UPDATES

ട്രെന്‍ഡിങ്ങ്

ദളിത് എന്റെ ജാതിയല്ല, ആര്യവംശത്തിനെതിരേ പോരാടാനുള്ള ശക്തിയാണ്; പരിഹസിച്ചവരോട് പാ രഞ്ജിത്

ബിജെപി അംഗമായ ചലച്ചിത്രപ്രവര്‍ത്തകന്‍ ശേഖറാണ് രഞ്ജിത്തിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്

തമിഴ്‌നാട്ടില്‍ നീറ്റ് പ്രക്ഷോഭത്തിനൊപ്പം ദളിത് ചര്‍ച്ചയും ചൂടുപിടിക്കുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അനിതയുടെ മരണം ഒരു ദളിത് പ്രശ്‌നം കൂടിയായി കാണണം എന്ന സംവിധായകന്‍ പാ. രഞ്ജിത്തിന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നത്.

ഇപ്പോഴത്തെ പ്രധാന വാര്‍ത്ത സംവിധായകനും ബിജെപി നേതാവുമായ എസ് വി ശേഖറിന്റെ ഒരു ട്വീറ്റാണ്. രഞ്ജിത്തിനെ പരോക്ഷമായി പരിഹസിച്ചാണ് ശേഖറിന്റെ ട്വീറ്റ്. നീറ്റ് പരീക്ഷയെ ബിജെപി അനുകൂലിക്കുന്നുമുണ്ട്.

രഞ്ജിത്തിന്റെ ദളിത് പരാമര്‍ശത്തെയാണ് ശേഖര്‍ പരിഹസിക്കുന്നത്. ശേഖര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞത്. തന്നെ തമിഴന്‍ എന്നു വിളിക്കാതെ ദളിതന്‍ എന്നു വിളിക്കാനാണ് രഞ്ജിത്ത് പറയുന്നത്. അങ്ങനെ പറയുന്നതില്‍ ഞാനദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു.

തമിഴന്‍ എന്ന ഐക്യത്തെയാണ് ദളിത് ചര്‍ച്ച ഉയര്‍ത്തി രഞ്ജിത്തിനെ പോലുള്ളവര്‍ നിരാകരിക്കുന്നതെന്ന വാദത്തെയാണ് ശേഖറിനെ പോലുള്ളവര്‍ പിന്തുണയ്ക്കുന്നത്.

നേരത്തെ ചെന്നൈയിലെ ഒരു വേദിയില്‍ സംഘടിപ്പിച്ച അനിത അനുുസ്മരണത്തില്‍ സംവിധായകന്‍ അമീര്‍ അനിതയുടെ മരണം ദളിത് പ്രശ്‌നമായി കാണേണ്ടതില്ലെന്നു പറഞ്ഞതിനെ അതേ വേദിയില്‍വച്ചു തന്നെ അതീവക്ഷോഭത്തോടെയാണ് രഞ്ജിത്ത് എതിര്‍ത്തത്. ഞങ്ങള്‍ ജീവിക്കുന്നത് ദളിതരായാണ്. ഇന്നും വേര്‍തിരിവുണ്ട്. എല്ലായിടത്തും ദളിതര്‍ക്ക് വേറെയിടമാണ്. ഞാനിന്നും ഒരു ചേരിയിലാണ് ജീവിക്കുന്നത്. ഈ വേര്‍തിരിവില്ലാത്ത ഒരു ഗ്രാമം എങ്കിലും നിങ്ങള്‍ക്ക് കാണിച്ചു തരാമോ? എന്നാണ് രഞ്ജിത്ത് ചോദിച്ചു. അനിതയുടെ മരണം ജാതിവിവേചനത്തിന്റെ കണ്ണിലൂടെ കാണേണ്ടതില്ലെന്നും പറഞ്ഞ അമീറിനോട് അതു സമ്മതിച്ചു കൊടുക്കാന്‍ രഞ്ജിത്ത് തയ്യാറായില്ല. ജാതി വിവേചനം നിലനില്‍ക്കുന്നു എന്ന് അംഗീകരിച്ചേ മതിയാവൂ, അങ്ങനെയല്ലാതെ എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? ഇനിയും എത്രനാള്‍ നിങ്ങള്‍ തമിഴന്‍ തമിഴന്‍ എന്നു പറഞ്ഞു നടക്കും? എന്നദ്ദേഹം തിരിച്ചടിച്ചു.

തന്റെ ദളിത് പരാമര്‍ശങ്ങളെ പരിഹസിക്കുന്നവരോട് രഞ്ജിത് പറയുന്നു; ദളിത് എന്നത് എന്റെ ജാതിയല്ല, ആര്യവംശത്തിനെതിരേ പോരാടുവാനുള്ള ശക്തിയാണ്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍