UPDATES

ട്രെന്‍ഡിങ്ങ്

സമാധാനം പറഞ്ഞാല്‍ കലാപത്തിനു കോപ്പ് കൂട്ടുന്നവര്‍ കേള്‍ക്കുമോ, ഈ മണ്ഡലകാലം പരീക്ഷണകാലമായിരിക്കുമെന്ന് ഉറപ്പ്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തല്‍ക്കാലം പന്ത് കേരള സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് അയച്ചിരിക്കുകയാണ്‌

കെ എ ആന്റണി

കെ എ ആന്റണി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ച് വിധിക്കു സ്റ്റേ ഇല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയതോടെ ഇത്തവണത്തെ മണ്ഡല കാലം പ്രസ്തുത വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥമായ കേരള സര്‍ക്കാരിനും പോലീസിനും പരീക്ഷണ കാലമായിരിക്കുമെന്ന് ഉറപ്പ്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ സമാധാന കാംക്ഷികളായ അയ്യപ്പ ഭക്തര്‍ക്കും ഇക്കുറി മല ചവിട്ടല്‍ കഠിനമാകാനേ തരമുള്ളു.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള റിട്ട്/ റിവ്യൂ പെറ്റീഷനുകള്‍ മണ്ഡലകാല സീസണ്‍ കഴിഞ്ഞ് (ജനുവരി 22 ന് ) മാത്രമേ കോടതി പരിഗണിക്കുവെന്നതിനാലും ഭരണഘടന ബെഞ്ചിന്റെ വിധി അതുവരെ നിലനില്‍ക്കും എന്നതിനാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തല്‍ക്കാലം പന്ത് കേരള സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് അയച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ വിധി അതേപോലെ നിലനില്‍ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വ്യക്തമാകുന്നത് മല ചവിട്ടാന്‍ യുവതികളെത്തിയാല്‍ അവര്‍ക്കു പോലീസ് സംരക്ഷണം നല്‍കുമെന്ന മുന്‍ നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനില്കുന്നുവെന്നാണ്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മുഖ്യമന്ത്രി തന്ത്രി കുടുംബവുമായും പന്തളം രാജകുടുംബവുമായും പ്രത്യേക ചര്‍ച്ച നടത്തുന്നതിനൊപ്പം സര്‍വ കക്ഷി യോഗവും വിളിച്ചിട്ടുണ്ടെങ്കിലും മുന്‍ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അതേസമയം ശബരിമല വിഷയത്തില്‍ വിവാദം ക്ഷണിച്ചുവരുത്തി വെട്ടിലായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മാത്രമല്ല വിഎച്പി നേതാവ് ശശികലയും സ്വരം കടുപ്പിച്ചുതന്നെയാണ് ഉള്ളത്.

സമാധാനപരമായ നാമജപ സമരം എന്നൊക്കെയാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊക്കെ തുടക്കത്തില്‍ പറഞ്ഞിരുന്നതെങ്കിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ശബരിമലയില്‍ യുവതികളെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇന്നലെ വീണ്ടും പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും അക്രമ സമരത്തിന് കോപ്പുകൂട്ടുന്നുവെന്ന് തന്നെ വേണം കരുതാന്‍.

എന്‍ എസ് എസ്സും യുവതി പ്രവേശന കാര്യത്തില്‍ പിന്നോട്ട് പോകുന്ന ലക്ഷണമില്ല. ഇന്നലത്തെ കോടതി തീരുമാനത്തിന് ശേഷം സമാധനത്തിന്റെ ഭാഷ സംസാരിച്ചത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ്. ഹര്‍ജിയുമായി എത്തിയവര്‍ക്ക് സമാശ്വാസം നല്‍കുന്ന വിധിയായാണ് സുപ്രിം കോടതിയില്‍ നിന്നും ഉണ്ടായതെന്നും ആയതിനാല്‍ ഇപ്പോഴുള്ള കോലാഹലങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നുമാണ് വെള്ളാപ്പള്ളിയുടെ ഉപദേശം. ഈ ഉപദേശം പക്ഷെ എത്രപേര്‍ ചെവികൊള്ളുമെന്നു കണ്ടു തന്നെ അറിയണം.

‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ ശശികലയുടെ ഈ ചോദ്യത്തിലുണ്ട് സര്‍ക്കാരിനെ കാത്തുനില്‍ക്കുന്ന അഗ്നിപരീക്ഷയുടെ സൂചനകള്‍

ശബരിമല: യുവതീ പ്രവേശന വിധി നടപ്പാക്കരുതെന്ന ഹർജി സുപ്രീം കോടതി തള്ളി; ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍