UPDATES

ബ്ലോഗ്

ചെന്നിത്തല ഉത്തരം പറയേണ്ടത് ചീറ്റിപ്പോയ സമരങ്ങള്‍ക്ക് മാത്രമല്ല; നഷ്ടപ്പെടുത്തിയ നിയമസഭാ മണിക്കൂറുകള്‍ക്ക് കൂടിയാണ്

പരാജയപ്പെട്ട സമരങ്ങള്‍ ആരാണ് ഏറ്റെടുക്കുക?

നിയമസഭാ സമ്മേളനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. നിയമസഭയ്ക്ക് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരം ഇനിയെങ്ങോട്ട് പോകുമെന്നാണ് ഇന്ന് രാവിലെ ഉയര്‍ന്ന ചോദ്യം. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. സഭയില്‍ ഒരു കലാശ അടി നടത്തി യുഡിഎഫ് പുറത്തു വന്നു. സഭയില്‍ കയ്യാങ്കളി നടത്തിയാണ് അവര്‍ ഇന്ന് ഇറങ്ങിപ്പോകുന്നതെന്ന് കൂടി ഓര്‍ക്കണം. വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നീ എംഎല്‍എമാര്‍ നടത്തി വരുന്ന സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്നാണ് സഭാസമ്മേളനത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകരാണെന്ന മര്യാദ പോലും പാലിക്കാതെയുള്ള ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്കെന്ന് അതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ചെന്നിത്തലയും മുസ്ലിംലീഗ് നേതാവ് എംകെ മുനീറും പറഞ്ഞു. എംഎല്‍എമാരുടെ സമരം കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷേ നേതാവ് പറയുന്നത്.  എംഎല്‍എമാരുടെ സമരം വിജയമാണെന്നാണ് ചെന്നിത്തല പറയുന്നത്. ആവശ്യങ്ങളെല്ലാം നേടിയെടുക്കാതെ അവസാനിപ്പിക്കുന്ന സമരം എങ്ങനെ വിജയമാകുമെന്ന് മാത്രം അദ്ദേഹത്തോട് ചോദിക്കരുത്.

യുഡിഎഫ് ശബരിമല വിഷയം സഭയില്‍ ഉന്നയിക്കുമെന്നും അത് ചര്‍ച്ചയാക്കുമെന്നും വന്നപ്പോഴാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം പ്രഖ്യാപിച്ചത്. അതിന് മുമ്പ് വരെ ശബരിമലയിലും സമീപപ്രദേശത്തും നിലനിന്നിരുന്ന സമരം അവര്‍ തിരുവനന്തപുരത്തെത്തിക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുന്ന ഭക്തരും അല്ലാത്തവരുമായ ജനങ്ങളെ അത് നല്ലരീതിയില്‍ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. സമരം കിടക്കുന്നത് ഫുട്പാത്തിലാണെങ്കിലും റോഡിന്റെ ഒരുവശം കയ്യേറിയാണ് ബിജെപിയുടെ സമരം. രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിച്ച ദിവസം തന്നെയാണ് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിലും സമരം ആരംഭിച്ചത്. സെക്രട്ടേറിയേറ്റ് നടയ്ക്കല്‍ തങ്ങള്‍ക്കിനി ഇടമില്ലെന്ന് മനസിലാക്കിയ യുഡിഎഫിന്റെ മണ്ടന്‍ തന്ത്രമെന്ന് അന്ന് തന്നെ വിലയിരുത്തലുണ്ടായിരുന്നു. ആളുകള്‍ ശ്രദ്ധിക്കുന്ന സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന സമരത്തിന് ലഭിച്ച ജനശ്രദ്ധ സാമാജികര്‍ ഒഴികെ ആരും ചെല്ലാത്ത നിയമസഭാ വളപ്പില്‍ നടത്തിയ സമരത്തിന് ലഭിച്ചതുമില്ല. അതേസമയം സഭയ്ക്കുള്ളില്‍ ഈ സമരം നടത്തിയ മറ്റ് എംഎല്‍എമാര്‍ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ നികുതി നല്‍കി നടത്തുന്ന സഭാസമ്മേളനങ്ങളും ബില്‍ അവതരണങ്ങളുമാണ് നഷ്ടപ്പെടുത്തിയത്.

പത്ത് ദിവസം നീണ്ട ഈ സമരം ഇവിടെ നിന്നും സെക്രട്ടേറിയറ്റിന് മുന്നിലേക്കോ ക്ലിഫ് ഹൗസിന് മുന്നിലേക്കോ മാറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതായാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ശബരിമല ആചാരം സംരക്ഷിക്കാനുള്ള സമരം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഒരു പ്രഖ്യാപനവും. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നുപോയിട്ടുള്ളവരെങ്കിലും അതിന് നല്‍കുന്ന പ്രതികരണം ‘ഞങ്ങള്‍ക്ക് വേറെ പണിയുണ്ട് മാഷേ.. അത് ശബരിമല ആചാര സംരക്ഷണ സമരമാണെങ്കിലും വനിതാ മതില്‍ ആണെങ്കിലും’ എന്നായിരിക്കും. വിജയിച്ച അല്ലങ്കില്‍ വിജയിക്കേണ്ടതാണെന്ന സമരങ്ങള്‍ ഒരു പക്ഷെ ജനങ്ങള്‍ ഏറ്റെടുത്തേക്കും. പക്ഷെ പരാജയപ്പെട്ട സമരങ്ങള്‍ ആരാണ് ഏറ്റെടുക്കുക? അവയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രമാണ്. സമരങ്ങളുടെ ചരിത്രം പേറുന്നവരാണ് നാം മലയാളികള്‍. പല കാലത്തും പലവിധത്തിലുമുണ്ടായിട്ടുള്ള സമരങ്ങളാണ് ഇന്നത്തെ നവോത്ഥാന കേരളത്തെ കെട്ടിപ്പെടുത്തത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെ പേരില്‍ അത് തകര്‍ക്കും വരെയും അതിന് മാറ്റമുണ്ടായിട്ടില്ല. ശബരിമലയ്ക്ക് വേണ്ടി എഎന്‍ രാധാകൃഷ്ണന്‍ നടത്തുന്ന സമരത്തിന്റെ അവസ്ഥ അതിനേക്കാള്‍ ദയനീയമായിരുന്നു. ഇനിയും സമരം തുടര്‍ന്നാല്‍ രാധാകൃഷ്ണന്‍ മരിച്ചുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. അതോടെ സമരം സി കെ പത്മനാഭന്‍ ഏറ്റെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ഈ സമരങ്ങളോട് കാണിക്കുന്ന അവഗണന തന്നെയാണ് ഈ സമരങ്ങള്‍ പരാജയപ്പെടുന്നതിന് പ്രധാന കാരണം. വേറെ വല്ലതും കിട്ടുമ്പോള്‍ എഴുന്നേറ്റ് പൊക്കോളും എന്നതാണ് പിണറായി ലൈന്‍. അതേസമയം ഇത്രമാത്രം അവഗണന ആവശ്യമുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരും. യുഡിഎഫ് നടത്തിയ മറ്റൊരു സമരത്തേക്കുറിച്ച് കൂടി ഇവിടെ സംസാരിക്കേണ്ടതുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പൊരിക്കല്‍ യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് അത് റിലേ നിരാഹാരമെന്ന് പരിഹസിക്കപ്പെട്ടു. അതായത് ഒരാള്‍ അവശനാകുമ്പോള്‍ മറ്റൊരാള്‍ നിരാഹാരം കിടക്കേണ്ട അവസ്ഥ. അന്ന് യുവ എംഎല്‍എ ഹൈബി ഈഡന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് രംഗത്ത് വന്നത്. നഷ്ടം കുടുംബത്തിന് മാത്രമായിരിക്കുമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.

പിണറായി എന്ന ‘ചെകുത്താന്‍’ മാനസാന്തരം വരുത്തിയ സുഗതന്‍; നവോത്ഥാനം വരുന്ന ഓരോ വഴികള്‍

യുഡിഎഫിന് വീണ്ടും പിഴച്ചോ? സമരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആക്കാമായിരുന്നു!

രാഹുല്‍ ഗാന്ധി തന്നെയാണ് നേതാവ്; ചെന്നിത്തലയ്ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍