UPDATES

ജിഷ വധക്കേസിലെ യഥാര്‍ത്ഥ പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

യഥാര്‍ത്ഥ പ്രതി കൊല്ലപ്പെട്ടതോടെ അമീറുളിന്റെ തലയില്‍ കുറ്റംകെട്ടിവച്ച് കസ്റ്റഡി മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിനൊപ്പം നിരപരാധിയെ പ്രതിയാക്കി കേസന്വേഷണം അട്ടിമറിക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ആരോപണം

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ യഥാര്‍ത്ഥ ഘാതകന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി ആളൂര്‍ രംഗത്ത്. കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ആളൂര്‍ വഴി നവംബര്‍ എട്ടിന് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലാണ് വെളിപ്പെടുത്തലുള്ളത്. ഈ മൊഴിയുടെ പകര്‍പ്പ് ഇ-വാര്‍ത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. യഥാര്‍ത്ഥ പ്രതി കൊല്ലപ്പെട്ടതോടെ അമീറുളിന്റെ തലയില്‍ കുറ്റംകെട്ടിവച്ച് കസ്റ്റഡി മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിനൊപ്പം നിരപരാധിയെ പ്രതിയാക്കി കേസന്വേഷണം അട്ടിമറിക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ആളൂരിന്റെ ആരോപണം.

ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് എസ്പി ഉണ്ണി രാജയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ അനാറുള്‍ ഇസ്ലാം എന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. 2016 ജൂണ്‍ 13ന് തന്നെ കാഞ്ചീപുരത്തു നിന്നും അറസ്റ്റ് ചെയ്ത ശേഷം ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്തുവെന്നും അപ്പോള്‍ കസ്റ്റഡിയിലുണ്ടായിരുന്ന അനാറുള്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരില്‍ ഒരാള്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടുവെന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. അനാറുള്‍ ഇസ്ലാമും ഹര്‍ദത്ത് ബറുവയും തന്റെ കൂട്ടുകാര്‍ ആയിരുന്നെന്നും ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയെന്ന് അറിവ് ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ നാടുവിട്ടതെന്നും അമീര്‍ തന്റെ മൊഴിയില്‍ പറയുന്നു.

‘എസ്.പി. ഉണ്ണിരാജയും, ഈ കേസിലെ 94-ാം സാക്ഷിയും ഏതോ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം എന്നില്‍ നിന്നും രക്ത-സലൈവ സാമ്പിളുകള്‍ ശേഖരിക്കുകയും അതിനുശേഷം ആലുവ പോലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും എനിക്കറിയാത്ത കാര്യങ്ങള്‍ ചില സാക്ഷികള്‍ പറഞ്ഞുവെന്ന കാരണത്താല്‍ എന്നെയും എന്റെ ചില കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തിട്ടുള്ളതും 11-ഉം, 13-ഉം സാക്ഷികളുടെ മുന്നില്‍ വെച്ചും മറ്റു ചില സുഹൃത്തുക്കളുടെ മുന്നില്‍ വെച്ചും, കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടയില്‍ അതിലൊരാള്‍ മരണപ്പെടുകയും അതുപോലെ എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി എല്ലാം ഞാന്‍ സമ്മതിച്ചു കൊള്ളാമെന്നു പറഞ്ഞിട്ടുള്ളതാണ്.” അമീറുള്‍ ഇസ്ലാം തന്റെ മൊഴിയില്‍പ്പറയുന്നു. ഇതില്‍പ്പറയുന്ന പതിനൊന്നാം സാക്ഷി പശ്ചിമബംഗാള്‍ സ്വദേശിയായ ഉജ്വല്‍ ആണെന്നും പതിമൂന്നാം സാക്ഷി അനന്ദ് ഷേക്ക് എന്നയാളാണെന്നും ഇ-വാര്‍ത്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഷവധക്കേസ്‌ : ഇനിയും നേരറിയാനുണ്ടോ ?

അസാമില്‍ ജോലിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ കാഞ്ചീപുരത്തുള്ള സുഹൃത്തുക്കളുടെ അടുത്തെത്തിയത്. അവിടെ നിന്നാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും അമിര്‍ മൊഴിയില്‍ വിശദീകരിക്കുന്നു. ജിഷയുടെ മരണസമയം കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് തെറ്റായിട്ടാണെന്ന കാര്യം അന്നുതന്നെ വിവാദമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അമിറുള്‍ ഇസ്ലാമിന്റെ മൊഴി അനുസരിച്ചും ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 27-ാം തിയതിയാണ്. അങ്ങനെയാണെങ്കില്‍ ജിഷയുടെ അമ്മ ഇക്കാര്യം ഒരുദിവസം മുഴുവന്‍ മറച്ചുവച്ചതെന്തിനാണെന്നത് ദുരൂഹമാണെന്നും ആളൂര്‍ ആരോപിക്കുന്നു. ഏപ്രില്‍ 28ന് വൈകുന്നേരം അഞ്ച് മണിക്കും 5.45നും ഇടയില്‍ ജിഷ കൊല്ലപ്പെട്ടെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ തെളിയിക്കുന്നത് കുറ്റപത്രത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നാണെന്ന് അന്ന് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന ഓപ്പണ്‍ മാസികയില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അനാറുള്‍ ഇസ്ലാമിന്റെ മൃതദേഹം പോലീസ് ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണു ആളൂരിന്റെ നിഗമനം. ഈ കാലയളവില്‍ ആലുവയ്ക്കടുത്ത് നിന്നും ഒരു അജ്ഞാത മൃതദേഹം കണ്ടെടുത്തതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ആളൂര്‍ അവകാശപ്പെടുന്നു. പ്രതിയായി പോലീസ് ഹാജരാക്കിയിരിക്കുന്ന അമീറൂള്‍ ഇസ്ലാമിന്റെയും അഡ്വക്കേറ്റ് ആളൂരിന്റെയും ആരോപണങ്ങള്‍ ശരിയാണെങ്കില്‍ സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കുന്ന വഴിത്തിരിവുകളായിരിക്കും ഈ കേസില്‍ ഇനിയുണ്ടാകുക.

ജിഷയെ മാത്രമല്ല, പാപ്പുവിനെയും കൊന്നത് നമ്മളാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍