഴ്ത്തിക്കെട്ടാനാണ് നോക്കുന്നത്, ബഹുമാനം ഉള്ളത് കൊണ്ടാണ് സുരക്ഷിതമായി സൂക്ഷിച്ച്, അടച്ചു കെട്ടി വെയ്ക്കുന്നത് എന്നൊക്കെയാണ് ഇവരുടെ മറുവാദങ്ങള്‍.

നാമജപ സമരമായാലും പിറവം പള്ളിയായാലും സ്ത്രീകൾ പലപ്പോഴും പുരുഷാധിപത്യ സമൂഹത്തിന്റെ എക്സിക്ക്യൂഷൻ ജോലികൾ മാത്രമാണ് ചെയ്‌തു പോരുന്നത്. എം എസ് എഫ് മാത്രമല്ല കേരളത്തിലെ ഒട്ടു മിക്ക രാഷ്ട്രീയ സംഘടനകളും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല.

എംഎസ്എഫിന്റെ മാതൃസംഘടനയായ മുസ്ലിം ലീഗിന്റെ വനിതാ സമ്മേളനത്തിന്റെ ഒരു ചിത്രം നവമാധ്യമങ്ങളിൽ വൈറൽ ആയത് ഓർക്കുന്നു. വേദിയിൽ ഇരിക്കുന്നവരിൽ ഒരു സ്ത്രീ പോലും ഇല്ല, ആശാന് ഒന്ന് പിഴക്കുമ്പോൾ ശിഷ്യന്മാർക്ക് അമ്പതോ അൻപത്തി ഒന്നോ പിഴക്കണമെന്നാണല്ലോ ന്യായം.

നവോത്ഥാനം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനത്തെ മുഖ്യധാരാ നവോത്ഥാനത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ലല്ലോ. ഇക്കൂട്ടത്തിൽ ഓർക്കേണ്ട ഒരു പേരാണ് ഹലീമ ബീവി. തിരുവിതാകൂറിലെ തിരുവല്ലയില്‍ 1938ല്‍ എം ഹലീമാബീവിയുടെ പത്രാധിപത്യത്തില്‍ മുസ്‌ലിം വനിതയെന്ന പ്രസിദ്ധീകരണമാരംഭിക്കുകയുണ്ടായി.

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു സാന്നിധ്യമാണ്‌ അത്‌. മുസ്‌ലിം വനിതയെന്ന മാസികയുടെ പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമാബീവി തന്നെയായിരുന്നു. ഭാരത ചന്ദ്രിക എന്ന ഒരു വാരിക അവര്‍ പ്രസിദ്ധീകരിക്കുകയും അതില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ സബ്‌ എഡിറ്ററായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അവരുടെ മറ്റൊരു പ്രസിദ്ധീകരണമാണ്‌ 1972ല്‍ പുറത്തിറങ്ങിയ ആധുനിക വനിത. അന്‍സാരി മാസികയില്‍ അവര്‍ പ്രസിദ്ധീകരിച്ച, ‘സ്‌ത്രീകളെ സമുദ്ധരിക്കാതെ സമുദായം പുരോഗമിക്കുകയില്ല’യെന്ന ലേഖനം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരകമായി.

ഹലീമാബീവിയുടെ അത്രയും പ്രശസ്‌തരല്ലെങ്കിലും മറ്റു ചില മുസ്‌ലിം സ്‌ത്രീകളും നവോത്ഥാന കാലഘട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്‌. തലശ്ശേരിയിലെ ആഇശബീവി, ആഇശ മായിന്‍ തുടങ്ങിയവര്‍ ഇക്കൂട്ടരില്‍ പെടുന്നു. മുസ്ലിം പെൺകുട്ടികളെയും സ്ത്രീകളെയും മാറ്റി നിർത്തി കൊണ്ട് പരിഹാസത്തിന്റെ സ്ഥിരം കഥാപാത്രങ്ങളായി കോർണറൈസ് ചെയ്യുമ്പോൾ ഇങ്ങനെ ചില ചരിത്രം കൂടിയുണ്ടെന്ന് ഓർക്കുന്നതും, ഓര്‍മിപ്പിക്കുന്നതും നല്ലതാണ്.

മലാല, നാദിയ മുറാദ്, നുജൂദ് അലി തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള പെൺ വിപ്ലവകാരികൾ ഇന്ത്യയിലും കേരളത്തിലും ഉണ്ടാകുന്ന കാലവും വിദൂരമല്ല.

നാസയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വീട്ടിന് പുറത്തിറങ്ങി, ആൺകുട്ടികളോട് മത്സരിച്ചു കഷ്ടപ്പെട്ട് പഠിച്ചിട്ടു തന്നെയാണ്, അല്ലാതെ സമത്വം വേണ്ട സുരക്ഷിതത്വം മതി എന്ന് പറഞ്ഞു വീട്ടില്‍ ഇരുന്നിട്ടല്ല. എംഎസ്എഫ് എന്ന സംഘടനയോ ഇവരുടെ രക്ഷിതാക്കളോ ഇത് ഈ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ യാതൊരു വഴിയുമില്ല. പക്ഷെ പുരുഷ നേതാക്കന്മാർ തളിക്കുന്ന ഹിമാലയൻ സ്ത്രീ വിരുദ്ധതയുടെ ടാറിട്ട റോഡിലൂടെ ഒരുപാട് ദൂരം ഈ പെൺകുട്ടികൾ നടന്നു നീങ്ങും എന്ന് ആരും കിനാവ് കാണണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം

എനിക്ക് പകരം മുസ്ലീമായ ആണ്‍കുട്ടിയാണ് ഡാന്‍സ് ചെയ്തതെങ്കില്‍ ഈ തെറിവിളി ഉണ്ടാകുമായിരുന്നോ? ജസ്ല സംസാരിക്കുന്നു

വര്‍ഗീയ ഹിന്ദു കുഴപ്പമില്ല, നേരിടേണ്ടത് സെക്കുലര്‍ വിമര്‍ശകരെ; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വിചിത്ര നയങ്ങള്‍

‘മദം’ പൊട്ടലുകളുടെ ‘കൂത്തിച്ചി’ വിളികളെ കുറിച്ച് ഒരു മലപ്പുറത്തുകാരി എഴുതുന്നു

തന്തമാര്‍ക്ക് ഹാലിളകുമ്പോള്‍

അവര്‍ക്ക് വേണ്ടത് സ്വയം ലെെംഗികവസ്തുവാകുന്ന പെണ്ണുടലാണ്; വ്യക്തിത്വം പ്രഖ്യാപിക്കുന്ന പെണ്ണിനെയല്ല

സരിത അനൂപ്‌

സരിത അനൂപ്‌

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍