UPDATES

കേരളം

പ്രതിപക്ഷം സുവര്‍ണ്ണാവസരം മുതലെടുക്കുമോ? അങ്ങനെയെങ്കില്‍ ചൈത്ര തെരേസ ജോണ്‍ നിയമസഭയിലും ‘എത്തും’!

എസ് പി ചൈത്ര തെരേസ ജോണിന്റെ സ്ഥാനമാറ്റം സംബന്ധിച്ച വിവാദം നിയമസഭയിലേക്കും. പ്രതിപക്ഷം ഈ വിഷയം പിണറായി സര്‍ക്കാരിനെതിരേ ആയുധാക്കുമെന്ന് ഉറപ്പായതോടെ എസ് പി നിയമസഭയിലും കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസില്‍ അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ ചൈത്രയ്ക്ക് സ്ഥാനമാറ്റം വന്നെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാക്കിയതോടെ വ്യാപക പ്രതിഷേധം സര്‍ക്കാരിനെതിരേ ഉരുത്തിരിഞ്ഞിരുന്നു. ഇതു മുതലെടുക്കാനായിരിക്കും പ്രതിപക്ഷം ഇന്ന് സഭയില്‍ ശ്രമിക്കുക. അതേസമയം ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

തിരുവനന്തപുരം വനിത സെല്‍ എസ് പിയായ ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല ഉണ്ടായിരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫീസ് റെയ്ഡ് നടത്തുന്നത്. ലീവില്‍ ആയിരുന്ന ആദിത്യ ഡിസിപി സ്ഥാനത്തേക്ക് തിരികെ എത്തിയതോടെ ചൈത്ര തനിക്ക് കിട്ടിയിരുന്ന അധിക ചുമതലയില്‍ നിന്നും ഒഴിഞ്ഞതിനെയാണ് സ്ഥാനമാറ്റം, നടപടി എന്നുമൊക്കെ വരുത്തി തീര്‍ക്കുന്നതെന്ന് സിപിഎം വിശദീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ഐപിഎസ് ഓഫിസര്‍ക്കെതിരേ പ്രതികാര നടപടിയെന്ന ആരോപണമാണ് ഇപ്പോഴും കത്തിനില്‍ക്കുന്നത്. പ്രമുഖ മാധ്യമങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും ഉണ്ടാക്കുന്നതും സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. ഒരു വനിത ഓഫിസര്‍ ആണ് ഈ വിവാദത്തിലെ കേന്ദ്ര കഥാപാത്രം എന്നതും പ്രതിപക്ഷത്തിന്റെ ആവേശം വര്‍ദ്ധിപ്പിക്കും. സ്ത്രീ മുന്നേറ്റവും നവോഥാനവും പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിത ലക്ഷ്യങ്ങളെന്നോണം സംസാരവിഷയമാക്കി നിലനിര്‍ത്തിയിരിക്കുന്നതിനിടയില്‍ തന്നെ തന്റെ ജോലി കൃത്യമായി ചെയ്തതിന്റെ പേരില്‍ ഒരു വനിത ഓഫിസര്‍ക്കെതിരേ പ്രതികാരം കാണിക്കുന്നത് സര്‍ക്കാരിന്റെ പൊള്ളത്തരം ആണ് വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. സഭയിലും ഇതേ ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമായിരിക്കും അവര്‍ ഉയര്‍ത്തുക. ചൈത്ര തെരേസ ജോണിനെ മാധ്യമങ്ങളും തുടര്‍ച്ചയായ ദിവസങ്ങളില്‍ തങ്ങളുടെ പ്രധാന വര്‍ത്തയാക്കി നിലനിര്‍ത്തിയിരിക്കുന്നതും പ്രതിപക്ഷത്തിനു ഗുണം ചെയ്യും. ജനങ്ങള്‍ക്കിടയില്‍ ഈ വിഷയം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നതിനാല്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകിട്ടുമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.

Read More: ‘ഇക്കണക്കിന് ചൈത്ര ഇനി നാട്ടുകാര്‍ക്ക് കൂടി വിശദീകരണം നല്‍കേണ്ടി വരുമല്ലോ’, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

റെയ്ഡില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തു വന്നതിനു പിന്നാലെയാണ് എസ് പിക്കെതിരേ നടപടി ഉണ്ടായതെന്നാണ് മാധ്യമങ്ങളും പ്രതിപക്ഷവും ഉയര്‍ത്തുന്ന ആക്ഷേപം. ജില്ല സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ചൈത്രയെ ഡിസിപിയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കിയതും അവര്‍ക്കെതിരേ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതെന്നുമൊക്കെ പ്രമുഖ പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളും ചൈത്രയെ പിന്തുണച്ച് സര്‍ക്കാരിനെതിരേ രംഗത്തു വരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെതരേ വിമര്‍ശനം ഉയര്‍ത്തി. സ്ത്രീ പീഢകരെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ പ്രകടമായ തെളിവാണിതെന്നും സമൂഹത്തിന് ഇതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷയെപ്പറ്റി വാചാലരാകുന്ന സര്‍ക്കാരാണ് വനിത പൊലീസ് ഉദ്യോഗസ്ഥയെ തന്റെ ഉത്തരവാദിത്തം നിറവേറ്റിയയെന്ന പേരില്‍ സാമാന്യ മര്യാദപോലും കാണിക്കാതെ സ്ഥലം മാറ്റിയതെന്നും ചെന്നിത്തല ആക്ഷേപം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. പിണറായി വിജയന്‍- ലോകനാഥ് ബഹ്‌റ ടീമിന്റെ പോലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണെന്നായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകര്‍ക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതല്‍ ഇവിടത്തെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ഓഫീസ റെയ്ഡ് ചെയ്തതിന്റെ പേരില്‍ മുഖ്യമന്ത്രി നേരിട്ട് എസ്പിയെ വിളിച്ച് താക്കീത് നല്‍കിയെന്നും ബല്‍റാം ആരോപിച്ചിരുന്നു. ചൈത്രയുടെ വിഷയത്തില്‍ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കാതിരിക്കുന്നതിനെയും പ്രതിപക്ഷ എംഎല്‍എ പരിഹസിച്ചിരുന്നു.

എന്നാല്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും ആകാംക്ഷയുണ്ട്. മാധ്യമ വാര്‍ത്തകളും പ്രതിപക്ഷാരോപണങ്ങളും നിജസ്ഥിതികള്‍ മറച്ചുവച്ചുകൊണ്ടുള്ളതാണെന്ന് പൊലീസ് കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നതിനാലാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാത്തിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് എസ് പി യെ വിളിച്ചെന്നും താക്കീത് നല്‍കിയെന്നും സ്ഥാനമാറ്റത്തിന് ഉത്തരവിട്ടെന്നുമൊക്കെ വാര്‍ത്തകളും ആരോപണങ്ങളും ഉള്ളതിനാല്‍ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതായി വരും. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ഡിസിപി ആദിത്യ തിരികെ ചുമതലേയേറ്റതോടെ ചൈത്ര ഡിസിപിയുടെ അധിക ചുമതല സ്വാഭാവികമായി ഒഴിയുകയായിരുന്നു. റെയ്ഡ് നടത്തിയപ്പോള്‍ ചൈത്രയ്ക്കായിരുന്നു ഡിസിപിയുടെ ചുമതല. അന്ന് പരിശോധന കഴിഞ്ഞയുടന്‍ തന്നെ അക്കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരെ അവര്‍ അറിയിച്ചതാണ്. കൂടാതെ അവരുടെ ടീമിലുണ്ടായിരുന്നവര്‍ക്കും മാത്രമേ സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ കാര്യം അറിയുമായിരുന്നുള്ളൂ. ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിശദീകരണം തേടിയെന്നും ഇതിനു പിന്നാലെ വാര്‍ത്തകള്‍ കണ്ടു. ഇതുവരെ അവരോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല. വകുപ്പ് തല അന്വേഷണമുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതും കണ്ടിരുന്നു. എന്റെ അറിവില്‍ ഇതുവരെ അത്തരമൊരു നടപടിയും ഉണ്ടായിട്ടില്ല. പിന്നെ, ഇത്രയധികം കോലാഹലം മാധ്യമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിനു പിന്നില്‍ എന്താണ് ഉണ്ടായിരിക്കുന്നത് എന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ തിരക്കാതിരിക്കില്ലല്ലോ. അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.എന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയും ഇതേ വിശദീകരണമായിരിക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും മറുപടിയായി നല്‍കുകയെന്നും കരുതുന്നു.

Read More: ഐആര്‍ടിഎസില്‍ നിന്ന് ഐപിഎസിലേക്ക്; ആരാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണ്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍