ശബരിമല വിഷയത്തില്‍ വിധി വന്നതിനെ തുടര്‍ന്ന് പലപ്പോഴും പത്മകുമാറിന്റെ നിലപാടുകളില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടായിരുന്നതായി അംഗങ്ങള്‍ ആരോപിക്കുന്നു
എ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തേക്കെന്ന് സൂചന. പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് എടുത്ത നിലപാടിനോട് വിയോജിച്ച് പത്മകുമാര്‍ പ്രതികരിച്ചത് ദേവസ്വം ബോര്‍ഡിനുള്ളില്‍ തന്നെ ആശയക്കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. ബോര്‍ഡ് അംഗങ്ങളില്‍ ഒരു വിഭാഗം പത്മകുമാറിനെതിരെ തിരിയുകയും ഭിന്നത രൂക്ഷമാവുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഇതോടെ പത്മകുമാറിനെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും ഒരു കൂട്ടര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. പത്മകുമാര്‍ സ്വീകരിച്ച നിലപാടുകള്‍ ബോര്‍ഡിനും സര്‍ക്കാരിനും പ്രതിസന്ധിയായിരിക്കുകാണ്. ഇത് കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റണമെന്നാണ് പൊതു അഭിപ്രായം. പാര്‍ട്ടിക്കുള്ളിലും ഈ അഭിപ്രായം ശക്തമായിരിക്കുകയാണ്. പകരം അഡ്വ. രാജഗോപാലന്‍ നായരെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജികളില്‍ കോടതി വാദം കേട്ടപ്പോള്‍ ബോര്‍ഡ് മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരുത്ത് വരുത്തിയിരുന്നില്ല എന്നും വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാട്ടി സാവകാശം തേടി ഹര്‍ജി നല്‍കാനായിരുന്നു ബോര്‍ഡ് തീരുമാനമെന്നുമാണ് പത്മകുമാര്‍ പ്രതികരിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ബോര്‍ഡ് മുന്‍ നിലപാട് മാറ്റിയില്ലെന്നും വിധി അംഗീകരിക്കുന്നു എന്നുമാത്രമാണ് പറഞ്ഞതെന്നും കമ്മീഷണര്‍ എന്‍ വാസു വ്യക്തമാക്കി. ഇതേച്ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കമ്മീഷണര്‍ക്കൊപ്പം ദേവസ്വംബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ നിലപാടെടുത്തതായാണ് ലഭിക്കുന്ന വിവരം. ഇതോടെയാണ് ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡ് അധ്യക്ഷന്‍ രാജഗോപാലന്‍ നായരെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിക്കാന്‍ ശക്തമായ നീക്കം ഒരു വിഭാഗം തുടങ്ങിയിട്ടുള്ളത്. ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും രാജഗോപാലന്‍ നായരും ഇന്നലെ കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. രാജഗോപാലന്‍ നായരും എന്‍ വാസുവും ബോര്‍ഡിലെ രണ്ട് അംഗങ്ങളുമാണ് സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് പത്മകുമാര്‍ അനുകൂലികളായവര്‍ പറയുന്നത്.
ശബരിമല വിഷയത്തില്‍ വിധി വന്നതിനെ തുടര്‍ന്ന് പലപ്പോഴും പത്മകുമാറിന്റെ നിലപാടുകളില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടായിരുന്നതായി മറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. വിധി വന്നയുടന്‍ തന്നെ കോടതിവിധി അംഗീകരിക്കുന്നു എന്നും സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ടല്ല ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ തന്റെ അറിവോടെയല്ല ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടിയേരിയെ നേരില്‍ കണ്ട് വിഷയങ്ങള്‍ അവതരിപ്പിച്ചെങ്കിലും പത്മകുമാറിന്റെ രാജി ഉടനുണ്ടാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേവസം വകുപ്പ് മന്ത്രി കടകംപള്ളിയും സമാന അഭിപ്രായമാണ് പങ്കുവച്ചത്. പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കില്ലെന്നും സാവകാശഹര്‍ജിക്ക് പ്രസക്തിയില്ലെന്നുമാണ് കടകംപള്ളി ഇന്ന് പറഞ്ഞത്. പ്രസിഡന്റും കമ്മീഷണറുമായി അഭിപ്രായ ഭിന്നതയില്ല. പാര്‍ട്ടി സെക്രട്ടറിയെ ഇരുവരും കണ്ടതില്‍ തെറ്റില്ല. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ കോടിയേരിയെ കാണുമെന്നും കടകംപള്ളി ഇന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എന്നാല്‍ മാസങ്ങളായി ദേവസ്വം ബോര്‍ഡില്‍ നിലനില്‍ക്കുന്ന ഭിന്നത ഇതോടെ രൂക്ഷമായിരിക്കുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്.